കളിപ്പാട്ടം ‘കുട്ടിക്കളിയല്ല’, 100 ബില്യൻ ഡോളർ വിപണി; ചൈനീസ് കുത്തക തകർക്കാൻ മോദി

modi-kerala-3
നരേന്ദ്ര മോദി
SHARE

ന്യൂ‍ഡൽഹി ∙ ലോകത്തെ ഏറ്റവും വലിയ കളിപ്പാട്ട നിർമാണ കേന്ദ്രമായി ഇന്ത്യ മാറണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കളിപ്പാട്ട രംഗത്തെ ചൈനീസ് കുത്തക തകർത്ത് ഇന്ത്യയിൽതന്നെ നിർമിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ നയത്തിന്റെ ഭാഗമായാണു മോദിയുടെ വാക്കുകൾ. രാജ്യത്തെ ആദ്യത്തെ കളിപ്പാട്ട മേള 2021 (ടോയ് ഫെയർ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘പ്ലാസ്റ്റിക് കുറച്ച് പരിസ്ഥിതി സൗഹൃദ വസ്തുക്കൾകൊണ്ടു കളിപ്പാട്ടങ്ങൾ നിർമിക്കണം. പുതിയ കണ്ടുപിടിത്തങ്ങൾക്കു പ്രാധാന്യം നൽകണം. ആത്മനിർഭർ ആശയത്തിന്റെ ഭാഗമായി കളിപ്പാട്ടങ്ങൾ നമ്മൾതന്നെ ഉൽപാദിപ്പിക്കണം. ആഗോളതലത്തിൽ കൂടുതൽ ഉൽപാദനം നടത്തുന്ന രാജ്യമായി മാറാൻ ഇന്ത്യയ്ക്കു സാധിക്കും. രാജ്യത്തു വിൽക്കപ്പെടുന്ന 85% ശതമാനം കളിപ്പാട്ടങ്ങളും ഇറക്കുമതി ചെയ്യുന്നതാണ്. 100 ബില്യൻ യുഎസ് ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണിയിൽ ഇന്ത്യയ്ക്കു ചെറിയ പങ്ക് മാത്രമേയുള്ളൂ എന്നതിൽ ദുഃഖമുണ്ട്. കൈകൊണ്ടു നിർമിക്കുന്ന കളിപ്പാട്ടങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കണം’– മോദി പറഞ്ഞു.

വാരാണസിയിലെയും ജയ്പുരിലെയും പരമ്പരാഗത കളിപ്പാട്ട നിർമാണ തൊഴിലാളികളുമായി പ്രധാനമന്ത്രി സംവദിച്ചു. കുട്ടികളുടെ താൽപര്യങ്ങൾക്കനുസരിച്ചു പരമ്പരാഗത കളിപ്പാട്ടങ്ങൾ പുതുക്കി നിർമിക്കണം. പുനരുപയോഗിക്കാൻ സാധിക്കുന്ന വസ്തുക്കൾ കളിപ്പാട്ട നിർമാണത്തിന് ഉപയോഗിക്കണം. കളിപ്പാട്ട നിർമാണ മേഖലയ്ക്കായി സർക്കാർ ദേശീയ കർമ പദ്ധതി തയാറാക്കുന്നുണ്ട്. ആഭ്യന്തര ഉൽപാദനം കൂട്ടാനായി 15 മന്ത്രാലയങ്ങൾ പദ്ധതിയുടെ ഭാഗമാകുമെന്നും മോദി വ്യക്തമാക്കി.

കളിപ്പാട്ട മേഖലയിലെ ചൈനീസ് കുത്തക തകർക്കാൻ കേന്ദ്രം നേരത്തെതന്നെ ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ, വിദ്യാർഥികൾക്കും അധ്യാപകർക്കും സ്റ്റാർട്ടപ്പുകൾക്കും വിദഗ്ധർക്കുമായി ‘ടോയ്കത്തോൺ’ എന്ന പേരിൽ ഹാക്കത്തോൺ സംഘടിപ്പിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ കളിപ്പാട്ട നിർമാണ രാജ്യങ്ങളിലൊന്നു ചൈനയാണ്. കോടിക്കണക്കിനു രൂപയുടെ കളിപ്പാട്ടങ്ങളാണ് ഇന്ത്യ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. ഒരു ബില്യൻ ഡോളറിന്റെ വിപണി രാജ്യത്തുണ്ടെങ്കിലും ഏറിയപങ്കും ഇറക്കുമതിയാണ്. രാജ്യത്തെ കളിപ്പാട്ട വിപണിയെ സജീവമാക്കുന്നതിലൂടെ ചൈനയോടുള്ള ആശ്രയത്വം കുറയുകയും രാജ്യത്തിന്റെ സമ്പത്തു പുറത്തേക്കു പോകാതിരിക്കുകയും ചെയ്യുമെന്നു സർക്കാർ കണക്കുകൂട്ടുന്നു.

Content Highlights: India can be global toy manufacturing hub

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA