ADVERTISEMENT

രാഷ്ട്രീയം വിടുന്നുവെന്ന ‘ചിന്നമ്മയുടെ’ പ്രഖ്യാപനം അൽപം ഞെട്ടലോടെയാണ് തമിഴ് രാഷ്ട്രീയം കേട്ടത്. നാല് വർഷം മുൻപ്, അനധികൃത സ്വത്തു സമ്പാദന കേസിൽ ബെംഗളൂരു കോടതിയിൽ കീഴടങ്ങാനുള്ള യാത്രയ്ക്കിടെ ജയലളിതയുടെ സ്മാരകത്തിൽ നിർത്തി മൂന്ന് തവണ സ്മാരകത്തിൽ അടിച്ച് തിരിച്ചുവരുമെന്ന് ശപഥം ചെയ്താണ് ശശികല പോയത്. ശിക്ഷ പൂർത്തിയാക്കി രണ്ടുമാസം മുൻപ് ചെന്നൈയിലേക്ക് മടങ്ങിയെത്തിയ ശശികലയിൽനിന്ന് മാസ് എൻട്രി പ്രതീക്ഷിച്ചിരിക്കെ അണികളാരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റായിരുന്നു ശശികല നൽകിയത്. ശശികലയുടെ പിന്മാറ്റം തന്ത്രപരമായ പിൻവാങ്ങലോ? അതോ തമിഴ്‌ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകുമെന്ന കരുതിയ ആളിന്റെ അവസാനമാണോയെന്നത് ഇനിയും വ്യക്തമല്ല.

‘ഞാൻ ഒരിക്കലും അധികാരത്തിനോ സ്ഥാനത്തിനോ ആഗ്രഹിച്ചിട്ടില്ല. അമ്മയുടെ (ജയലളിത) മരണത്തിനുശേഷവും ഞാൻ ഒരു സഹോദരിയായി തുടർന്നു. ഞാൻ ദൈവമായി കരുതുന്ന അമ്മയോട്, അമ്മയുടെ സർക്കാർ സ്ഥാപിക്കാനായി പ്രാർഥിക്കും’– ഇതായിരുന്നു രാഷ്ട്രീയത്തിലേക്കില്ലെന്നു പ്രഖ്യാപിച്ചുള്ള ശശികലയുടെ വാക്കുകൾ. അമ്മയുടെ സുവർണഭരണത്തിന്റെ തിരിച്ചുവരവിനായി പ്രാർഥിക്കുന്നതിനിടയിൽ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുക എന്ന ശശികലയുടെ പ്രഖ്യാപനം അണ്ണാ ഡിഎംകെയും അനന്തരവൻ ടി‌ടി‌വി ദിനകരനെയും ഉൾപ്പെടെ എല്ലാവരെയും അത്ഭുതപ്പെടുത്തി.

vk-Sasikala
വി.കെ.ശശികല (ഫയൽ ചിത്രം)

ശശികലയ്ക്ക് 2027 വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെങ്കിലും, ഇത് ശശികലയുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമല്ലെന്ന് പലരും പറയുന്നു. ഒറ്റനോട്ടത്തിൽ, ശശികലയുടേത് രാഷ്ട്രീയ കീഴടങ്ങൽ ആണെങ്കിലും ഇത് മുൻകൂട്ടി കണക്കുകൂട്ടിയ ഒരു ‘പ്രതിഷേധം’ കൂടിയാണ്. ചിലപ്പോൾ, രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കുന്നത് താൽക്കാലികമായിരിക്കാം. അതിന് അതിന്റെ ഗുണങ്ങളുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ തോറ്റാൽ ശശികലയുടെമേൽ കുറ്റം ചുമത്തേണ്ടതില്ല. പാർട്ടിയിൽ ഭിന്നതകളുണ്ടാകും. അത് ശശികലയുടെ തിരിച്ചുവരവിനും വഴിയൊരുക്കിയേക്കാം. മറിച്ച് അണ്ണാ ഡിഎംകെ-ബിജെപി സഖ്യം വിജയിച്ചാൽ, പാർട്ടിയിലേക്ക് മടങ്ങിവരാനുള്ള അവസരത്തിനായി അവർക്ക് കാത്തിരിക്കേണ്ടിവരും.

∙ പിന്നിൽ അമിത് ഷായോ? 

ശശികലയുടെ പ്രഖ്യാപനത്തിനു പിന്നാലെ ചൂടുപിടിച്ച ചർച്ചകളാണ് തമിഴകത്ത് നടക്കുന്നത്. പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണോയെന്നുവരെ ചർച്ചകൾ നീളുന്നു. സമൂഹമാധ്യമങ്ങളിലും ഇതാണ് ചർച്ച. ചിലർ, ആഭ്യന്തരമന്ത്രി അമിത് ഷായെ ‘രാഷ്ട്രീയ ചാണക്യൻ’ എന്ന് പ്രശംസിക്കുകയും ശശികലയുടെ കളി ആരംഭിക്കാതെ തന്നെ അവസാനിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ മറ്റുള്ളവർ ജയലളിതയുടെ അടുത്ത സഹായി രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാതെ ‘മാറിനിൽക്കുകയാണ്’ എന്ന് അവകാശപ്പെടുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ശശികല തിരിച്ചുവരുമെന്നാണ് ചിലരുടെ അവകാശവാദം. ‘ശക്തമായ സഖ്യം’ ഉണ്ടാക്കുന്നതിനുള്ള യുക്തിസഹമായ മാർഗമാണ് ശശികലയുടെ നീക്കമെന്നും വിലയിരുത്തുന്നവരുണ്ട്.

∙ ജയയുടെ ശക്തി സ്തംഭം

മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ തോഴിയായ ശശികല, ജയലളിതയുടെ നല്ല സമയങ്ങളിലും മോശം സമയങ്ങളിലും കരുത്തിന്റെ തൂണായിരുന്നു. പ്രത്യേകിച്ചും അണ്ണാ ഡിഎംകെയിലെ ഒരു വിഭാഗം ജയലളിതയുടെ നേതൃത്വത്തെ എതിർത്തപ്പോഴുമെല്ലാം കൂടെ നിന്നത് ശശികല മാത്രം. 1980 കളുടെ തുടക്കത്തിൽ ശശികലയും ജയലളിതയും തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കം. അന്ന് അണ്ണാ ഡിഎംകെയുടെ പ്രചാരണ സെക്രട്ടറിയായിരുന്നു ജയലളിത. ഒരു പ്രചാരണ വിഡിയോ ഷൂട്ട് ചെയ്യാനുള്ള അനുമതി തേടിയാണ് ശശികല ജയലളിതയ്ക്കടുത്തെത്തുന്നത്. ആ സൗഹൃദം ജയലളിതയുടെ മരണം വരെ തുടർന്നു. ശശികല അറിയാതെ ആർക്കും ജയലളിതയെ സമീപിക്കാനാവില്ലായിരുന്നു. അതേസമയം, ശശികലയ്ക്കെതിരെ നിരവധി ആരോപണങ്ങളും ഉയർന്നിരുന്നു. തന്റെ വിശ്വസ്തരായ ആളുകളെ സർക്കാരിലും ജയലളിതയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ടെലിവിഷൻ ചാനലുകളിലും അവർ നിയമിച്ചിരുന്നു. 

vk-Sasikala-J-Jayalalithaa
ജയലളിതയും ശശികലയും (ഫയൽ ചിത്രം)

അധികാരത്തിലും ശശികല ഇടപെട്ടിരുന്നതായി പറയപ്പെടുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എ സർക്കാരിനുള്ള പിന്തുണ പിൻ‌വലിക്കാൻ ജയലളിതയെ ശശികല സ്വാധീനിച്ചതായി അഭിപ്രായങ്ങളുണ്ട്. തന്നെ ബിജെപി അവഗണിക്കുകയാണെന്ന് മനസ്സിലാക്കിയ ശശികല, 1999 ൽ ജയലളിതയും സോണിയ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ചയ്ക്കു വഴിയൊരുക്കി. യോഗം കഴിഞ്ഞ് ഇറങ്ങിയ ജയലളിത എൻ‌ഡി‌എയ്ക്കുള്ള പിന്തുണ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. വാജ്‌പേയി സര്‍ക്കാരിനെതിരെ ഒരു വോട്ടിന് അവിശ്വാസപ്രമേയം പാസായി.

English Sumamry: VK Sasikala’s move to step aside from politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com