കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം: തടയണമെന്ന് തൃണമൂലിന്റെ പരാതി
Mail This Article
കൊല്‍ക്കത്ത∙ ഈ മാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി. കോവിഡ് വാക്‌സീന്‍ സ്വീകരിക്കുന്നവര്‍ക്ക് ആരോഗ്യമന്ത്രാലയം നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് തൃണമൂല്‍ പരാതി നല്‍കിയിരിക്കുന്നത്. വാക്‌സിനേഷന്‍ ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരില്‍നിന്ന് ക്രെഡിറ്റ് അടിച്ചെടുക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ ആരോപിച്ചു.
പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം ഹിന്ദിയിലും ഇംഗ്ലിഷിലുമുള്ള സന്ദേശവും സര്‍ട്ടിഫിക്കറ്റിലുണ്ട്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തുകയാണെന്നും പെരുമാറ്റച്ചട്ട ലംഘനമാണെന്നും തൃണമൂല്‍ പരാതിയില്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സര്‍ക്കാരിന്റെ കോ-വിന്‍ പ്ലാറ്റ്‌ഫോമില്‍ കൂടി പ്രധാനമന്ത്രി പ്രചാരണം നടത്തുന്നത് എത്രയും പെട്ടെന്ന് തടയണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് തൃണമൂല്‍ ആവശ്യപ്പെട്ടു.
കോവിഡ് വാക്‌സിനേഷന്‍ തുടങ്ങിയ ദിവസം മുതല്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ള സര്‍ട്ടിഫിക്കറ്റാണു നല്‍കുന്നത്. മുന്‍ഗണനാപട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റും ഇതേ സര്‍ട്ടിഫിക്കറ്റ് തന്നെയാണു നല്‍കിയത്. എന്നാല്‍ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് സര്‍ട്ടിഫിക്കറ്റും രാഷ്ട്രീയ വിവാദത്തില്‍ ഇടംപിടിച്ചത്.
English Summary: "PM Exploiting His Post": Trinamool Complains Against Vaccine Certificates