ADVERTISEMENT

കൊച്ചി∙ അറബിക് കൈകാര്യം ചെയ്യാൻ അറിയാമെന്നതിനാൽ കോൺസൽ ജനറലുമായുള്ള സംഭാഷണം മൊഴിമാറ്റുന്നതിനായി തന്നെ  ഉപയോഗിച്ചിരുന്നതായാണ് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് മജിസ്ട്രേറ്റിനു മുമ്പാകെ നൽകിയ രഹസ്യമൊഴി. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്പീക്കറുടെയും മൂന്നു മന്ത്രിമാരുടെയും കോൺസൽ ജനറലുമായുള്ള ഇടപാടുകളെക്കുറിച്ച് തനിക്ക് വ്യക്തമായി അറിവുണ്ടെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തുന്നു. സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ വലിയ തുകകൾ നിരവധി പ്രമുഖർക്ക് ലഭിച്ചതിന്റെ വിവരങ്ങളും അറിയാമെന്നുമാണ് ഇവർ രഹസ്യ മൊഴിയിൽ പറയുന്നത്.

ബിരുദം മാത്രമുള്ള സ്വപ്ന സുരേഷ് സർക്കാർ കേന്ദ്രങ്ങളിൽ പിടിമുറുക്കിയത് അത്ഭുതത്തോടെയാണ് കേരളം കണ്ടത്. എന്നാൽ അബുദാബിയിൽ ജനിച്ചു വളർന്ന ഇവർക്ക് വിവിധ ഭാഷകൾ അനായാസേന കൈകാര്യം ചെയ്യാനുള്ള കഴിവും ആകർഷണീയമായ പെരുമാറ്റവുമാണ് ഉന്നതരുമായി ബന്ധം സ്ഥാപിക്കാൻ സഹായമായത് എന്ന് വ്യക്തമായിരുന്നു. ഹിന്ദി, അറബിക്, ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ഭാഷകൾ മികച്ചരീതിയിൽ കൈകാര്യം ചെയ്യാനുള്ള കഴിവ് ഉന്നതർ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ് ഇവരുടെ മൊഴിയിലൂടെ പുറത്തു വരുന്നത്.

ഡിപ്ലോമാറ്റിക് കാർഗോയിലൂടെ 30 കിലോ സ്വർണം കടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സ്വപ്നയുടെ പേര് പുറത്തു വരുന്നത്. സ്വർണക്കടത്തു കേസിലും മറ്റ് ഇടപാടുകളിലും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിലേക്ക് അന്വേഷണങ്ങൾ നീങ്ങുമ്പോഴും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുകൾ ഇതിലേക്ക് എത്തുമെന്ന് ആരും കരുതിയിട്ടില്ല. സ്വപ്നയും എം. ശിവശങ്കറും തമ്മിലുള്ള ബന്ധം ഉന്നതരിലേക്ക് എത്തുന്നതിനും സ്വർണക്കടത്തിന് ഉൾപ്പടെ പരസ്പരം ഉപയോഗിക്കുകയുമായിരുന്നു എന്നാണ് കസ്റ്റംസ് ഹൈക്കോടതിയിൽ സമർപ്പിക്കാൻ തയാറാക്കിയ രേഖയിലൂടെ പുറത്തു വരുന്നത്.

English Summary: Swapna Suresh well verse in Arabic, which lead her to top positions
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com