ADVERTISEMENT

തിരുവനന്തപുരം∙ രണ്ടുതവണ തുടര്‍ച്ചയായി ജയിച്ച ആര്‍ക്കും സീറ്റുവേണ്ടെന്ന മാനദണ്ഡം കര്‍ശനമായി പാലിക്കാന്‍ സിപിഎം തീരുമാനം. മന്ത്രിമാരായ ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍, ടി.എം.തോമസ് ഐസക്, ജി.സുധാകരന്‍, സി.രവീന്ദ്രനാഥ് എന്നിവര്‍ മത്സരിക്കില്ല. ഇ.പി.ജയരാജന്‍ വൈകാതെ സംഘടനാ ചുമതലയിലെത്തും. തരൂര്‍ സീറ്റില്‍ മന്ത്രി എ.കെ.ബാലന്‍റെ ഭാര്യ പി.കെ.ജമീല സ്ഥാനാർഥിയാകുമെന്നാണ് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവരില്‍ ആര്‍ക്കെങ്കിലും ഇളവ് വേണോ എന്ന കാര്യം വെള്ളിയാഴ്ച സംസ്ഥാന സമിതി തീരുമാനിക്കും.

രണ്ടുടേമെന്ന നിബന്ധന കര്‍ശനമായി പാലിക്കുന്നതോടെ അഞ്ചുമന്ത്രിമാരാണ് ഇത്തവണ മത്സരരംഗത്തുനിന്ന് ഒഴിവാകുന്നത്. ഇതില്‍ സി.രവീന്ദ്രനാഥ് സ്വയം പിന്മാറിയിരുന്നു. തോമസ് ഐസക്കിനും ജി.സുധാകരനും ഇളവ് നല്‍കണമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആര്‍ക്കും ഇളവുവേണ്ടെന്ന കര്‍ശനനിലപാടാണ് വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായത്.

thomas-isaac-ep-jayarajan-ak-balan-g-sudhakaran
തോമസ് ഐസക്, ഇ.പി ജയരാജന്‍, എ.കെ. ബാലൻ. ജി.സുധാകരൻ

ഇ.പി.ജയരാജന്‍ മത്സരിച്ച മട്ടന്നൂരില്‍നിന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ജനവിധിതേടും. മന്ത്രിമാരില്‍ എം.എം.മണി ഉടുമ്പന്‍ചോലയിലും ജെ.മേഴ്സിക്കുട്ടിയമ്മ കുണ്ടറയിലും എ.സി.മൊയ്തീന്‍ കുന്നംകുളത്തും ടി.പി.രാമകൃഷ്ണന്‍ പേരാമ്പ്രയിലും കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്തും വീണ്ടും ജനവിധിതേടും. സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.വി.ഗോവിന്ദന്‍ തളിപ്പറമ്പിലും ബേബി ജോണ്‍ ഗുരുവായൂരിലും മത്സരിക്കും.

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, എ.പ്രദീപ് കുമാര്‍, രാജു ഏബ്രഹാം, അയിഷ പോറ്റി അടക്കമുള്ള എംഎല്‍എമാരിൽ ആര്‍ക്കും ഇളവ് നല്‍കേണ്ട എന്നാണ് തീരുമാനം. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സമിതിയില്‍ പ്രാദേശിക സാഹചര്യം പരിഗണിച്ച് അപൂര്‍വം ആര്‍ക്കെങ്കിലും ഇളവ് പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ ആര്‍ക്കെങ്കിലും ഇളവ് വേണമോ എന്നതിലും സംസ്ഥാന സമിതി തീരുമാനിക്കും. തുടര്‍ച്ചയായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടിരിക്കുന്നവരെ പരിഗണിക്കേണ്ട എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ കെ.എന്‍.ബാലഗോപാലിനും വി.എന്‍.വാസവനും ഇളവിന് സാധ്യതയുണ്ട്. ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായ എതിര്‍പ്പ് അവഗണിച്ച് പി.കെ.ജമീലയെ തരൂരിലേക്ക് മത്സരിപ്പിക്കാനുള്ള തീരുമാനത്തോട് സംസ്ഥാനസമിതിയില്‍ വിയോജിപ്പുണ്ടാകാന്‍ സാധ്യതയുണ്ട്. ഗുരുവായൂരില്‍ ബേബി ജോണിനെ മത്സരിപ്പിക്കുന്നതിലും വിയോജിപ്പുള്ളവര്‍ പാര്‍ട്ടിയിലുണ്ട്.

English Summary: CPM on EP Jayarajan, Thomas Isaac, G Sudhakaran in Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com