ADVERTISEMENT

തിരുവനന്തപുരം∙ സർക്കാർ ആശുപത്രികളിൽ കോവിഡ് വാക്സീനെടുക്കാൻ മുതിർന്ന പൗരൻമാരുടെ നീണ്ടനിര. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കോവിൻ സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങളാണ് മുതിർന്ന പൗരൻമാരെ വലച്ചത്. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞവർക്കടക്കം ക്യൂവിൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നു. കോവിൻ സൈറ്റിൽ തിരിച്ചറിയൽ രേഖ അപ്‌ലോഡ് ചെയ്താല്‍പോലും റജിസ്ട്രേഷൻ നടക്കുന്നില്ലെന്നു പരാതിയുണ്ട്. അക്ഷയ കേന്ദ്രങ്ങൾ വഴി റജിസ്റ്റർ ചെയ്യാമെങ്കിലും ചില കേന്ദ്രങ്ങൾ ഉയർന്ന ഫീസ് ഈടാക്കുന്നു.

ആവശ്യത്തിനു കുത്തിവയ്പ്പു കേന്ദ്രങ്ങളില്ലാത്തതും സർക്കാർ ആശുപത്രികളിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാത്തതും കുത്തിവയ്പ്പിനെത്തുന്നവരെ വലയ്ക്കുന്നുണ്ട്. പ്രായമായവർക്ക് ആവശ്യമായ സൗകര്യങ്ങൾ മിക്ക ആശുപത്രികളിലുമില്ല. കുത്തിവയ്പ്പിനെത്തുന്നവർക്കു നിർദേശങ്ങൾ നൽകുന്നതിലും ആശയക്കുഴപ്പമുണ്ട്. ആശുപത്രികളിലെ നീണ്ട ക്യൂവിനിടയിൽ കോവിഡ് മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ല.

സംസ്ഥാനത്ത് നൂറിൽ താഴെ സ്വകാര്യ ആശുപത്രികളിലാണ് വാക്സീനെടുക്കാൻ സൗകര്യമുള്ളത്. ചില ജില്ലകളിൽ വിരലിലെണ്ണാവുന്ന സ്വകാര്യ ആശുപത്രികളിലാണു സൗകര്യം. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രികളാണിവ. മറ്റു സ്വകാര്യ ആശുപത്രികൾ ഡിഎംഒ ഓഫിസിൽ അപേക്ഷ നൽകിയാൽ മാത്രം കേന്ദ്രം അനുവദിച്ചാൽ മതിയെന്നാണ് സംസ്ഥാന നിലപാട്. റജിസ്ട്രേഷൻ നടപടികൾ സുഗമമാക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് കാലതാമസം ഉണ്ടാകുന്നതോടെ കടുത്ത ചൂടിൽ കുത്തിവയ്പ്പു കേന്ദ്രങ്ങളിൽ കയറിയിറങ്ങേണ്ട ഗതികേടിലാണ് വയോധികർ.

ഓൺലൈൻ റജിസ്ട്രേഷൻ സാങ്കേതിക തകരാറിനാൽ പൂർത്തിയാക്കാന്‍ കഴിയാത്തവർ കുത്തിവയ്പ്പു കേന്ദ്രങ്ങളിൽ നേരിട്ട് എത്തിയാൽ നീണ്ട ക്യൂവാണ് വരവേൽക്കുന്നത്. പ്രായമായവർക്ക് ഇരിക്കാനുള്ള സൗകര്യവും പലയിടങ്ങളിലുമില്ല. വാക്സിനേഷനെക്കുറിച്ചുള്ള വിവരങ്ങൾ കോവിൻ പോർട്ടലിലൂടെ കേന്ദ്രം നിയന്ത്രിക്കുന്നതിനാൽ സംസ്ഥാനത്തിന് ഇടപെടുന്നതിനു പരിമിതികളുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

ഓൺലൈനിൽ റജിസ്ട്രേഷൻ നടത്തിയിട്ടും കുത്തിവയ്പ്പ് എടുക്കാനായില്ലെന്നു ജനറൽ ആശുപത്രിയിലെത്തിയവർ പ്രതികരിച്ചു. ഓൺലൈനിൽ ബുക്കു ചെയ്തിട്ടും കൺഫർമേഷൻ കിട്ടുന്നില്ലെന്നാണ് പരാതി. ചിലർക്കു 4 ദിവസം തുടർച്ചയായി പരിശ്രമിച്ചശേഷമാണ് ഓൺലൈൻ റജിസ്ട്രേഷൻ നടത്താൻ കഴിഞ്ഞത്.

Covid Vaccination Drive
തിരുവനന്തപുരം ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ കോവിഡ് വാക്സീൻ സ്വീകരിക്കാനെത്തിയവരുടെ തിരക്ക്. ചിത്രം: ആർഎസ് ഗോപൻ ∙ മനോരമ

‘ഓൺലൈനിൽ റജിസ്റ്റർ ചെയ്തശേഷം രാവിലെ ആശുപത്രിയിൽ വന്നു. 4–ാം തീയതി വരാനാണ് ഓൺലൈൻ റജിസ്ട്രേഷൻ ഫോമിൽ കാണിക്കുന്നത്. പക്ഷേ 9–ാം തീയതി വരാനാണ് ജനറൽ ആശുപത്രി അധികൃതർ പറയുന്നത്. ഓൺലൈൻ റജിസ്ട്രേഷന് അംഗീകാരമില്ലെന്നും പറയുന്നുണ്ട്’–ഒരു വയോധികൻ പ്രതികരിച്ചു. ജീവനക്കാർ കുറവായതിനാൽ ആശുപത്രി അധികൃതരെ കുറ്റപ്പെടുത്താനില്ലെന്നു മറ്റു ചിലർ പ്രതികരിച്ചു. സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞവരും ഗുരുതര രോഗങ്ങളുള്ള 45 വയസിനു മുകളിൽ പ്രായമുള്ളവരും ഉൾപ്പെടെ 85 ലക്ഷം പേർക്കാണ് കോവിഡ് വാക്സീൻ നൽകേണ്ടത്.

Covid Vaccination Drive
തിരുവനന്തപുരം ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ കോവിഡ് വാക്സീൻ സ്വീകരിക്കാനെത്തിയവരുടെ തിരക്ക്. ചിത്രം: ആർഎസ് ഗോപൻ ∙ മനോരമ

English Summary: Covid Vaccination drive for senior citizen's in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com