ADVERTISEMENT

തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയയാത്രയുടെ സമാപന സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെയും അഴിമതിയുടെയും കൂത്തരങ്ങായി മാറിയെന്ന് അമിത് ഷാ പറഞ്ഞു. ‘പുതിയ കേരളം മോദിക്കൊപ്പം’ എന്ന എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വാചകം അമിത് ഷാ പുറത്തിറക്കി. നടൻ ദേവന്റെ രാഷ്ട്രീയ പാർട്ടി അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ലയിച്ചു.

‘അഴിമതി നടത്താൻ യുഡിഎഫും എൽഡിഎഫും തമ്മിൽ മത്സരിക്കുകയാണ്. യുഡിഎഫ് വന്നാൽ സോളാര്‍ തട്ടിപ്പും, എൽഡിഎഫ് വന്നാൽ ഡോളര്‍ കടത്തും നടക്കുന്ന അവസ്ഥയാണ്.  കേരളത്തിൽ പരസ്പരം പോരടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ബംഗാളിൽ ഒരുമിച്ചാണ്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുന്നെന്ന ആരോപണത്തിൽ, താൻ ഉന്നയിക്കുന്ന നിർണായക ചോദ്യങ്ങൾക്ക് പൊതുവേദിയിൽ മറുപടി പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണം.

സ്വർണക്കടത്ത് കേസ് പ്രതി മുഖ്യമന്ത്രിയുടെ ഓഫിസിൽ ജോലി ചെയ്തിരുന്നോ? സ്വർണം പിടിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടോ ഇല്ലയോ? പ്രതിയായ സ്ത്രീ മുഖ്യമന്ത്രിയുടെ വിദേശ യാത്രകളിൽ ഒപ്പമുണ്ടായിരുന്നോ ഇല്ലയോ? ഈ സ്ത്രീ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിത്യസന്ദര്‍ശകയല്ലേ? ഈ വിഷയത്തിൽ ഇഡിയും കസ്റ്റംസും നടത്തിയ അന്വേഷണത്തിൽ ഇതൊക്കെ പുറത്തു വന്നില്ലേ? സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുണ്ടായ സംശയാസ്പദമായ ഒരു മരണത്തെക്കുറിച്ച് നിങ്ങൾ മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണ്?

ഇവിടെ സിപിഎമ്മും കോണ്‍ഗ്രസും വര്‍ഗ്ഗീയ പാര്‍ട്ടികളായ എസ്ഡിപിഐയുമായും മറ്റും സഖ്യത്തിലാണ്. ഇവിടെ കോണ്‍ഗ്രസ് സിപിഎമ്മിനെതിരാണ്. എന്നാൽ ബംഗാളിൽ ചെന്നാൽ കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലാണ്. ബംഗാളിൽ ഷെരീഫിന്റെ പാര്‍ട്ടിയുമായി കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലാണ്. മഹാരാഷ്ട്രയിൽ ചെന്നാൽ ഇവര്‍ ശിവസേനയുമായി സഖ്യത്തിലാണ്. എന്താണ് നിങ്ങളുടെ രാഷ്ട്രീയദിശ?

അയ്യപ്പ ഭക്തര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായപ്പോൾ ഇവിടെ കോണ്‍ഗ്രസ് മൗനത്തിലായിരുന്നു. ശബരിമല ക്ഷേത്രം അയ്യപ്പഭക്തരുടെ നിയന്ത്രണത്തിലായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നാണു ബിജെപിയുടെ ഉറച്ച അഭിപ്രായം. അല്ലാതെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ല.

ആത്മനിര്‍ഭര്‍ ഭാരത് എന്ന നയം പ്രഖ്യാപിച്ച് അഞ്ച് ട്രില്യൻ സമ്പദ് ഘടനയായി ഇന്ത്യയെ മാറ്റുകയാണ് ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും ലക്ഷ്യം. ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മോദി ഇന്ത്യയെ മാറ്റി. ഇന്നിപ്പോൾ ലോകത്തെ ഏറ്റവും വലിയ കോവിഡ് വാക്സിനേഷൻ പദ്ധതി ഇന്ത്യയിൽ വിജയകരമായി പുരോഗമിക്കുകയാണ്.

എന്നാൽ കോവിഡിന്റെ കാര്യത്തിൽ കേരളത്തിലേക്ക് വന്നാൽ സ്ഥിതി ഗുരുതരമാണ്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ നാൽപ്പത് ശതമാനവും കേരളത്തിലാണ്. പ്രളയത്തിൽ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാൻ കേരള സര്‍ക്കാരിനായില്ല.’– അമിത് ഷാ പറഞ്ഞു.

English Summary: Amit Shah challenges CM Pinarayi Vijayan in Vijay Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com