കങ്കണ ഇ-മെയിലുകൾ അയച്ച് ഉപദ്രവിച്ചുവെന്ന് ഹൃതിക്: പരാതിയിൽ മൊഴിയെടുക്കും
Mail This Article
മുംബൈ∙ ഇ-മെയിൽ സന്ദേശങ്ങൾ അയച്ചു ശല്യം ചെയ്തതിന് നടി കങ്കണ റനൗട്ടിനെതിരെ റജിസ്റ്റർ ചെയ്ത കേസിൽ മുംബൈ ക്രൈംബ്രാഞ്ച് ഇന്ന് പരാതിക്കാരനായ നടൻ ഹൃതിക് റോഷന്റെ മൊഴിയെടുക്കും. ഇന്നു രാവിലെ 11ന് ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
തന്റെ പേരിലുള്ള വ്യാജ ഇ-മെയിൽ ഐഡിയിൽ നിന്ന് ആരോ കങ്കണയ്ക്ക് ഇ-മെയിൽ അയച്ചതായും മറുപടിയായി കങ്കണ നൂറുകണക്കിന് ഇ-മെയിലുകൾ അയച്ച് തന്നെ ഉപദ്രവിച്ചതായും ആരോപിച്ച് 2016ലാണ് ഹൃതിക് പരാതി നൽകിയത്. എന്നാൽ ഹൃതിക് തന്നെയാണ് ഇ-മെയിൽ ഐഡി തനിക്ക് നൽകിയതെന്നും 2013 മുതൽ 2014 വരെ അതേ ഇ-മെയിൽ ഐഡി വഴി ആശയവിനിമയം നടത്തിയിരുന്നെന്നും കങ്കണ അവകാശപ്പെട്ടിരുന്നു.
പ്രാഥമിക അന്വേഷണത്തെത്തുടർന്ന്, കങ്കണയുടെ ഐഡിയിൽ നിന്ന് ഇ-മെയിലുകൾ അയച്ചതായി നിഗമനത്തിലെത്തിയ പൊലീസ് കങ്കണയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 2016ൽ സൈബർ സെൽ ഹൃതിക്കിന്റെ ലാപ്ടോപ്പും ഫോണും പരിശോധിച്ചിരുന്നു. സൈബർ സെൽ അന്വേഷിച്ച കേസ് 2020 ഡിസംബറിൽ ഹൃതിക്കിന്റെ അഭിഭാഷകൻ മഹേഷ് ജെഠ്മലാനിയുടെ അഭ്യർഥന പ്രകാരമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
English Summary: Hrithik Roshan to record statement against Kangana Ranaut today