ADVERTISEMENT

തിരുവനന്തപുരം ∙ ചങ്ങനാശ്ശേരിയില്‍ തട്ടി ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ച വീണ്ടും വഴിമുട്ടി. സീറ്റ് സിപിഐക്ക് നല്‍കാനാവില്ലെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ചങ്ങനാശ്ശേരിയില്ലെങ്കില്‍ കാഞ്ഞിരപ്പള്ളി നല്‍കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നിലപാട് എടുത്തു. അതിനിടെ ചാലക്കുടി കൂടി നേടിയെടുത്ത് കേരള കോണ്‍ഗ്രസ് എം പത്തുസീറ്റ് ഉറപ്പിച്ച് മികച്ച നേട്ടവുമുണ്ടാക്കി.

ചങ്ങനാശ്ശേരിയെ ചൊല്ലിയുള്ള പ്രതിസന്ധി ഇന്നത്തെ ഉഭയകക്ഷി ചര്‍ച്ചയിലും പരിഹരിക്കാന്‍ സിപിഎം, സിപിഐ നേതൃത്വങ്ങള്‍ക്കായില്ല. ചങ്ങനാശ്ശേരി സിപിഐക്ക് നല്‍കാനാവില്ലെന്നും ജോസ് കെ.മാണിക്ക് നല്‍കേണ്ടി വരുമെന്നും ചര്‍ച്ചയില്‍ പിണറായി വിജയന്‍ സൂചന നല്‍കി. അത് അംഗീകരിക്കാനാവില്ലെന്നും ചങ്ങനാശ്ശേരി തന്നില്ലെങ്കില്‍ കാഞ്ഞിരപ്പള്ളിയില്‍ സിപിഐ തന്നെ മത്സരിക്കുമെന്ന് കാനവും നിലപാട് എടുത്തു.

ജോസ് കെ.മാണിയോട് ഒന്നുകൂടി സംസാരിക്കാമെന്ന ധാരണയിലാണ് സിപിഎം–സിപിഐ ചര്‍ച്ച അവസാനിച്ചത്. അതിനിടെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ചാലക്കുടി കൂടി ജോസ് കെ.മാണിക്ക് നല്‍കാന്‍ തീരുമാനമായി. മുന്നണി മാറിവന്ന ജോസ് പത്തുസീറ്റ് ഉറപ്പിച്ച് മികച്ച സീറ്റ് വിഹിതമാണ് സ്വന്തമാക്കിയത്. പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പൂഞ്ഞാര്‍, ഇടുക്കി, തൊടുപുഴ, ഇരിക്കൂര്‍, കുറ്റ്യാടി, റാന്നീ എന്നീ സീറ്റുകൾ ജോസ് ഉറപ്പിച്ചിട്ടുണ്ട്.

പെരുമ്പാവൂരും ചങ്ങനാശ്ശേരിയും നേടിയെടുക്കാനുള്ള സമ്മര്‍ദം കേരള കോണ്‍ഗ്രസ് തുടരുകയാണ്. ഒടുവില്‍ പൂഞ്ഞാര്‍ സിപിഐക്ക് വിട്ടുനല്‍കി ചങ്ങനാശ്ശേരി ജോസ് എറ്റെടുക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്. അതിനിടെ ആന്റണി രാജുവിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായി ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

Content Highlights: CPM-CPI discussion on Changanassery constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com