ADVERTISEMENT

ന്യൂഡല്‍ഹി∙ ചൈനീസ് ഹാക്കര്‍മാര്‍ ഇന്ത്യന്‍ വാക്‌സീന്‍ കമ്പനികളെ ലക്ഷ്യമിട്ടതായി റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനമായ സൈഫെര്‍മയെ ഉദ്ധരിച്ചാണു റിപ്പോര്‍ട്ട്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ കമ്പനികളുടെ സെര്‍വറുകളാണ് സര്‍ക്കാര്‍ പിന്തുണയുള്ള ചൈനീസ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സീനുകള്‍ ലോകമെമ്പാടും വിതരണം ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് വാക്‌സീന്‍ നിര്‍മാണ കമ്പനികള്‍ക്കു നേരെ ചൈനീസ് ഹാക്കര്‍മാര്‍ ആക്രമണശ്രമം നടത്തിയത്. 

സ്‌റ്റോണ്‍ പാണ്ഡ എന്ന് അറിയപ്പെടുന്ന എപിടി10 എന്ന ചൈനീസ് ഹാക്കിങ് ഗ്രൂപ്പാണ് ആക്രമണം നടത്തിയത്. ഭാരത് ബയോടെക്, സീറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഐടി, വിതരണ സോഫ്റ്റ്‌വെയറുകളിലെ ദൗര്‍ബല്യം മുതലെടുത്ത് ആക്രമണം നടത്തുകയായിരുന്നു പദ്ധതി. ഇന്ത്യന്‍ കമ്പനികളെ തകര്‍ത്ത് വാക്‌സീന്‍ മേഖലയില്‍ ചൈനീസ് ആധിപത്യം ഉറപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

ആസ്ട്രസെനക്ക വാക്‌സീന്‍ നിര്‍മിച്ച് ലോകമെമ്പാടും വിതരണം ചെയ്യുന്ന സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനെയാണ് ഹാക്കര്‍മാര്‍ പ്രധാനമായും ലക്ഷ്യമിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറെ ആശങ്കപ്പെടുത്തുന്ന നടപടിയാണിതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

എപിടി10 എന്ന ഹാക്കിങ് സംഘം ചൈനീസ് ആഭ്യന്തരമന്ത്രാലയവുമായി സഹകരിച്ചാണു പ്രവര്‍ത്തിക്കുന്നതെന്ന് യുഎസ് നീതിന്യായവകുപ്പ് 2019ല്‍ പറഞ്ഞിരുന്നു. ഇന്ത്യ, ഫ്രാന്‍സ്, കാനഡ, ദക്ഷിണകൊറിയ, യുഎസ്  എന്നിവിടങ്ങളിലെ വാക്‌സീന്‍ കമ്പനികളെ ലക്ഷ്യമിട്ട് റഷ്യ, ഉത്തരകൊറിയ എന്നിവിടങ്ങളില്‍നിന്ന് സൈബര്‍ ആക്രമണശ്രമം കണ്ടെത്തിയതായി മൈക്രോസോഫ്റ്റ് നവംബറില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈനീസ് സൈബര്‍ ആക്രമണത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്.

English Summary: Chinese Hackers Target India’s Serum Institute, Bharat Biotech: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com