ഹൈക്കോടതി നടപടി സര്‍ക്കാരിന്റെ മുഖത്തേറ്റ അടി: രമേശ് ചെന്നിത്തല

ramesh-chennithala-01
രമേശ് ചെന്നിത്തല (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം∙ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ഉത്തരവുകളെല്ലാം സ്റ്റേ ചെയ്ത ഹൈക്കോടതിയുടെ നടപടി പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ കനത്ത അടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഎസ്‌സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ വഴിയാധാരമാക്കിക്കൊണ്ടാണ് സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കും മക്കള്‍ക്കുമെല്ലാം പിന്‍വാതിലിലൂടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി നല്‍കിയതും അവരെ സ്ഥിരപ്പെടുത്തിയതും.

ഉമാദേവിക്കേസിലുണ്ടായ സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനം കൂടിയായിരുന്നു ഇത്. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയെ നോക്കുകുത്തിയാക്കി മാറ്റി രാഷ്ട്രീയ - വ്യക്തി പരിഗണന വച്ച്്  നൂറുക്കണക്കിനാളുകള്‍ക്കാണ് ഈ സര്‍ക്കാര്‍ നിയമനം നല്‍കിയത്. പിഎസ്‌സി പരീക്ഷകളുടെ എല്ലാ പ്രധാന്യവും പരിശുദ്ധിയും നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തവും ഈ സര്‍ക്കാരിനാണ്. പിഎസ്‌സി പരീക്ഷയുടെ ചോദ്യപേപ്പര്‍ പോലും സിപിഎം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ചോര്‍ന്ന് കിട്ടുകയും ചെയ്തു. അനധികൃത നിയമനങ്ങളുടെ പെരുമഴക്കാലമായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍.

കഴിഞ്ഞ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലികമായി നിയമിച്ചവരെയാണ് ജോലിയില്‍ പത്ത് വര്‍ഷം തികഞ്ഞവര്‍ എന്ന് പറഞ്ഞ് ഈ സര്‍ക്കാര്‍ അനധികൃതമായി ജോലിയില്‍ സ്ഥിരപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് സെക്രട്ടേറിയറ്റ് പടിക്കല്‍ കണ്ണീരും കയ്യുമായി സമരം ചെയ്ത റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യേഗാര്‍ഥികളെ അവഹേളിക്കുകയും അപമാനിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്.

സമരം ചെയ്യുന്നവരുമായി യാതൊരു ചര്‍ച്ചയ്ക്കും തയാറല്ലെന്ന് പ്രഖ്യാപിക്കുകയും, പിന്നീട് ഡിവൈഎഫ്ഐക്കാരെയും പൊലീസ് ഉദ്യോഗസ്ഥരെയും ചര്‍ച്ചയ്ക്കെന്ന പേരില്‍ അയയ്ക്കുകയും ചെയ്ത് ഉദ്യോഗാര്‍ഥികളുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുകയും ചെയ്തു. സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാര്‍ഥികളുടെ സമരം പ്രതിപക്ഷ ഗൂഢാലോചനയാണെന്ന് വരെ സര്‍ക്കാര്‍ പറഞ്ഞു. ചില മന്ത്രിമാര്‍ ഉദ്യോഗാര്‍ഥികളെ അവഹേളിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു.

സര്‍ക്കാരിന് കീഴിലുള്ള ഏതാണ്ട് എല്ലാ സ്ഥാപനങ്ങളിലും താല്‍ക്കാലികമായി ആള്‍ക്കാരെ നിയമിക്കുകയും പിന്നീട് അവരെ സ്ഥിരപ്പെടുത്തുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. ഇതു തടഞ്ഞ ഹൈക്കോടതി നടപടിയിലൂടെ സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും ഒരിക്കല്‍ കൂടി ജനങ്ങളുടെ മുന്നില്‍ വെളിപ്പെടുകയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

English Summary: HC stays move to regularise temporary employees; Ramesh Chennithala's reaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA