ADVERTISEMENT

വാഷിങ്ടൻ∙ പ്രതിരോധ വാക്സീനുകളുടെ വിമർശകനെന്നു രാജ്യാന്തര മാധ്യമങ്ങൾ വിശേഷിപ്പിച്ച മുൻ യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപും ഭാര്യ മെലനിയ ട്രംപും ജനുവരിയിൽ കോവിഡ് വാക്സീൻ സ്വീകരിച്ചിരുന്നതായി വെളിപ്പെടുത്തൽ. ട്രംപ് വാക്സീൻ സ്വീകരിച്ച് വിവരം ഇത് ആദ്യമായാണ് പുറത്തു വരുന്നത്. ട്രംപിന്റെ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് വാർത്ത നൽകിയത്. എന്നാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.

കോവിഡിനെതിരെ എല്ലാവരും പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കണമെന്നു കഴിഞ്ഞ ദിവസം ഡോണൾഡ് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. വൈറ്റ് ഹൗസ് വിട്ടതിനു ശേഷം ആദ്യമായാണ് ട്രംപ് ഇത്തരമൊരു ആഹ്വാനം നടത്തുന്നത്. കോവിഡിനെ കുറിച്ചും കോവിഡ് വാക്സീനെ കുറിച്ചും നിരവധി അബദ്ധ പ്രചാരണങ്ങളാണ് കോവിഡ് വ്യാപനത്തിന്റ ആദ്യഘട്ടങ്ങളിൽ ട്രംപ് നടത്തിയിരുന്നത്. 

മനുഷ്യരില്‍ അണുനാശിനി കുത്തിവച്ചോ കുടിക്കാന്‍ നൽകിയോ വൈറസിനെ നേരിടാമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ അണുനാശിനി ഉൽപാദിപ്പിക്കുന്ന കമ്പനികൾ തന്നെ രംഗത്തു വന്നിരുന്നു. പ്രതിരോധ വാക്സീനുകൾ കുട്ടികളിൽ ഓട്ടിസം പോലുള്ള രോഗങ്ങള്‍ സൃഷ്ടിക്കാനെ ഉപകരിക്കുവെന്ന ട്രംപിന്റെ പ്രസ്താവന വിവാദമായിരുന്നു. 

അതേസമയം യുഎസിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 5 ലക്ഷം കടന്നു. 527,226 പേരാണ് ഇതുവരെ  കോവിഡ് ബാധിച്ച് മരിച്ചത്. രണ്ടു ലോക യുദ്ധങ്ങളിലും വിയറ്റ്നാം യുദ്ധത്തിലും മരിച്ച അമേരിക്കക്കാരുടെ എണ്ണത്തെക്കാളും അധികമാണിത്. ആകെ രോഗബാധിതരുടെ എണ്ണം 29,314,254. 19,817,532 പേർ ഇതു വരെ രോഗമുക്തി നേടി.

കോവിഡ് മരണം 5 ലക്ഷം കടന്നതിനെ ‘ഹൃദയഭേദകമായ നാഴികക്കല്ല്’ എന്നാണു പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്. രാജ്യവ്യാപകമായി വിതരണം ചെയ്യുന്നതിനു മുന്നോടിയായി സുരക്ഷയെപ്പറ്റി ജനങ്ങളിൽ ആത്മവിശ്വാസമുണ്ടാക്കാൻ ടിവിയിലൂടെ ലൈവായാണ് ജോ ബൈഡൻ വാക്സീൻ സ്വീകരിച്ചത്. 

ഡെലവെയറിലെ നെവാർക്കിൽ ക്രിസ്റ്റ്യാന ഹോസ്പിറ്റലിലെ നഴ്‌സ് പ്രാക്ടീഷണറും എംപ്ലോയി ഹെൽത്ത് സർവീസസ് മേധാവിയുമായ തബേ മാസയിൽനിന്നു മാധ്യമപ്രവർത്തകർക്കു മുന്നിലാണു ബൈഡൻ കുത്തിവയ്പെടുത്തത്. ഫൈസർ വികസിപ്പിച്ച വാക്സീൻ ഡോസ് സ്വീകരിച്ച ബൈഡൻ, ആരോഗ്യ പ്രവർത്തകർ ‘ഹീറോകൾ’ ആണെന്നു വിശേഷിപ്പിച്ചിരുന്നു. 

English Summary: Donald Trump and Melania Trump quietly got Covid vaccines in January, reports say

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com