ADVERTISEMENT

കൊച്ചി∙ അനധികൃത ഇടപാടുകളെക്കുറിച്ച് സംസ്ഥാന സർക്കാരിലെ പ്രമുഖരുടെ പേരു വെളിപ്പെടുത്തിയാൽ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് തന്നെ ജയിലിൽ ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ്. തന്റെ കുടുംബാംഗങ്ങൾക്കും ഭീഷണിയുണ്ടെന്നും കഴിഞ്ഞ നവംബറിൽ സെക്‌ഷൻ 108 പ്രകാരം കസ്റ്റംസിനു നൽകിയ മൊഴിയിലാണ് വെളിപ്പെടുത്തിയത്. പേരുകൾ പറയാതിരിക്കാൻ ജയിലിൽ കടുത്ത സമ്മർദമുണ്ടെന്നും കടുത്ത ഭീതിയിലാണെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ സമർപ്പിക്കാനായി തയാറാക്കിയ സത്യവാങ്മൂലത്തിൽ പറയുന്നു.

ജയിലിൽ കൊഫേപോസ തടവുകാർക്ക് അനുവദിച്ചിട്ടുള്ള സൗകര്യങ്ങൾ തനിക്ക് നിഷേധിച്ചിരിക്കുകയാണ്. മക്കളെ കാണാൻ പോലും അനുവദിക്കുന്നില്ലെന്നു കാണിച്ച് അന്വേഷണ സംഘത്തിനു കത്തു നൽകിയിരുന്നു. തുടർന്ന് നവംബർ 30ന് കോടതിയിൽ ഹാജരാക്കിയപ്പോൾ രഹസ്യമൊഴി നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇവ ആദ്യം എഴുതി നൽകാൻ കോടതി ആവശ്യപ്പെട്ടെങ്കിലും ഇത് സ്വപ്നയുടെ അഭിഭാഷകൻ നിരസിച്ചു. തുടർന്ന് വീണ്ടും സമർപ്പിച്ച അപേക്ഷയിലാണ് സിആർപിസി 164 പ്രകാരം സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി മൊഴി രേഖപ്പെടുത്തുന്നത്.

കസ്റ്റഡി കാലാവധി കഴിഞ്ഞ് ജയിലിലെത്തിയപ്പോൾ പല ഉന്നതരുടെയും പേരുകൾ സ്വപ്ന വെളിപ്പെടുത്തിയത് അധികൃതർക്ക് ബോധ്യപ്പെട്ടിരുന്നു. ഇതോടെ സ്വപ്നയെ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി സംവദിക്കുന്നതിൽനിന്നു വിലക്കി. ഇതു സംബന്ധിച്ച അട്ടക്കുളങ്ങര ജയിൽ അധികൃതർക്ക് കത്തു നൽകിയെങ്കിലും സ്വപ്നയുമായി സംവദിക്കുന്നത് അനുവദിക്കേണ്ടെന്ന് ഡിജിപി നിർദേശം നൽകിയിട്ടുണ്ടെന്നായിരുന്നു രേഖാമൂലമുള്ള മറുപടി.

അനധികൃത ഇടപാടുകളിൽ ഏർപ്പെട്ട ഉന്നതരുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനു പിന്നാലെ അവർക്കു ജയിലിൽ പീഡനവും ഭീഷണിയും അനുഭവിക്കേണ്ടി വന്നു എന്ന വെളിപ്പെടുത്തൽ വിശ്വസനീയമാണെന്നും കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

English Summary: Threat in jail not tell names of prominent persons involved in dollar smuggling says Swapna Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com