ADVERTISEMENT

കൊൽക്കത്ത∙ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസ് പുറത്തിറക്കിയ ‘ബംഗാളിന് അതിന്റെ മകളെ ആവശ്യമുണ്ട്’ എന്ന പ്രചാരണ വാക്യത്തെ ചൊല്ലിയുള്ള തൃണമൂൽ കോൺഗ്രസ്– ബിജെപി പോര് തുടരുന്നു. കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ ആണ് ഏറ്റവും ഒടുവിൽ പുലിവാൽ പിടിച്ചത്. മകൾ മറ്റൊരാളുടെ സ്വത്ത്, പറഞ്ഞയയ്ക്കും എന്ന ബാബുൽ സുപ്രിയോയുടെ ട്വീറ്റാണ് വിവാദമായത്. ട്വീറ്റിനെതിരെ സമൂഹ മാധ്യമങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും രോഷം ഉയർന്നതിനെ തുടർന്ന് സുപ്രിയോ ട്വീറ്റ് പിൻവലിച്ചുവെങ്കിലും വിവാദം അടങ്ങിയില്ല. 

സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും മമത ബാനർജിയുടെയും ചിത്രം ‘അതെ, ഞങ്ങൾ അവളെ പറഞ്ഞയയ്ക്കും’ എന്ന ശീർഷകത്തിൽ സുപ്രിയോ റീട്വീറ്റ് ചെയ്യുകയായിരുന്നു. ബാബുൽ സുപ്രിയോയുടെ ട്വീറ്റിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടി രാജ്യസഭയിലെ തൃണമൂൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ഡെറിക് ഒബ്രിയൻ ഉൾപ്പെടെയുള്ളവർ രംഗത്തു വന്നതിനു പിന്നാലെ വിശദീകരണവുമായി സുപ്രിയോ രംഗത്തു വന്നു.

എനിക്കും രണ്ടും പെൺമക്കൾ ഉണ്ട്. എന്താണ് ഇതിലെ സ്ത്രീ വിരുദ്ധത. ദയവായി വിശദീകരിക്കു... ബാബുൽ സുപ്രിയോ ട്വീറ്റ് ചെയ്തു. ഇപ്പോൾ ഉയർത്തുന്ന വിവാദങ്ങൾ രാഷ്ട്രീയമായി തന്നെ തേജോവധം ചെയ്യാൻ ലക്ഷ്യമിട്ട് ഉള്ളതാണെന്നും മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും സുപ്രിയോ പറയുന്നു. 

ബംഗാളിൽ വേരുറുപ്പിക്കാൻ കഠിന പ്രയ്നം നടത്തുന്ന ബിജെപിക്കെതിരെ തൃണമൂൽ കോൺഗ്രസ് ഉയർത്തിയ പ്രാദേശിക വാദമായിരുന്നു ‘ബംഗാളിന് ആവശ്യം സ്വന്തം മകളെ എന്ന പ്രചാരണവാക്യം’. ബംഗാളിനെ അടക്കി ഭരിക്കാൻ ഗുജറാത്തികൾ ശ്രമിക്കുന്നുവെന്ന ആരോപണവും മമത ബാനർജി ഉയർത്തിയിരുന്നു. 

ഗുജറാത്തിൽ നരേന്ദ്ര മോദി വിജയകരമായി നടപ്പാക്കിയ തന്ത്രം പൊടി തട്ടി എടുക്കുകയായിരുന്നു മമത. മോദിയെ പറഞ്ഞാൽ ഗുജറാത്തിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നുവെന്ന പ്രചാരണ തന്ത്രം മമത കടമെടുക്കുകയായിരുന്നുവെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ബിജെപി ബംഗാളിന്റെ പുറത്തുനിന്നു വന്ന പാർട്ടി എന്ന പ്രാദേശിക വാദത്തെ ആളിക്കത്തിക്കുക എന്നതായിരുന്നു ‘ബംഗാളിന് ആവശ്യം സ്വന്തം മകളെ എന്ന പ്രചാരണവാക്യ’ത്തിന്റെ ലക്ഷ്യവും. 

1200-babu-supriyo
ബാബുൽ സുപ്രിയോ (Photo by STR / AFP)

ഫെബ്രുവരി 20നാണ് മമത ബംഗാളിന്റെ മകളാണെന്നുള്ള പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യം തൃണമൂൽ പുറത്തിറക്കിയത്. ബംഗാളി വാക്കായ പിഷി(അമ്മായി) എന്ന പദം ഉപയോഗിച്ചാണ് ബിജെപി തൃണമൂലിനെ പ്രതിരോധിച്ചത്. ബംഗാളിനു വേണ്ടത് മകളെയാണ് അമ്മയായിയെ അല്ലെന്ന് മമതയെയും മരുമകൻ അഭിഷേക് ബാനർജിയെയും ലക്ഷ്യമിട്ട് ബിജെപി തിരിച്ചടിച്ചു. 

ബംഗാളിൽ 8 ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെയും മമത രംഗത്തു വന്നിരുന്നു. ഞാന്‍ ബംഗാളിന്‍റെ മകളാണ്, ബിജെപിയേക്കാള്‍ നന്നായി ബംഗാളിനെ എനിക്കറിയാം. എട്ട് ഘട്ടമായി നടത്താന്‍ ശ്രമിച്ചാലും ബംഗാളില്‍ ഞങ്ങള്‍ തന്നെ വിജയിക്കും. നിങ്ങളുടെ ഗൂഢാലോചന വിലപ്പോവില്ല– മമത ട്വീറ്റ് ചെയ്തു. 

English Summary: Babul Supriyo On Row Over Mamata Banerjee Tweet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com