നരേന്ദ്ര മോദിയെ സുഖിപ്പിച്ച് രാഹുലിനെ ആക്രമിക്കുന്നു; രാജേഷിനെതിരെ സിദ്ദീഖ്

rajesh-siddique
എം.ബി. രാജേഷ്, രാഹുൽ ഗാന്ധി, ടി. സിദ്ദീഖ്
SHARE

തിരുവനന്തപുരം∙ കടല്‍ക്കൊല കേസില്‍ യുപിഎ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ എണ്ണിപ്പറഞ്ഞ് സിപിഎം നേതാവ് എം.ബി.രാജേഷിന് മറുപടിയുമായി കെപിസിസി വൈസ് പ്രസിഡന്റ് ടി.സിദ്ദീഖ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു വാക്ക് പറയാതെ രാഹുൽ ഗാന്ധിയെ ഉന്നമിട്ട എം.ബി.രാജേഷിന് ബിജെപിയുമായി പിൻവാതിൽ സഖ്യമാണെന്നും സമൂഹമാധ്യമ കുറിപ്പിൽ സിദ്ദീഖ് ആരോപിച്ചു.

സിദ്ദീഖിന്റെ കുറിപ്പിൽനിന്ന്:

എം.ബി.രാജേഷ്‌ കണ്ണടച്ചാൽ ലോകം ഇരുട്ടാവില്ല. ബിജെപിയുമായി രാജേഷിനു പിൻവാതിൽ സഖ്യമോ?

2012 ഫെബ്രുവരി 15ന് കൊല്ലം ജില്ലയിലെ നീണ്ടകരയിൽനിന്നും മീൻ പിടിക്കാൻ പോയ രണ്ട്‌  മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ മഹാസമുദ്രത്തിൽ വെടിയേറ്റു മരിക്കുന്നു. എൻറിക ലെക്സി എന്ന ഇറ്റാലിയൻ കപ്പലിൽനിന്നുമാണ് മലയാളിയായ മൂദാക്കര ഡെറിക് വില്ലയിൽ വാലന്റൈൻ, തമിഴ്‌നാട്‌ കന്യാകുമാരിയിലെ ഇരയിമ്മാൻതുറ കോവിൽ വിളാകത്ത് അജീഷ് പിങ്കു എന്നിവർ വെടിയേറ്റ്‌‌ മരിച്ചത്‌. 

ഡോൾഫിൻ ചേംബേഴ്‌സ് എന്ന ഇറ്റാലിയൻ കമ്പനിയാണ് കപ്പൽ ഉടമകൾ. കപ്പലിലെ സുരക്ഷാഭടന്മാരായ ലസ്‌തോറ മാസിമിലിയാനോ, സൽവാതോറോ ലിയോൺ എന്നിവരാണ് വെടിവച്ചത്. വാലന്റൈന്റെ നെറ്റിയിലും അജീഷിന്റെ നെഞ്ചിലുമാണ് വെടിയേറ്റത്. കടൽക്കൊള്ളക്കാർ എന്ന് കരുതിയാണു അവർ വെടിയുതിർത്തത്‌ എന്നാണു അന്വേഷണ റിപ്പോർട്ട്‌.

അന്ന് ഉമ്മൻ ചാണ്ടിയായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി. മൻമോഹൻ സിങ്ങായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി. എ.കെ.ആന്റണിയായിരുന്നു പ്രതിരോധ മന്ത്രി. വെടിവച്ച ശേഷം ഇറ്റാലിയൻ കപ്പൽ മനുഷ്യന്റെ ജീവനു ഒരുവിലയും കൽപ്പിക്കാതെ മുന്നോട്ട്‌ പോകുന്നു.‌ സംഭവം അറിഞ്ഞ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അതിവേഗത്തിൽ ഇടപെടൽ നടത്തുന്നു. അടിയന്തരമായി പ്രധാനമന്ത്രിയേയും പ്രതിരോധമന്ത്രിയേയും അറിയിക്കുന്നു, ഇടപെടൽ ആവശ്യപ്പെടുന്നു.

ചരിത്രത്തിൽ അതുവരെ നടക്കാത്ത സംഭവങ്ങളാണു പിന്നീട്‌ നടന്നത്‌. രക്ഷപ്പെട്ട്‌ പോകുകയായിരുന്ന ഇറ്റാലിയൻ കപ്പലിനെ ഇന്ത്യൻ സൈന്യം നടുക്കടലിൽ വളയുന്നു. ഇറ്റലിയുടേയും യൂറോപ്പിന്റേയും ലോകത്തിന്റേയും തന്നെ അപേക്ഷകളേയും ഭീഷണികളേയും രണ്ട്‌ മനുഷ്യ ജീവനുകൾക്ക്‌ വേണ്ടി ഇന്ത്യ നിരസിക്കുന്നു. കപ്പലും വെടിവച്ച ഇറ്റാലിയൻ സൈനികരും കസ്റ്റഡിയിൽ എടുക്കപ്പെടുകയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക്‌ കീഴിൽ വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്നു.

ഇന്ത്യൻ നിയമവ്യവസ്ഥയ്ക്കു മുമ്പാകെ ഇറ്റാലിയൻ നാവികരെയും തങ്ങളുടെ ആയുധങ്ങളും കൊണ്ടുവരില്ലെന്നായിരുന്നു ഇറ്റലിയുടെ ആദ്യത്തെ നിലപാട്. അത്‌ അവരെ കൊണ്ടുതന്നെ തിരുത്തിച്ചു. നിരന്തരം ഇറ്റലി രാജ്യാന്തര തലത്തിൽ സമ്മർദം നടത്തിയെങ്കിലും ഇന്ത്യ വഴങ്ങിയില്ല. രണ്ട്‌ സുരക്ഷാ ഭടന്മാരെയും ജയിലിലടച്ചു.

വെടിയേറ്റു വീണ ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനു ഉയർന്ന നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞു. കേരളത്തിലേയും കേന്ദ്രത്തിലേയും കോൺഗ്രസ്‌ സർക്കാരുകൾ മത്സ്യത്തൊഴിലാളികൾക്ക്‌ വേണ്ടി നടത്തിയ ധീരമായ പോരാട്ടം രാജ്യാന്തര മാധ്യമങ്ങളിൽപോലും വലിയ ചർച്ചയായത്‌ നാം കണ്ടു. ഇന്ത്യയും ഇറ്റലിയും തമ്മിലെ നയതന്ത്ര ബന്ധം വഷളായപ്പോഴും ഒരു ഒത്തുതീർപ്പിനും അന്നത്തെ കോൺഗ്രസ്‌ സർക്കാരുകൾ വഴങ്ങിയില്ല.

ക്രിസ്മസിനു നാട്ടിൽ പോകാൻ പ്രതികള്‍ക്ക്‌ സുപ്രീം കോടതി അനുമതി നൽകുകയും എന്നാൽ അവർ തിരിച്ച്‌ വരാതിരിക്കുകയും ചെയ്തതോടെ ഉമ്മൻ ചാണ്ടി കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദം  ചെലുത്തി. സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും കര്‍ശന നിലപാടുകളിലേക്ക് നീങ്ങി. ഇറ്റാലിയന്‍ അംബാസഡര്‍ രാജ്യം വിടരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും കർശന നിലപാട്‌ എടുത്തു. ഒടുവിൽ സൈനികർ തിരിച്ചു വന്നു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയതോടെയാണു കേസിന്റെ ഗൗരവം ചോർന്ന് തുടങ്ങിയത്‌. ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഏറ്റവും വലിയ അടുപ്പക്കാരനായ സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയായിരുന്നു പ്രതികള്‍ക്കും ഇറ്റാലിയന്‍ സര്‍ക്കാരിനും വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത് എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഈ കേസിലെ നടപടികളെ സംശയാസ്പദമാക്കുന്നു.

2014 ഡിസംബറില്‍ നാവികര്‍ ഇറ്റലിയില്‍ പോകാന്‍ അനുമതി ചോദിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി ബോധിപ്പിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തില്ല. അതോടുകൂടി പ്രതികള്‍ ഇറ്റലിയിലേക്കു പോയി. പിന്നെ തിരിച്ചു വന്നില്ല. കേസിലെ പ്രതികളെ ഇന്ത്യൻ കോടതിയിൽ വിചാരണ ചെയ്യാൻ പറ്റില്ലെന്ന വിധി രാജ്യാന്തര ട്രിബ്യൂണലിൽനിന്ന് ഉണ്ടായത് ഞെട്ടിക്കുന്നതാണ്. ഈ കേസിൽ നമ്മുടെ പൗരന്മാർക്ക് സാധ്യമായ നീതി ലഭ്യമാക്കാൻ പ്രധാനമന്ത്രി മോദി വേണ്ട രീതിയിൽ ഇടപെട്ടില്ല.

ഈ കേസിൽ നമ്മുടെ പൗരന്മാർക്ക് സാധ്യമായ നീതി ലഭ്യമാക്കാൻ ഇടപെടണം എന്ന് ആവശ്യപ്പെട്ട്‌ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്കും കത്തെഴുതിയിട്ടുണ്ട്‌. രാജ്യാന്തര നിയമങ്ങളിലെ സാങ്കേതികത്വം എന്തുതന്നെയായാലും ട്രിബ്യൂണൽ വിധി മരണപ്പെട്ടവരുടെ കുടുംബങ്ങളുടെയും കേരളത്തിലെ ജനങ്ങളുടെയും ദുഃഖം വർധിപ്പിച്ചിരിക്കുന്നു.

സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലമനുസരിച്ച് ട്രിബ്യൂണൽ വിധിക്കെതിരെ അപ്പീൽ പോകാൻ കഴിയില്ല. ഇതാണ് സ്ഥിതിയെങ്കിൽ, കുറ്റവാളികൾ ഇറ്റലിയിലെ കോടതിയിൽ നീതിപൂർവകമായി വിചാരണ ചെയ്യപ്പെടുമെന്ന് ഉറപ്പാക്കാൻ രാജ്യാന്തര തലത്തിൽ ഇന്ത്യാഗവൺമെന്റ് സമ്മർദമുയർത്തണം. എന്നാൽ മോദിയും ബിജെപിയും അതിനു തയാറല്ല.

എന്നാൽ സിപിഎം മുൻ എംപി എംബി രാജേഷ്‌ ഇന്നലെ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കുറ്റപ്പെടുത്തി നരേന്ദ്ര മോദിയേയും ബിജെപിയേയും സുഖിപ്പിക്കുന്നത്‌ കാണാൻ കഴിഞ്ഞു. മോദിയെ വിമർശിക്കുന്നതിനു പകരം രാഹുൽ ഗാന്ധിയെ വിമർശിക്കുന്ന രാജേഷും സിപിഎമ്മും അറബിക്കടൽ അമേരിക്കയ്ക്ക്‌ വിറ്റ്‌ മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചത്‌ പോലെ കടൽക്കൊല കേസിലും വഞ്ചിക്കുകയാണ്.

കോൺഗ്രസും യുഡിഎഫും രാഹുൽ ഗാന്ധിയും മത്സ്യത്തൊഴിലാളികൾക്ക്‌ വേണ്ടി നിലയുറപ്പിച്ചപ്പോൾ രാജേഷിനും സിപിഎമ്മിനും നൊന്തു. അപ്പോഴാണു പച്ചക്കള്ളവുമായി രാജേഷ്‌ അവതരിച്ചിരിക്കുന്നത്‌. രാജേഷ്‌ ഈ വിഷയത്തിൽ സത്യം തുറന്നുപറഞ്ഞ്‌ പരസ്യമായി മാപ്പ്‌ പറയണം. അല്ലെങ്കിൽ ബിജെപിയുമായി സിപിഎം പിൻവാതിൽ സഖ്യത്തിലാണെന്ന് തുറന്ന് സമ്മതിക്കണം.

Content Highlights: T. Siddique slams M.B. Rajesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA