പരിപാടികൾക്ക് ആളില്ല, നയം മാറ്റി വിദ്യാർഥി സംഘടനകൾ; കോവിഡിൽപ്പെട്ട ‘കുട്ടിരാഷ്ട്രീയം’
Mail This Article
കണ്ണൂർ∙ കോവിഡിന്റെ പേരിൽ സ്കൂളുകളും കോളജുകളും അടച്ചപ്പോൾ ബുദ്ധിമുട്ടിലായതു വിദ്യാർഥികൾ മാത്രമല്ല, വിദ്യാർഥി സംഘടനകൾ കൂടിയാണ്. കോവിഡ് കാലത്ത് ക്യാംപസുകളിൽ സംഘടനാ പ്രവർത്തനം അസാധ്യമായപ്പോൾ, സംഘടനയെ തളർത്താതിരിക്കാൻ സാഹചര്യത്തിന് അനുസരിച്ചു മാറുകയേ നിവൃത്തിയുള്ളൂ. അതിനുള്ള ശ്രമം എസ്എഫ്ഐയും കെഎസ്‍യുവും തുടങ്ങിക്കഴിഞ്ഞു. ഓരോ ക്യാംപസിനും ചുറ്റുമുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തി ലോക്കൽ കമ്മിറ്റികൾ രൂപീകരിക്കുകയാണ് എസ്എഫ്ഐ എങ്കിൽ, ക്യാംപസ് നോക്കാതെ പ്രാദേശിക യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ തിരക്കിലാണു കെഎസ്‌യു.
എല്ലാ സ്കൂൾ–കോളജ് പരിസരത്തും ലോക്കൽ കമ്മിറ്റികൾ എന്നതാണ് എസ്എഫ്ഐയുടെ ലക്ഷ്യമെങ്കിൽ, സംസ്ഥാനത്താകെ പതിനായിരം യൂണിറ്റ് കമ്മിറ്റികളാണു കെഎസ്‌യു ലക്ഷ്യം വയ്ക്കുന്നത്. സ്കൂൾ കമ്മിറ്റികളുടെ എണ്ണത്തിൽ എസ്എഫ്ഐയായിരുന്നു മുൻപിൽ. സ്കൂളുകളിൽ യൂണിറ്റ് വേണ്ടെന്ന് ഇടക്കാലത്ത് കെഎസ്‍യു തീരുമാനിച്ചിരുന്നു. തീരുമാനം ഏതാനും വർഷം മുൻപാണു തിരുത്തിയത്. വീണ്ടും മത്സരബുദ്ധിയോടെ സജീവമായി വരുന്നതിനിടെയാണു കോവിഡ് വന്നു സ്കൂളും കോളജുമെല്ലാം അടച്ചത്. സംഘടനാ പരിപാടികൾക്കു വിദ്യാർഥികളുടെ എണ്ണം കുറഞ്ഞതോടെയാണു സംഘടനാ നേതൃത്വം മറ്റു പോംവഴികളെക്കുറിച്ചു ഗൗരവത്തോടെ ആലോചിച്ചത്.
ക്യാംപസിനു പുറത്തേക്ക്
മുൻപുണ്ടായിരുന്ന ലോക്കൽ കമ്മിറ്റികളെ സജീവമാക്കുകയും സ്കൂൾ യൂണിറ്റുകളെ ലോക്കൽ കമ്മിറ്റികളാക്കി മാറ്റുകയുമാണ് എസ്എഫ്ഐ ചെയ്തുവരുന്നത്. കോളജുകൾ തുറന്നു തുടങ്ങിയതോടെ കോളജുകളിൽ പഴയ രീതിയിൽ യൂണിറ്റ് കമ്മിറ്റികളും രൂപീകരിക്കുന്നുണ്ട്. ലോക്കൽ കമ്മിറ്റികളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ വർധനയുണ്ടായി. ഓൺലൈൻ കാലമാണെങ്കിലും ഈ കമ്മിറ്റികളുടെ യോഗങ്ങൾ നേരിട്ടു വിളിച്ചുചേർത്താണു സംഘടനാ കാര്യങ്ങൾ വിശദീകരിക്കുന്നത്. കെഎസ്‍യുവാകട്ടെ ലക്ഷ്യം വച്ച 10,000 പ്രാദേശിക യൂണിറ്റുകളിൽ 6000 എണ്ണം രൂപീകരിച്ചു കഴിഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിസരത്തല്ല, വിദ്യാർഥികളുടെ നാട്ടിലാണു പ്രാദേശിക യൂണിറ്റുകൾ. പ്രാദേശികമായി വിദ്യാർഥികളെ സംഘടിപ്പിക്കാനാകാത്തത്, കോളജിലെത്തുമ്പോൾ ഇവർ മറ്റു സംഘടനകളിലേക്കു പോകാൻ കാരണമാകുന്നുണ്ടന്നു സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ഇതും പ്രാദേശിക യൂണിറ്റ് രൂപീകരിക്കാൻ കാരണമായി. 14 മുതൽ 27 വയസ്സു വരെയുള്ളവരെ യൂണിറ്റിൽ ഉൾപ്പെടുത്തും. ഒരു യൂണിറ്റിൽ കുറഞ്ഞതു 10 പേരെങ്കിലുമുണ്ടാകണം. എണ്ണം 20 കഴിഞ്ഞാൽ രണ്ടു യൂണിറ്റുകളാക്കണം. പ്രസിഡന്റ് ഉൾപ്പെടെ ഏഴു ഭാരവാഹികളുണ്ടാകും. കോളജ്, പ്ലസ് ടു വിദ്യാർഥികൾക്കു ക്ലാസ് തുടങ്ങിയതിനാൽ ക്യാംപസ് യൂണിറ്റുകൾ രൂപീകരിച്ചു തുടങ്ങി. എങ്കിലും ക്യാംപസിനു പുറത്തെ കമ്മിറ്റികൾ സജീവമായി നിലനിർത്താൻതന്നെയാണു തീരുമാനം.
സ്ഥാനാർഥികളും പെട്ടു
മുൻപൊക്കെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ കന്നി വോട്ടർമാരെ ഒരുമിച്ചു കാണണമെങ്കിൽ മണ്ഡലത്തിലെ കോളജുകൾ കയറിയാൽ മതിയായിരുന്നു. ഇത്തവണ കോളജുകൾ തുറന്നെങ്കിലും കോവിഡ് കാലമായതിനാൽ പഴയ നിലയ്ക്കു സജീവമായിട്ടില്ല. വിദ്യാർഥി സംഘടനയിൽ പെട്ടവർ സ്ഥാനാർഥികളാകുമ്പോൾ കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ചു പ്രചാരണത്തിനിറങ്ങുന്ന രീതി എല്ലാ സംഘടനകൾക്കുമുണ്ട്. ഈ പ്രചാരണത്തിനും ഇത്തവണ ചെറിയ ക്ഷീണം തട്ടും. പിഎസ്‍സി വിവാദം പോലെ വിദ്യാർഥികളെയും യുവാക്കളെയും ബാധിക്കുന്ന വിഷയങ്ങളുണ്ടായപ്പോൾ ക്യാംപസുകൾ കേന്ദ്രീകരിച്ചു പ്രചാരണം നടത്താൻ പ്രതിപക്ഷ സംഘടനകൾക്കു കഴിഞ്ഞില്ല. ആരോപണങ്ങൾക്കു ക്യാംപസുകളിലെത്തി വിശദീകരണം നൽകാൻ ഭരണപക്ഷ സംഘടനകൾക്കും കഴിഞ്ഞില്ല.
‘പൂർവസ്ഥിതിയിലേക്കു ക്യാംപസുകൾ എത്തുന്നതിനാണ് പ്രാധാന്യം’
സച്ചിൻദേവ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി
വിദ്യാഭ്യാസ സ്ഥാപനങ്ങളധികവും അടഞ്ഞു കിടക്കുകയാണെങ്കിലും ലോക്കൽ കമ്മിറ്റികൾ വഴി സംഘടനാപ്രവർത്തനം സാധ്യമാകുന്നുണ്ട്. ക്യാംപസുകൾ സജീവമല്ലാത്ത സാഹചര്യത്തിൽ, വിദ്യാർഥികൾക്കു പ്രാദേശികമായി വേദികളൊരുക്കുകയാണു ചെയ്യുന്നത്. കോളജുകളിലെ യൂണിറ്റ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചുവരുന്നു. എങ്കിലും കേഡർ രീതിയിലുള്ള ആശയവിനിമയവും സംഘടനാ പ്രവർത്തനവും മാത്രമേ സാധ്യമാകുന്നുള്ളൂ. കൂട്ടത്തോടെ വിദ്യാർഥികളെ അഭിസംബോധന ചെയ്യാനോ, കാര്യങ്ങൾ വിശദീകരിക്കാനോ കഴിയാത്ത സ്ഥിതിയുണ്ട്. പക്ഷേ വിദ്യാർഥികൾക്കു സ്കൂളിലും കോളജിലുമെത്തി പഠിക്കാൻ കഴിയുന്ന പൂർവസ്ഥിതിയിലേക്കു ക്യാംപസുകൾ എത്തുന്നതിനാണ് ഇപ്പോൾ എസ്എഫ്ഐ പ്രാധാന്യം കൊടുക്കുന്നത്.
‘മുൻപത്തേപ്പോലെ വിദ്യാർഥികളെ ഒരേ കേന്ദ്രത്തിൽ ലഭിക്കുന്നില്ല’
കെ.എം.അഭിജിത്, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്
ക്യാംപസ് യൂണിറ്റുകൾ ഈ വർഷം രൂപീകരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. പ്രാദേശിക യൂണിറ്റുകൾ തുടർന്നും നിലനിർത്തും. ഒന്നരമാസം കൊണ്ടാണ് ആറായിരത്തിലേറെ യൂണിറ്റുകൾ രൂപീകരിച്ചത്. ഇതുവരെയുള്ള പുരോഗതി വിലയിരുത്താൻ സംസ്ഥാന സമിതി ചേരുന്നുണ്ട്. സംഘടന നിശ്ചയിക്കുന്ന പരിപാടികൾക്കു മുൻപത്തേപ്പോലെ വിദ്യാർഥികളെ ഒരേ കേന്ദ്രത്തിൽ ലഭിക്കാത്തതിന്റെ പരിമിതി ക്യാംപസുകൾ അടഞ്ഞുകിടക്കുന്നതുമൂലം എല്ലാ സംഘടനകൾക്കുമുണ്ട്. ഈ പരിമിതിക്ക് അകത്തുനിന്നുകൊണ്ട് ഒട്ടേറെ സമരങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുമുണ്ട്.
English Summary: Kerala Campus Politics in the Time of Covid19