ADVERTISEMENT

സർക്കാരുകളെ ദുർബലമാക്കി വീഴ്ത്തുന്ന പതിവ് ഇത് ആദ്യമല്ല. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയത് മുതൽ രാജ്യത്തിന്റെ പല ഭാ​ഗങ്ങളിലായി വീണത് 6 സർക്കാരുകളാണ്. ആ കണ്ണിയിലേക്ക് അവസാനമായി കൂട്ടിച്ചേർക്കുന്ന പേരാണ് പുതുച്ചേരിയുടേത്. ജനാധിപത്യത്തിന്റെ മൊത്തകച്ചവടമായിരുന്നു ഒാപ്പറേഷൻ പുതുച്ചേരി എന്നാണ് ആരോപണം. ഒറ്റ എംഎൽഎ പോലും ഇല്ലാതെ സർക്കാരിനെ വീഴ്ത്തി. എന്നാൽ ഈ വിലയ്ക്കെടുക്കൽ തന്ത്രത്തിൽ വേറിട്ടുനിന്ന മുഖമായിരുന്നു മാഹി ഇടതു എംഎൽഎ ഡോ.വി. രാമചന്ദ്രൻ. വി.ഇ.നാരായണ സ്വാമി സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷം തന്നെയും സമീപിച്ചിരുന്നുവെന്ന് മനോരമ ന്യൂസ് ഡോഡ്കോമിനോട് അദ്ദേഹം വെളിപ്പെടുത്തി.

എന്തായിരുന്നു ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷം മുന്നോട്ടുവച്ച ഓഫർ?

കഴിഞ്ഞ രണ്ടുവർഷമായി ഇത്തരത്തിലുള്ള ചരടുവലികൾ ഉൗർജിതമായിരുന്നു. ദുർബലമായിരുന്ന പ്രതിപക്ഷത്തിന് പുത്തൻ ഉണർവായിരുന്നു ബിജെപിയുടെ വരവ്. കൂറുമാറുകയാണെങ്കിൽ വ്യക്തിപരമായി ഒരുപാട് നേട്ടങ്ങൾ ഉണ്ടാകും, മാഹിയുടെ വികസനത്തിൽ നല്ലൊരു ഫണ്ട് തരാമെന്നും എനിക്ക് വാ​ഗ്ദാനം ഉണ്ടായിരുന്നു. എന്നാൽ ബിജെപി നേതാക്കൾ നേരിട്ടായിരുന്നില്ല പലപ്പോഴും സമീപിച്ചിരുന്നത്. എൻആർ കോൺഗ്രസ്, അണ്ണാ ഡിഎംകെ പ്രതിനിധികൾ ഉൾപ്പെടെയാണ് പലപ്പോഴായി കാണാൻ വന്നത്.

ബിജെപി നേരിട്ട് ബന്ധപ്പെട്ടില്ല എന്നുപറയുമ്പോഴും കേന്ദ്രത്തിന്റെ അടക്കം പിന്തുണ ഈ നീക്കങ്ങൾക്ക് ഇല്ലേ?

തീർച്ചയായും, സ്വന്തമായി എംഎൽഎമാർ ഇല്ലാതെ, നോമിനേറ്റഡ് എംഎൽഎമാർ മാത്രം വിചാരിച്ചാൽ ഇത്തരത്തിലുള്ള അട്ടിമറി സാധ്യമല്ല. ബിജെപിക്ക് യാതൊരുവിധ ശക്തിയും ഇല്ലാത്ത ഇടമാണ് പുതുച്ചേരി. എന്നാൽ, അവരുടെ കൈയിൽ അധികാരവും പണവും ഉള്ളത് നേട്ടമായിരുന്നു. ഭരണപക്ഷത്തെ അസ്വസ്ഥരായവരെ വേണ്ടവിധം ആകർഷിക്കാൻ ബിജെപിയുടെ നോമിനേറ്റഡ് എംഎൽഎയുടെ വരവ് കാരണമായി. 1963ൽ ഇന്ത്യൻ യൂണിയനോട് ചേർന്നതു മുതൽ പുതുച്ചേരിയുടെ രാഷ്ട്രീയ ചായ്‌‌വ് കോൺ​ഗ്രസിനോടാണ്. 2016 നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രമാണു ബിജെപിക്കു പുതുച്ചേരിയിൽ ചെറിയൊരു പ്രതീക്ഷയെങ്കിലും ഉണ്ടായത്.

ഏജൻസികളെ ഉപയോ​ഗിച്ച് വേട്ടയാടലുകൾ നടന്നിരുന്നോ?

ഒരു സ്വതന്ത്ര എംഎൽഎ എന്ന നിലയ്ക്ക് അത്തരത്തിലുള്ള കാര്യങ്ങളിൽ എന്റെ അറിവ് പരിമിതമാണ്. ഒന്നര വർഷം മുമ്പ് കോൺ​ഗ്രസിൽനിന്ന് പുറത്താക്കിയ എംഎൽഎ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിൽ അടക്കം അന്വേഷണം വന്നേക്കാമെന്ന് എംഎൽഎമാർ ഭയപ്പെട്ടിരിക്കാം. ഇനിയും കോൺഗ്രസിൽ കൊഴിഞ്ഞുപോക്കുണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം. ഭീഷണികളും പണത്തിന്റെ കുത്തൊഴുക്കും ഇല്ലാതെ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തർ പോലും ഇങ്ങനെ പോകുമെന്ന് കരുതാൻ വയ്യ. നമശിവായം, ലക്ഷ്മി നാരായണൻ തുടങ്ങിയവർ സർക്കാരിന് അത്ര വേണ്ടപ്പെട്ടവർ ആയിരുന്നു.

അട്ടിമറി നീക്കത്തെ എന്തുകൊണ്ട് കോൺ​ഗ്രസിന് പ്രതിരോധിക്കാൻ സാധിച്ചില്ല?

കോൺ​ഗ്രസിനുള്ളിലെ പടലപ്പിണക്കം തന്നെയാണ് സർക്കാരിന്റെ വീഴ്ചയ്ക്ക് വഴിയൊരുക്കിയത്. ഇത് പ്രതീക്ഷിച്ചതുമാണ്. സർക്കാരിനെ പിന്തുണയ്ക്കുന്ന ഞാനുൾപ്പെടെയുള്ള എംഎൽഎമാർ അസ്വസ്‌ഥരായിരുന്നു. കോൺ​ഗ്രസിനുള്ളിലും അമർഷം പുകഞ്ഞിരുന്നു. കാരണം പുതുച്ചേരിക്ക് വേണ്ട വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെ നടക്കുന്നുണ്ടായിരുന്നില്ല. കൂടാതെ ലഫ്.​ഗവർണർ കിരൺ ബേദിയുമായുള്ള നിരന്തര യുദ്ധങ്ങളും സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. മന്ത്രിസഭയിലെ മറ്റു അം​ഗങ്ങളെല്ലാം ​ഗവർണറെ കാണുമ്പോഴും മുഖ്യമന്ത്രി വി. നാരായണ സ്വാമി നിരന്തരം പോര് തുടർന്നത് സർക്കാരിന് ക്ഷീണമായി. മുഖ്യമന്ത്രി സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന എ. നമശിവായത്തെ മറികടന്നാണ് നാരായണ സ്വാമി മുഖ്യമന്ത്രിയാകുന്നത്. എന്നാൽ പിന്നീട് നടന്ന തർക്കങ്ങളിൽ നമശിവായത്തെ അനുനയിപ്പിക്കാൻ പോലും അദ്ദേഹം തുനിയാത്തത് തിരിച്ചടിയായി.

സർക്കാർ രൂപീകരണ സമയത്ത് കോൺ​ഗ്രസ് പിന്തുണ തേടിയിരുന്നില്ലേ?

2016ൽ ഞാൻ എംഎൽഎ ആയി പോണ്ടിച്ചേരിയിൽ പോയ ആദ്യം ദിവസം തന്നെ കോൺഗ്രസ് പിന്തുണ ആവശ്യപ്പെട്ടിരുന്നു. പ്രമുഖ കോൺ​ഗ്രസ് നേതാവ് ലക്ഷ്മീനാരായണൻ ​ഗസ്റ്റ് ഹൗസിൽ വന്നുകാണുകയും പിന്തുണ തേടുകയും ചെയ്തിരുന്നു. അവർക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്നാൽ അതിൽ ഡിഎംകെയുടെ രണ്ട് എംഎൽഎമാർ കൂടുതൽ അവകാശവാദം ഉന്നയിച്ച ഘട്ടത്തിലാണ് അവർ എന്റെ സഹായം തേടിയത്. മന്ത്രിസഭയ്ക്ക് എന്റെ വാക്കാലുള്ള പിന്തുണ വാ​ഗ്ദാനം ചെയ്തിരുന്നു. പിന്തുണ എഴുതി നൽകണമെന്ന് പറഞ്ഞപ്പോൾ ഞാൻ നിരസിച്ചു.

ലഫ്.​ഗവർണർമാർ ബിജെപിയുടെ തുറുപ്പ് ചീട്ടാണ് എന്നാണോ ആരോപണം?

2016ൽ കിരൺ ബേദിയുടെ നിയമനത്തോടെയാണ് പുതുച്ചേരിയിലെ ബിജെപി താൽപര്യം തെളിയുന്നത്. മുഖ്യമന്ത്രിയുടെ പിടിവാശിയും ​ഗവർണറുടെ നയങ്ങളും സർക്കാരിനെ തളർത്തി. 5 വർഷം അടുപ്പിച്ച് കിരൺ ബേദി ​ഗവർണറായി ഇരുന്നു എന്നുള്ളതും ബിജെപിക്ക് നേട്ടമായി. ഇപ്പോൾ അതിലും പാർട്ടിക്കൂറുള്ള ആൾ രാജ്ഭവനിൽ വരുന്നതോടു കൂടി ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാകും. ഉത്തരേന്ത്യക്കാരിയായ കിരൺ ബേദിയെക്കാൾ അവിടുത്തെ ജനങ്ങളുടെ ഭാഷ സംസാരിക്കുന്ന ബിജെപി തമിഴ്നാട് ഘടകം മുൻ അധ്യക്ഷ തമിഴസൈയ്ക്ക് സ്വാധീനമേറും എന്ന് ഉറപ്പാണ്.

ഈ രാഷ്ട്രീയ സാഹചര്യത്തിൽ താങ്കൾ പ്രതിനിധീകരിക്കുന്ന ഇടതുപക്ഷത്തിന്റെ പങ്കെന്ത്?

ഇടതുപക്ഷം എന്ന എന്റെ രാഷ്ട്രീയ ആദർശത്തിലാണ് ഇത്തരത്തിലുള്ള പ്രലോഭനങ്ങളിൽ ഒന്നും വീഴാതിരുന്നത്. ഞാനൊരു സ്വതന്ത്ര എംഎൽഎ ആയതുകൊണ്ട് എനിക്ക് രാജിവെയ്ക്കാതെ മറുപക്ഷത്തേക്ക് ചേരാം. അങ്ങനെ അധികാരത്തിലേക്ക് എനിക്ക് അവസരങ്ങൾ ഏറെയായിരുന്നു. എന്നാൽ എന്റെ രാഷ്ട്രീയം അതല്ല എന്ന പൂർണ ബോധ്യം എനിക്കുണ്ടായിരുന്നു. കൂറുമാറി വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാക്കില്ല. സർക്കാരിനെ താഴെയിടാൻ പ്രവർത്തിക്കില്ലെന്നും തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി രാജിക്കത്ത് സമർപ്പിക്കും വരെ ഞാൻ ഒപ്പം നിന്നു.

അടിയുറച്ച എന്റെ ആദർശത്തെ വിലയ്ക്കു വാങ്ങാൻ ബിജെപിക്ക് ആയില്ല. അവരുടെ പ്രതീക്ഷ ഞാൻ ഒരു കന്നി എംഎൽഎ ആയതുകൊണ്ട് പ്രലോഭനങ്ങളിൽ വീഴുമെന്നായിരുന്നു. എന്നാൽ, ഇടതുപക്ഷത്തിന് വേണ്ടത്ര വേരോട്ടം ഇല്ലാത്ത സ്ഥലവും കൂടിയാണ് പുതുച്ചേരി. തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളെ ഇത്തരത്തിൽ അട്ടിമറിക്കുന്നതിനെതിരെ രാജ്യത്ത് നിയമങ്ങൾ വേണം.

പ്രാദേശികതലത്തിലും ദേശീയതലത്തിലും കോൺ​ഗ്രസ് പരാജയപ്പെട്ടില്ലേ?

അതെ, പുതിയ ഇന്ത്യൻ സാഹചര്യത്തിൽ മൂല്യങ്ങൾ തിരിച്ച് പിടിച്ച് കോൺ​ഗ്രസ് ശക്തിപ്പെടണമെന്നാണ് ഇടതുപക്ഷത്തിന്റെ ആ​ഗ്രഹം. എന്നാൽ, ദേശീയ തലത്തിൽ പ്രതീക്ഷയുള്ള നേതാക്കളുടെ ദാരിദ്ര്യം കോൺ​ഗ്രസിനെ അലട്ടുന്നുണ്ട്. പുതുച്ചേരിയിൽ ഇത്രത്തോളം പ്രശ്നങ്ങൾ സർക്കാരിനെയും പാർട്ടിയെയും അലട്ടുമ്പോഴും ഹൈക്കമാൻഡിനെ വേണ്ടവിധം ധരിപ്പിക്കാനോ നടപടി എടുക്കാനോ കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന് സാധിച്ചില്ല. പ്രതിപക്ഷത്തെ മാത്രം ഈ അട്ടിമറിയിൽ കുറ്റപ്പെടുത്താനാവില്ല. വിശ്വസ്തരുടെ ഉൾപ്പെടെയുള്ളവരുടെ കൊഴിഞ്ഞുപോക്ക് മറ്റിടങ്ങളിലെ പോലും ഇവിടെയും കോൺ​ഗ്രസിന് അറിയാൻ സാധിച്ചില്ല.

ഈ രാഷ്ട്രീയ പ്രവർത്തനം താങ്കൾക്ക് നൽകിയ പാഠം?

ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയം വേണ്ട എന്നൊരു നിലപാട് എടുക്കാൻ ഈ 5 വർഷം കൊണ്ട് സാധിച്ചു. ഒരു രാഷ്ട്രീയ പ്രവർത്തനവും എനിക്ക് ഉണ്ടായിരുന്നില്ല. ഈ കാലയളവ് എന്നെ വല്ലാതെ മടുപ്പിച്ചു. പാരമ്പര്യമായി ഇടതുപക്ഷം എന്നുള്ളത് മാത്രമാണ് എന്റെ രാഷ്ട്രീയ പരിചയം. അത് അങ്ങനെ തന്നെ ആയിരിക്കും.

English Summary: Mahi MLA Dr V Ramachandran interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com