കൊല്‍ക്കത്ത∙ ബംഗാളില്‍ അട്ടിമറിക്കൊരുങ്ങുന്ന ബിജെപി നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ മുന്‍ വിശ്വസ്തന്‍ സുവേന്ദു അധികാരിയെന്ന വജ്രായുധം പ്രയോഗിക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയവൃത്തങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയാവും ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുകയെന്ന് ബിജെപി നേതാക്കന്മാര്‍ വ്യക്തമാക്കി.
മമതാ ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാമില്‍, അടുത്തിടെ തൃണമൂല്‍ വിട്ടു ബിജെപിയിലെത്തിയ സുവേന്ദു അധികാരിയെ തന്നെ രംഗത്തിറക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവര്‍ യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും.
ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ഇന്നലെ രാത്രിയേറെ നീണ്ട കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ സുവേന്ദു അധികാരി പങ്കെടുത്തിരുന്നു. നന്ദിഗ്രാമില്‍ മമതയെ 50,000 വോട്ടിനെങ്കിലും തോല്‍പ്പിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്ന് സുവേന്ദു അധികാരി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ ആധിപത്യം തകര്‍ത്ത് നന്ദിഗ്രാമം തൃണമൂല്‍ വര്‍ഷങ്ങളായി കൈയടക്കിവച്ചിരുന്നത് സുവേന്ദുവിന്റെ കരുത്തിലായിരുന്നു.
പത്തു വര്‍ഷം മുമ്പ് മമതയെയും തൃണമൂലിനെയും അധികാരത്തിലെത്താന്‍ സഹായിച്ച കര്‍ഷകമുന്നേറ്റത്തിന്റെ പ്രഭവകേന്ദ്രം എന്ന നിലയില്‍ നന്ദിഗ്രാമിനു ബംഗാള്‍ രാഷ്ട്രീയത്തില്‍ അതിനിര്‍ണായകമായ സ്ഥാനമാണുള്ളത്. എന്നാല്‍ തൃണമൂലിന് മേഖലയില്‍ കരുത്തുറ്റ അടിത്തറയുണ്ടാക്കാന്‍ അശ്രാന്തം പണിയെടുത്ത സുവേന്ദു അധികാരി ശത്രുപാളയത്തിലെത്തിയതാണ് പാര്‍ട്ടിനേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്. നന്ദിഗ്രാമില്‍ പ്രത്യേക സാമ്പത്തിക മേഖലയില്‍ കൃഷിപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ 2007ല്‍ നടന്ന പ്രക്ഷോഭത്തില്‍ 14 പേരാണ് മരിച്ചത്. 2011ല്‍ ഇതായിരുന്നു മമതയുടെ പ്രധാന പ്രചാരണായുധം.
ജനുവരിയില്‍ നടന്ന റാലിയിലാണ് നന്ദിഗ്രാമില്‍ താന്‍ മത്സരിക്കുമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചത്. നന്ദിഗ്രാമം തന്റെ ഭാഗ്യസ്ഥലമാണെന്നും അവിടെ മത്സരിക്കുമെന്നുമാണു മമത പറഞ്ഞത്. പിന്നീട് ഇപ്പോഴത്തെ സീറ്റായ ഭവാനിപുര്‍ ഉപേക്ഷിക്കില്ലെന്നും മമത അറിയിക്കുകയായിരുന്നു. നന്ദിഗ്രാം എന്റെ മൂത്ത സഹോദരിയും ഭവാനിപുര്‍ ഇളയസഹോദരിയുമാണെന്നു മമത പറഞ്ഞിരുന്നു. അന്നേ ദിവസം തന്നെ സുവേന്ദു അധികാരി മമതയുടെ വെല്ലുവിളി ഏറ്റെടുത്തു. അരലക്ഷം വോട്ടുകള്‍ക്ക് മമതയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് സുവേന്ദു പറഞ്ഞു.
English Summary: Mamata Banerjee vs Suvendu Adhikari In Nandigram? PM To Decide