ADVERTISEMENT

തിരുവനന്തപുരം/കൊച്ചി ∙ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കരാറുകാരനായ സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ പാർട്ടി പ്രതിരോധത്തിലായി. തിരഞ്ഞെടുപ്പു സമയത്ത് കേന്ദ്ര ഏജൻസികളിൽനിന്ന് എതിരായ നീക്കങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും ഐഫോൺ കണ്ടെത്തിയത് അപ്രതീക്ഷിത നീക്കമായി. ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും പങ്കുണ്ടെന്നു സ്വപ്ന വെളിപ്പെടുത്തിയെന്ന വിധത്തിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന കസ്റ്റംസ് കമ്മിഷണറുടെ സത്യവാങ്മൂലം വ്യാജ സൃഷ്ടിയാണെന്ന നിലപാടിലായിരുന്നു പാർട്ടി. ഇതിനെതിരെ കസ്റ്റംസ് ഓഫിസുകളിലേയ്ക്ക് സിപിഎം മാർച്ച് നടത്താൻ തയാറെടുക്കുമ്പോൾ ഉയർന്ന ഐഫോൺ വിവാദം പാർട്ടി അണികൾക്കിടയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്.

പാർട്ടിയെ സമ്മർദ്ദത്തിലാക്കി ഡിജിറ്റൽ തെളിവ്

കോടതിയിൽ നൽകിയ 164 മൊഴി വ്യാജമാണെന്നു വരുത്തിത്തീർക്കാൻ സൈബർ ഇടങ്ങളിൽ ഉൾപ്പടെ ശ്രമം ശക്തമാകുന്നതിനിടെ ഡിജിറ്റൽ തെളിവുകളുമായി കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് പാർട്ടിയെയും പ്രവർത്തകരെയും സമ്മർദത്തിലാക്കും. ഐഎംഇഐ നമ്പർ ഉപയോഗിച്ച് കസ്റ്റംസ് ഉയർത്തുന്ന വാദങ്ങൾക്കു മുന്നിൽ എതിർവാദം ഉയർത്താൻ ആരോപണ വിധേയ വിയർക്കുമെന്നാണ് വിലയിരുത്തൽ. തന്റെ പേരിലുള്ള സിംകാർഡ് മറ്റാരെങ്കിലും ഉപയോഗിച്ചിരുന്നു എന്നു വാദിക്കുന്ന സാഹചര്യമുണ്ടായാലും ഇതിൽനിന്നു പുറത്തേക്കു പോയ വിളികൾ പരിശോധിച്ച് ഫോൺ ഉപയോഗിച്ചത് ആരാണെന്നു വ്യക്തമാകാൻ ബുദ്ധിമുട്ടുണ്ടാകില്ല. പ്രത്യേകിച്ച് ഇതേ നമ്പരിൽനിന്ന് ചില പ്രമുഖർക്ക് വിളികൾ പോയതായി കസ്റ്റംസ് കണ്ടെത്തിയ സാഹചര്യത്തിൽ. നേരത്തെ ആരോപണമുയർന്ന വീസ സ്റ്റാംപിങ് കമ്പനിയിലേക്കു കോളുകൾ പോയതും കസ്റ്റംസ് കണ്ടെത്തി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ ആരോപണം ഉയരുമ്പോൾ സംസ്ഥാനത്തിനെതിരെ കേന്ദ്രം ഭരിക്കുന്ന പാർട്ടി മനപ്പൂർവം നടത്തുന്ന ആക്രമണമാണെന്നു വരുത്തിത്തീർക്കാൻ ഏറെക്കുറെ സാധിച്ചിരുന്നു. ബിജെപിയുടെ രാഷ്ട്രീയ ആയുധമാണ് അന്വേഷണ ഏജൻസികൾ എന്ന ആരോപണവും സിപിഎം ഉയർത്തി. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഡിസംബറിൽ നൽകിയ മൊഴി ഇത്രനാൾ പുറത്തു വിടാതിരുന്നത് തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണെന്ന ആരോപണവും ശക്തമായിരുന്നു. ഒരിടക്കാലത്ത് സ്വർണക്കടത്തിലും ഡോളർ കടത്തിലും അന്വേഷണം മരവിച്ച മട്ടായിരുന്നു. ഇതും തിരഞ്ഞെടുപ്പു സമയത്ത് ആരോപണങ്ങളുമായി എത്താനായിരുന്നു എന്നാണ് പാർട്ടി കുറ്റപ്പെടുത്തുന്നത്. എന്നാൽ കേസിൽ ഉൾപ്പെട്ട ഉന്നതരെക്കുറിച്ചുള്ള വിവരങ്ങൾ ആയതിനാൽ കേന്ദ്ര അനുമതി വാങ്ങാനാണ് വൈകിപ്പിച്ചത് എന്നാണ് കസ്റ്റംസ് വിശദീകരണം.

യുഎഇ കോൺസുലേറ്റിൽ നടന്ന വാർഷിക ചടങ്ങിൽ പങ്കെടുത്ത രമേശ് ചെന്നിത്തലയ്ക്ക് ഐഫോൺ ലഭിച്ചെന്നും പ്രോട്ടോക്കോൾ ലംഘിച്ച് അതു സ്വീകരിച്ച ചെന്നിത്തല പ്രതിപക്ഷ സ്ഥാനം രാജിവയ്ക്കണം എന്നും നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. സ്വന്തം വീട്ടിൽനിന്നു തന്നെ ഒരാൾ അതേ ഫോൺ ഉപയോഗിക്കുന്നുണ്ടായിരുന്നു എന്ന വിവരം പുറത്തു വരുന്നത് പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് അവധിയെടുത്തു നിൽക്കുന്ന കോടിയേരിക്കും തിരിച്ചടിയായിട്ടുണ്ട്.

വിജിലൻസ് കണ്ടെത്താത്ത ഫോൺ

വിജിലൻസിനു കണ്ടെത്താൻ കഴിയാതിരുന്ന ഫോണാണ് കസ്റ്റംസ് കണ്ടെത്തിയത്. ബിജെപി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കമെന്നു നേതൃത്വം പറയുന്നുണ്ടെങ്കിലും സന്തോഷ് ഈപ്പൻ വാങ്ങിയ ഫോൺ എങ്ങനെ വിനോദിനിയുടെ കയ്യിലെത്തിയെന്നു വിശദീകരിക്കാൻ പ്രയാസമായിരിക്കും.

ലൈഫ് മിഷൻ കരാർ ലഭിക്കാനായി സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിനു നൽകിയ 7 ഐ ഫോണുകളിൽ ആറെണ്ണത്തിന്റെ വിവരങ്ങൾ വിജിലൻസും ശേഖരിച്ചിരുന്നു. ഏറ്റവും വിലകൂടിയ ഐ ഫോൺ നൽകിയത് കോൺസൽ ജനറലിനാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എറണാകുളത്തുനിന്ന് സന്തോഷ് ഈപ്പൻ വാങ്ങിയ 6 ഫോണുകൾ കോൺസൽ ജനറലിന് ഇഷ്ടപ്പെടാത്തതിനാലാൽ തിരുവനന്തപുരത്ത് സ്റ്റാച്യുവിലുള്ള കടയിൽനിന്നാണ് 1.13 ലക്ഷം രൂപയ്ക്കു ഫോൺ വാങ്ങിയത്.

99,000 രൂപ വിലയുള്ള ഫോൺ ശിവശങ്കറിനു സ്വപ്ന നൽകി. ഒരെണ്ണം സന്തോഷ് ഈപ്പൻ ഉപയോഗത്തിനായി എടുത്തു. പിന്നീടുള്ളവ കോൺസുലേറ്റിലെ നറുക്കെടുപ്പിൽ അസി.പ്രോട്ടോകോൾ ഓഫിസറായ രാജീവനും വിമാനക്കമ്പനി ജീവനക്കാരനായ വാസുദേവ ശർമയ്ക്കും കോൺസുലേറ്റിലെ ഡിസൈനറായിരുന്ന പ്രവീണിനും നൽകി. നറുക്കെടുപ്പിൽ നല്‍കിയത് 49,000 രൂപയുടെ ഫോണാണ്. ഒരെണ്ണം ആരുടെ കയ്യിലാണെന്നു അപ്പോഴും വ്യക്തമായിരുന്നില്ല. ആ ഫോണാണ് കസ്റ്റംസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ശിവശങ്കറിനു കോഴയിടപാട് അറിയാമായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെത്തുടർന്നാണു വിജിലൻസ് അഞ്ചാം പ്രതിയാക്കിയത്. ഐഫോൺ വാങ്ങുമ്പോൾ അത് സന്തോഷ് ഈപ്പൻ സമ്മാനിച്ചതാണെന്നു ശിവശങ്കറിന് അറിവുണ്ടായിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി യൂണീടാക്കിനു ലഭിച്ചത് കമ്മിഷൻ നൽകിയിട്ടാണെന്ന കാര്യവും ശിവശങ്കറിന് അറിയാമായിരുന്നു.

Content Highlights: iPhone Controversy, LDF, CPM, Kodiyeri Balakrishnan, Vinodini Kodiyeri, Customs Questioning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com