ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്. തിരഞ്ഞെടുപ്പിനു സജ്ജമാണെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. ഏപ്രിൽ ആദ്യവാരം തിരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം ഉണ്ടാകുന്നതോടെ പെരുമാറ്റച്ചട്ടം നിലവിൽവരും. കോവിഡിന്റെ സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയായിരിക്കും തിരഞ്ഞെടുപ്പ്.

ഭരണമുള്ള ഏക സംസ്ഥാനത്തിൽ തുടർഭരണം ലഭിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. ദേശീയ തലത്തിൽ തിരിച്ചടി നേരിടുന്ന ഘട്ടത്തിൽ കേരളത്തിൽ അധികാരത്തിലെത്തി പാർട്ടിക്കു ദേശീയതലത്തിൽ ഉണർവുണ്ടാക്കാനാണ് കോൺഗ്രസിന്റെ ശ്രമം. കേരളം ബാലികേറാ മലയെന്ന അവസ്ഥ തിരുത്തി നേട്ടമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ എൽഡിഎഫിൽ പുരോഗമിക്കുകയാണ്. എൽഡിഎഫിന്റെ വികസന മുന്നേറ്റ യാത്രകൾ ഇന്നു സമാപിക്കുന്നതോടെ ഈ മാസം അവസാനത്തോടെ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് മുന്നണി ലക്ഷ്യമിടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ എൽഡിഎഫിന് പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരവും ആഴക്കടൽ മത്സ്യബന്ധനത്തിനായി ഇഎംസിസിയുമായി ഏർപ്പെട്ട കരാറും തിരിച്ചടിയായി. വിവാദങ്ങളെ മറികടക്കാനുള്ള ശ്രമത്തിലാണ് മുന്നണി. കരാറിനെ സംബന്ധിച്ച കാര്യങ്ങൾ മത്സ്യത്തൊഴിലാളികളോടു വിശദീകരിച്ചും വികസന നേട്ടങ്ങൾ ജനങ്ങളോടു സംവദിച്ചും പ്രചാരണ രംഗത്ത് ആധിപത്യം ഉറപ്പിക്കാനാണ് മുന്നണി ശ്രമം.

തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം മറന്ന യുഡിഎഫ് ആത്മവിശ്വാസം തിരിച്ചുപിടിച്ചു കഴിഞ്ഞു. രാഹുൽ ഗാന്ധിയുടെ വരവും മുന്നണിക്ക് ഊർജം പകരുന്നു. പിൻവാതിൽ നിയമനവും ഉദ്യോഗാർഥികളുടെ സമരവും പ്രതിപക്ഷം ആയുധമാക്കിയതിനു പിന്നാലെ, ആഴക്കടൽ മത്സ്യബന്ധന വിവാദവും ജനങ്ങളിലെത്തിക്കാനായി. തീരദേശമേഖലയിലെ നാൽപതോളം മണ്ഡലങ്ങളിൽ വിവാദം ചർച്ചയാകുമെന്നു യുഡിഎഫ് കരുതുന്നു. തീരദേശ മേഖലയിൽ വിശദീകരണ ജാഥകൾക്കും മുന്നണി തയാറെടുക്കുന്നു. തിരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും മുന്നണി സജ്ജമാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

നേമത്തെ ഒരു സീറ്റ് വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി രംഗത്തിറങ്ങുന്നത്. സീറ്റുകൾ വർധിപ്പിക്കുമെന്നും തിരഞ്ഞെടുപ്പിന് പാർട്ടി സജ്ജമാണെന്നും ബിജെപി നേതൃത്വവും പറയുന്നു.

English Summary: Assembly Elections dates to be announced, Kerala ready for the battle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com