ADVERTISEMENT

ന്യൂഡൽഹി ∙ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാട് കേസിൽ ജുഡീഷ്യൽ റിമാൻഡിൽ തിഹാർ ജയിലിൽ കഴിയുന്ന ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ ഉടനെ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സമിതി. വ്യവസ്ഥകൾ പാലിക്കാതെയുള്ള തടവിലാക്കൽ സംബന്ധിച്ച വർക്കിങ് ഗ്രൂപ്പാണ് (യുഎൻ – ഡബ്ലൂജിഎഡി) ബ്രിട്ടിഷ് പൗരനായ മിഷേലിന്റെയും ഇന്ത്യയുടെയും വാദങ്ങൾ പരിഗണിച്ചശേഷം നിലപാടു വ്യക്തമാക്കിയത്. 

ഇന്ത്യ ഒപ്പുവച്ചിട്ടുള്ള സിവിൽ, രാഷ്ട്രീയ അവകാശങ്ങൾ സംബന്ധിച്ച രാജ്യാന്തര ഉടമ്പടിയുടെ ലംഘനമുണ്ടായെന്നാണ് സമിതിയുടെ നിലപാട്. ദുബായിൽ താമസിച്ചിരുന്ന മിഷേലിനെ പിടികൂടി ഇന്ത്യയ്ക്കു കൈമാറിയതിൽ യുഎഇയുടെ ഭാഗത്തും നടപടിപ്പിഴവുണ്ടായെന്നാണ് വിലയിരുത്തൽ. 

2018 ഡിസംബർ 4നാണ് മിഷേലിനെ ദുബായിൽ അറസ്റ്റ് ചെയ്തശേഷം ഇന്ത്യയിലേക്കു കൊണ്ടുവന്നത്. ആദ്യം സിബിഐയുടെയും എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) കസ്റ്റഡിയിലായിരുന്ന മിഷേൽ പിന്നീട് ജുഡീഷ്യൽ റിമാൻഡിൽ തിഹാർ ജയിലായി. തുടർന്ന് മിഷേലിന്റെ അഭിഭാഷകൻ ആൽജോ കെ.ജോസഫും ഫ്രഞ്ച് മനുഷ്യാവകാശ അംബാസഡറായിരുന്ന ഫ്രാൻസിസ്കോ സിമ്റെ എന്നിവരാണ് യുഎൻ സമിതിയെ സമീപിച്ചത്. ഇതിനിടെ മിഷേലിന് സുപ്രീംകോടതി ഇടക്കാല ജാമ്യം നിഷേധിച്ചു. 

മിഷേലിനെ കസ്റ്റഡിയിലെടുത്തതിലും തുടർനടപടികളിലും രാജ്യാന്തര മനുഷ്യാവകാശ വ്യവസ്ഥകളുടെ ലംഘനമുണ്ടായെന്നാണ് സമിതിയുടെ വിലയിരുത്തൽ. ഈ നടപടി മൂലമാണ് മിഷേൽ ഇന്ത്യയിൽ തടവിൽ കഴിയുന്നത് എന്നതിനാൽ മോചനം സാധ്യമാക്കേണ്ടത് യുഎഇയുടെ ഉത്തരവാദിത്തമാണെന്ന് സമിതി പറയുന്നു.

എന്നാൽ, സമയപരിധി കഴിഞ്ഞാണ് മിഷേലിന്റെ ഭാഗത്തുനിന്ന് ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്ക് യുഎഇ മറുപടി നൽകിയത്. അതിനാൽ യുഎഇയുടെ മറുപടി പരിഗണിക്കാൻ സമിതി തയാറായില്ല. 

എല്ലാ വ്യവസ്ഥകളും പാലിച്ചാണ് മിഷേലിനെതിരെയുള്ള നടപടികളെന്നാണ് സമിതി മുൻപാകെ ഇന്ത്യ വാദിച്ചത്. എന്നാൽ, ഇന്ത്യയിൽ ന്യായമായ സമയത്തിനുള്ളിൽ വിചാരണയ്ക്കു വിധേയനാകാൻ മിഷേലിനുള്ള അവകാശം ലംഘിക്കപ്പെട്ടെന്നാണ് സമിതിയുടെ വിലയിരുത്തൽ. വിദേശത്തെ അഭിഭാഷകരുമായി ബന്ധപ്പെടുന്നതുൾപ്പെടെ  നിയമസഹായത്തിന് ഇന്ത്യ അവസരം ലഭ്യമാക്കിയില്ല. നിർബന്ധിതമായി മൊഴി നൽകേണ്ടി വരുന്ന തരം സാഹചര്യത്തിലാണ് മിഷേലിനെ പാർപ്പിച്ചിട്ടുള്ളത്. 

മിഷേൽ പീഡിപ്പിക്കപ്പെട്ടു, ആരോഗ്യ പരിരക്ഷ ഉറപ്പാക്കപ്പെട്ടില്ല തുടങ്ങിയ ആരോപണങ്ങൾ യുഎൻ മനുഷ്യാവകാശ പ്രതിനിധികൾ അന്വേഷിക്കണമെന്നാണ് സമിതിയുടെ നിലപാട്. ഇന്ത്യയിലും യുഎഇയിലും ഉണ്ടായ അവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഇരുരാജ്യങ്ങളും നടപടിയെടുക്കണമെന്നും സമിതി വ്യക്തമാക്കി. 

English Summary: VVIP chopper case: India must free UK man Christian Michel, says UN panel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com