ADVERTISEMENT

മ്പക്കെട്ടിനു തിരിയും മരുന്നും ഒരുക്കി തീ കൊളുത്തുന്നതിന്റെ തൊട്ടുമുൻപു കമ്പക്കാരൻ പിണങ്ങിപ്പോയാൽ എങ്ങനെയിരിക്കും? നിയമസഭാ തിരഞ്ഞെടുപ്പിന്റെ പൂരപ്പറമ്പിൽ മണ്ണും വിണ്ണും കിടുക്കുന്ന വാശിയേറിയ കരിമരുന്നു പ്രയോഗം കാത്തിരുന്ന തമിഴ് മക്കൾക്ക് അപ്രതീക്ഷിതമായിരുന്നു ചിന്നമ്മയുടെ പിന്മാറ്റം. രാഷ്ട്രീയത്തിൽനിന്നു വിരമിക്കുന്നതായി അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികല പ്രഖ്യാപിച്ചെങ്കിലും കുഴിമിന്നലിനു മുൻപുള്ള മൗനമെന്നും നിരീക്ഷണമുണ്ട്. രണ്ടുവരി പ്രസ്താവനയിറക്കി അവസാനിപ്പിക്കുന്ന പൊതുജീവിതമല്ല ജയലളിതയുടെ ഉറ്റതോഴി ചിന്നമ്മയുടേതെന്നും ആരാധകർ വിശ്വസിക്കുന്നു.

അനധികൃത സ്വത്തുസമ്പാദന കേസിൽ ബെംഗളുരുവിൽ 4 വർഷത്തെ ജയിൽ ശിക്ഷയും രണ്ടാഴ്ചത്തെ കോവിഡ് ചികിത്സയും കഴിഞ്ഞു തമിഴകത്തെ ഇളക്കിമറിച്ചാണു ശശികല ചെന്നൈയിലെത്തിയത്. തന്നെ ‘രാജ മാതാ’ ആയി വിശേഷിപ്പിക്കുന്ന പോസ്റ്ററുകളെയും വാഴ്ത്തുകളെയും ജനക്കൂട്ടത്തെയും സാക്ഷിയാക്കി സ്വന്തം മണ്ണിൽ വീണ്ടും കാലുകുത്തുമ്പോൾ ‘ഉഗ്ര ശപഥത്തിന്റെ’ കടലിരമ്പം മുഴങ്ങുന്നുണ്ടായിരുന്നു. അണ്ണാഡിഎംകെ കേന്ദ്രങ്ങളിൽ ആശങ്കയുടെ നിമിഷങ്ങളായിരുന്നു പിന്നീട്. ജയിലിൽ പോകുമ്പോൾ അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയായിരുന്ന ശശികല തിരിച്ചെത്തുമ്പോൾ പാർട്ടിക്കു പുറത്താണ്. പാർട്ടിയും സർക്കാരും എടപ്പാടി പളനിസാമി (ഇപിഎസ്)– ഒ.പനീർസെൽവം (ഒപിഎസ്) നേതൃത്വത്തിന്റെ പിടിയിലും. 

ശശികല വിഭാഗത്തെയും അണ്ണാഡിഎംകെയെയും ചേർത്തുനിർത്താൻ ബിജെപി നടത്തിയ അവസാന ശ്രമവും പരാജയപ്പെട്ടതിനു പിന്നാലെയാണു ശശികലയുടെ പിന്മാറ്റ പ്രഖ്യാപനം എന്നാണു രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ‘ജയ ജീവിച്ചിരുന്ന കാലത്ത് അധികാരവും പദവിയും ആഗ്രഹിച്ചിട്ടില്ല. അവർ മരിച്ച ശേഷവും അതാഗ്രഹിക്കുന്നില്ല. ജയയുടെ പാരമ്പര്യം തുടരണം, അണ്ണാഡിഎംകെ സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കണം. ശത്രുവായ ഡിഎംകെയെ തോൽപിക്കണം. ഞാൻ രാഷ്ട്രീയവും പൊതുജീവിതവും അവസാനിപ്പിക്കുന്നു’– പ്രസ്താവനയിൽ ശശികല വ്യക്തമാക്കി. പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ലെന്നു സഹോദരീപുത്രനും അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) നേതാവുമായ ടി.ടി.വി.ദിനകരൻ പറഞ്ഞു.

VK Sasikala
ശശികല.

∙ ആഞ്ഞടിക്കുന്നതിനോ ഈ പിന്മാറ്റം?

തിരഞ്ഞെടുപ്പിനു ചൂടു പിടിച്ചിരിക്കെ, സൂചന പോലും നൽകാതെ പൊടുന്നനെയാണു ശശികലയുടെ പിന്മാറ്റമെന്നതു രാഷ്ട്രീയ ഭേദമന്യേ എല്ലാ പാർട്ടികളെയും അമ്പരപ്പിച്ചു. ഇങ്ങനെ പിന്മാറാനാണ് ഉദ്ദേശ്യമെങ്കിൽ ബെംഗളൂരുവിൽനിന്ന് 23 മണിക്കൂർ റോഡ് ഷോ നടത്തി ശശികല ചെന്നൈയിൽ വരവറിയിക്കുമായിരുന്നില്ലല്ലോ എന്നാണ് ഏവരും ചോദിക്കുന്നത്. അണ്ണാഡിഎംകെ നേതൃപദവിക്കായുള്ള പോരാട്ടത്തിൽ ചില മുന്നേറ്റങ്ങൾ നടത്തിയ ശേഷമാണ് ബുധനാഴ്ച പ്രസ്താവന ഇറക്കിയതെന്നതും ശ്രദ്ധേയം. പാർട്ടിക്കുള്ളിലെ പടയൊരുക്കത്തിനിടയിലും ‘പൊതുശത്രുവായ ഡിഎംകെ അധികാരം പിടിക്കുന്നതു തടയാൻ ഒരമ്മ പെറ്റ മക്കളെപ്പോലെ നാം ഒരുമിച്ചു നിൽക്കണം’ എന്നു പറഞ്ഞും ചിന്നമ്മ നയതന്ത്രജ്ഞത കാട്ടിയിരുന്നു. 

എംജിആറിന്റെ മരണ ശേഷം, 1989ലെ തിരഞ്ഞെടുപ്പിനു മുൻപുള്ളതിനു സമാനമാണ് അണ്ണാഡിഎംകെയിലെ സ്ഥിതി. അന്നു നേതാക്കളിൽ ഭൂരിഭാഗവും എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനു പിന്നിൽ അണിനിരന്നു. മറുഭാഗത്തു ജയലളിത. തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ജയലളിത പക്ഷം മുപ്പതിനടുത്ത് സീറ്റ് നേടി. ജാനകി പക്ഷത്തിനു ലഭിച്ചതു 2 സീറ്റ്. ജാനകി ഉൾപ്പെടെയുള്ള നേതാക്കൾ തോറ്റു. ഈ ഓർമ ഉള്ളതുകൊണ്ടാകണം, ഒപിഎസ്–ഇപിഎസ് സഖ്യവും മയപ്പെട്ടായിരുന്നു നിൽപ്പ്. വമ്പൻ ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തി അധികാരത്തുടർച്ചയ്ക്കായി കളമൊരുക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുമെന്നു ദിനകരൻ വ്യക്തമാക്കിയെങ്കിലും ശശികലയുടെ നീക്കം അണ്ണാഡിഎംകെ സഖ്യത്തിനാകും ഗുണം ചെയ്യുക.

3 പതിറ്റാണ്ട് ജയലളിതയുടെ നിഴലുപോലെ കഴിഞ്ഞ ശശികല, ജയ ജീവിച്ചിരുന്ന കാലത്ത് പ്രത്യക്ഷമായി രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നില്ല. എങ്കിലും പാർട്ടിയിലെ അധികാരകേന്ദ്രമായിരുന്നു. ജയലളിതയുടെ മരണത്തിനു പിന്നാലെ അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ്, അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തടവിനു ശിക്ഷിക്കപ്പെട്ടു ബെംഗളൂരു ജയിലിലായത്. ശശികല ജയിലിലായിരിക്കെ പാർട്ടി സമവാക്യങ്ങൾ മാറി. അവരെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയ പുതിയ നേതൃത്വം ശശികലയുടെ കുടുംബവുമായും ബന്ധമില്ലെന്നു വ്യക്തമാക്കി.

ജയിൽശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശശികല രാഷ്ട്രീയത്തിൽ സജീവമാകുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. ഒത്തുതീർപ്പിനില്ലെന്ന് അണ്ണാഡിഎംകെയും വ്യക്തമാക്കി. ചെന്നൈയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ടെങ്കിലും അണ്ണാഡിഎംകെ വഴങ്ങിയില്ല. ശശികല സജീവമായി രംഗത്തിറങ്ങിയാൽ തെക്കൻ മേഖലയിൽ അണ്ണാഡിഎംകെ വോട്ടുകൾ വിഭജിക്കാൻ സാധ്യതയുണ്ടായിരുന്നു. ഇതു ബിജെപിയുടെ അതൃപ്തിക്കു കാരണമാകുമെന്ന ആശങ്ക പിന്മാറ്റത്തിനു കാരണമായി പറയപ്പെടുന്നു. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകൾ നിലനിൽക്കെ കേന്ദ്രത്തെ പിണക്കുന്നതു ബുദ്ധിയല്ലെന്നതും കാരണമാകാം.

ഭരണത്തുടർച്ച നേടിയാൽ, അണികളുടെ ‘ആവശ്യവും സമ്മർദവും’ കണക്കിലെടുത്തു വീണ്ടും അരങ്ങിലേക്കു വന്ന് അധികാരത്തിലേക്കു വഴിവെട്ടാമെന്നു ശശികല കണക്കൂകൂട്ടുന്നതായി അണിയറയിൽ സംസാരമുണ്ട്. താൽക്കാലിക വെടിനിർത്തൽ വലിയ യുദ്ധത്തിനുള്ള ആയുധ സമാഹരണത്തിനാണ് ശശികല ഉപയോഗിക്കുകയെന്നും ചിലർ വിലയിരുത്തുന്നു.

∙ രജനി പിന്മാറി, ഇപ്പോൾ ശശികലയും

1967ൽ ദ്രാവിഡ പാർട്ടികൾ ഭരണം പിടിച്ചതു തൊട്ട് തമിഴ്നാട് എന്നും ദ്രാവിഡക്കോട്ടയാണ്. ഭരണത്തിലും പ്രതിപക്ഷത്തുമായി അണ്ണാഡിഎംകെയും ഡിഎംകെയും മാറിമാറി വന്നു. ദ്രാവിഡ ആശയത്തിനു നേരെ വെല്ലുവിളിയുയരുമ്പോൾ അവർ പ്രതിരോധം തീർത്തു. കോൺഗ്രസും ബിജെപിയും അടക്കമുള്ള ദേശീയ പാർട്ടികളെ കയ്യകലത്ത് നിർത്തിയുള്ള രാഷ്ട്രീയമേ ഇവിടെയുള്ളൂ. ഇക്കുറി തമിഴകത്തെ 6.5 കോടി വോട്ടർമാർ ബൂത്തിലേക്കു കയറുമ്പോഴും ഒറ്റ ചോദ്യമേ ഉയരൂ– ഡിഎംകെയോ അണ്ണാഡിഎംകെയോ? 

Rajinikanth, Kamal Haasan
രജനീകാന്ത്, കമൽഹാസൻ

സൂപ്പർതാരം രജനീകാന്തിന്റെ മാസ് എൻട്രിയാണ് ഇത്തവണ പ്രതീക്ഷിച്ചത്. പക്ഷേ, റിലീസായില്ല. എങ്കിലും, നാടകീയതയ്ക്കു കുറവില്ല. ശശികലയുടെ വരവാണ് ഓളമുണ്ടാക്കിയത്. ജയലളിത കൂടി പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ ജയിൽശിക്ഷയ്ക്കു ശേഷമായിരുന്നു അനുയായികളുടെ ‘ത്യാഗത്തലൈവി ചിന്നമ്മയുടെ’ വരവ്. പക്ഷേ ചിന്നമ്മയും ഇല്ലെന്നു പറഞ്ഞതോടെ ഇനി താരം നടൻ കമൽ ഹാസനാണ്. സ്വന്തമായി ഭരണം പിടിക്കാനായില്ലെങ്കിലും സാന്നിധ്യം അറിയിക്കാൻ തന്നെയാണു കമൽഹാസന്റെ ‘മക്കൾ നീതി മയ്യ’ത്തിന്റെ നേതൃത്വത്തിൽ മൂന്നാംമുന്നണി കരുക്കൾ നീക്കുന്നത്.

അണ്ണാഡിഎംകെ സഖ്യകക്ഷിയായിരുന്ന നടൻ ശരത്കുമാറിന്റെ ‘സമത്വ മക്കൾ കക്ഷി’, കമലുമായി സഖ്യത്തിലേർപ്പെട്ടു. ശരത്കുമാറിന്റെ ഭാര്യയും നടിയുമായ രാധികയും മത്സരരംഗത്തുണ്ടാകും. അണ്ണാഡിഎംകെയിൽനിന്ന് അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെങ്കിൽ വിജയകാന്തിന്റെ ഡിഎംഡികെയും കമലിനൊപ്പം ചേർന്നേക്കും. അങ്ങനെ മൾട്ടിസ്റ്റാർ സിനിമപോലെ താരസമ്പന്നമാകും മൂന്നാംമുന്നണി. പക്ഷേ. തിരഞ്ഞെടുപ്പിൽ എത്ര വോട്ട് ‘കലക്ട്’ ചെയ്യുമെന്നതു പിന്നീടേ പറയാനാകൂ. അണ്ണാഡിഎംകെയുടെ സഖ്യകക്ഷിയായ ബിജെപിയും ഡിഎംകെ സഖ്യകക്ഷിയായ കോൺഗ്രസും വലിയ തയാറെടുപ്പാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ബിജെപിക്കു വേണ്ടി തേര് തെളിക്കുന്നു. ജനകീയ സംവാദങ്ങളിലൂടെ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ മുഖമാകുന്നു.

O Panneerselvam, Edappadi Palanisamy
ഒ. പനീർസെൽവം, എടപ്പാടി പളനിസാമി

ഒന്നും കാണാതെയല്ല ശശികല കളി നിർത്തുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ അഭിപ്രായമുയരുന്നത്. അമിത് ഷായുടെ ‘ചാണക്യ തന്ത്രമാണ്’ ഈ പിന്മാറ്റമെന്നും, ബിജെപി കൂടി ഉൾപ്പെട്ട സഖ്യത്തിനു തടസ്സമാകാതിരിക്കാൻ തൽക്കാലത്തേക്കു വെടിനിർത്തുന്നതാണെന്നും പറയപ്പെടുന്നു. തമിഴ്നാട്ടുകാർക്കു രണ്ടു മാസ് താരങ്ങളെ ‘മിസ്’ ചെയ്യുന്ന തിരഞ്ഞെടുപ്പാണിത്; പുരട്ചി തലൈവി ജയലളിതയും മുത്തുവേൽ കരുണാനിധിയും. ഈ ‘തിളക്കക്കുറവിന്’ പകരമാകുമെന്നു കരുതിയ ശശികല മത്സരത്തിനു മുൻപേ വിആർഎസ് എടുത്തു. എങ്കിലും ഗാലറിയിൽ ‘ശബ്ദമില്ലാതെ മുഴങ്ങുന്ന’ ഒന്നുണ്ട്. 2017 ഫെബ്രുവരിയിൽ ജയിലിലേക്കു പോകുംമുൻപു മറീന ബീച്ചിലെ ജയയുടെ സ്മൃതികുടീരത്തിനു മുന്നിൽ മൗനിയായി നിന്ന്, മൂന്നു തവണ കൈപ്പത്തി കൊണ്ടടിച്ച് മനസ്സുരുകി നടത്തിയ ശപഥം. ‘ഒരു ദിവസം മുഖ്യമന്ത്രിയായി തമിഴ്‌നാട്ടിലേക്കു മടങ്ങിയെത്തുമെന്ന്’ അനുയായികൾ വിശ്വസിക്കുന്ന ആ ശപഥം നിറവേറ്റാതെ ശശികല രാഷ്ട്രീയം അവസാനിപ്പിക്കുമോ?

English Summary: Advantage AIADMK As VK Sasikala's Move Stuns Tamil Nadu Ahead Of Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com