ADVERTISEMENT

രാജ്യാന്തര വിപണിയുടെയും അഭ്യന്തരഘടകങ്ങളുടെയും പിന്തുണയിൽ കഴിഞ്ഞ വാരം ആദ്യ മൂന്നു ദിവസങ്ങളിൽ മുന്നേറിയ ഇന്ത്യൻ വിപണി ആഴ്ചയുടെ അവസാന രണ്ടു ദിനങ്ങളിൽ വീണു തകർന്നത് നിക്ഷേപകർക്ക് അപ്രതീക്ഷിത നഷ്ടം വരുത്തി. അമേരിക്കൻ വിപണിയിലുണ്ടായ തകർച്ചയുടെ ചുവടുപിടിച്ചായിരുന്നു ഇന്ത്യൻ വിപണികളുടെയും വീഴ്ച. അമേരിക്കൻ ബോണ്ടുകളുടെ വരുമാന വർധനവിനു തൽക്കാലം തടയിടാൻ ഫെഡ് ഉദ്ദേശിക്കുന്നില്ലെന്ന പ്രഖ്യാപനങ്ങൾ ഓഹരി വിപണിയിൽനിന്നു പണം ബോണ്ട് വിപണിയിലേക്കൊഴുകാൻ കാരണമായേക്കാവുന്നത് ഇന്ത്യൻ വിപണിക്കും ക്ഷീണമാണ്. ഓഹരി വിപണണിയിലെ അപ്രതീക്ഷിത കയറ്റിറക്കങ്ങളെ വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയൊ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

ആഭ്യന്തര ഘടകങ്ങളെക്കാൾ രാജ്യാന്തര ഘടകങ്ങൾ തന്നെയാവും അടുത്ത ആഴ്ചയിലെ ഇന്ത്യൻവിപണിചലനങ്ങൾ തീരുമാനിക്കുക. അമേരിക്കൻ ഉത്തേജന നടപടികളും പണപ്പെരുപ്പ കണക്കുകളും ബോണ്ട് യീൽഡും പലിശ നിരക്കും ഇന്ത്യൻ വിപണിക്ക് ഈ ആഴ്‌ച വളരെ നിർണായകമാണ്. കൃത്രിമമായി ഉയർത്തുന്ന രാജ്യാന്തര എണ്ണ വിലയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും വിപണിക്കും ക്ഷീണമാണ്.

അമേരിക്കൻ ചാഞ്ചാട്ടങ്ങൾ

വൻ മുന്നേറ്റത്തോടെ കഴിഞ്ഞവാരം വ്യാപാരം ആരംഭിച്ച അമേരിക്കൻ വിപണി പിന്നീടുള്ള മൂന്നു ദിവസവും വീണ ശേഷം വെള്ളിയാഴ്ച നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചത് തിങ്കളാഴ്ച ഇന്ത്യയടക്കമുള്ള ഏഷ്യൻ വിപണികൾക്ക് അനുകൂലമാകും. കഴിഞ്ഞ ചൊവ്വാഴ്ച ലാഭമെടുക്കലായിരുന്നെങ്കിൽ, ബുധനാഴ്ച ബോണ്ട് യീൽഡ് മുന്നേറിയതും വ്യാഴാഴ്ച പണപ്പെരുപ്പം തടയാനായി തൽക്കാലം പ്രത്യേക നടപടികളൊന്നും ഉണ്ടാവില്ല എന്ന ഫെഡ് ചെയർമാൻ ജെറോം പവലിന്റെ തുറന്നു പറച്ചിലും അമേരിക്കൻവിപണിയുടെ ആത്മവിശ്വാസം കെടുത്തിക്കളഞ്ഞത് ലോക വിപണിക്കും ക്ഷീണമായി. എങ്കിലും സ്റ്റിമുലസ് ചർച്ചകളുടെയും മോശമല്ലാത്ത തൊഴിൽ വിവര കണക്കുകളുടെയും അമേരിക്കൻ സാമ്പത്തിക വളർച്ച കണക്കുകളുടെയും പിന്തുണയോടെ അവസാന ദിനം കരകയറാനായത് വിപണിക്ക് ആശ്വാസമാണ്.

മുന്നേറ്റം തുടരുന്ന ബോണ്ട് യീൽഡിനു പിന്നാലെ പലിശ വർധനവും അമേരിക്കൻ വിപണിക്കു ക്ഷീണമാണ്. എങ്കിലും അടുത്ത വാരം വിപണിയുടെ ശ്രദ്ധ ഭാഗികമായി സ്റ്റിമുലസ് ചർച്ചയിൽ കേന്ദ്രീകരിക്കപ്പെടുന്നതു വിപണിയുടെ ബോണ്ട് യീൽഡ് ‘ബാധ’ യുടെ സ്വാധീനം കുറച്ചേക്കാം. വിപണിയിലെ കഴിഞ്ഞ വാരത്തിലെ ചില അധിക വിൽപനകൾ അടുത്ത ആഴ്ചയിൽ വിപണിയുടെ ബൗൺസ് ബാക്കിന് കാരണമായേക്കാവുന്നതും വിപണിക്ക് ആശ്വാസകരമായേക്കാം. സ്റ്റിമുലസ് പ്രഖ്യാപനം വരെ വിപണിയിലെ വീഴ്ചകളോരോന്നും അവസരങ്ങളാണ്.

ഓഹരിയും സെക്ടറുകളും

∙ സിമെന്റ് ഓഹരികൾ കുതിപ്പ് തുടരുകയാണ്. ബജറ്റ് പ്രഖ്യാപിത ഇൻഫ്രാ പ്രോജക്ടുകളുടെ ബാഹുല്യത്തിൽ സിമന്റ് ഉപഭോഗം ഗണ്യമായി ഉയർത്തുന്നത് നിക്ഷേപകർ ശ്രദ്ധിക്കുക. ദീർഘകാല നിക്ഷേപത്തിനായി മികച്ച സിമെന്റ് ഓഹരികൾ പോർട്ട് ഫോളിയോകളിൽ നിർബന്ധമാക്കുക. അൾട്രാ ടെക്, ശ്രീസിമന്റ്, എസിസി, ജെകെ ലക്ഷ്മി സിമന്റ്, അംബുജ സിമന്റ്, സ്റ്റാർ സിമന്റ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

∙ അടുത്ത മൂന്നു മാസക്കാലത്തേക്ക് എയർകണ്ടിഷണർ കമ്പനികളുടെ ഓഹരികൾ ശ്രദ്ധിക്കുക. ബ്ലൂ സ്റ്റാർ, വോൾട്ടാസ്, സിംഫണി, ഹാവെൽസ്, ജോൺസൻ കോൺട്രോൾസ്, മുതലായവക്കൊപ്പം എയർ കണ്ടിഷണറുകളുടെ കോൺട്രാക്ട് ഉത്പാദകരായ ആംബർ എന്റർപ്രൈസസും നിക്ഷേപത്തിന് പരിഗണിക്കാം

∙ രാജ്യാന്തര വിപണിയിലെ വർധിച്ച ആവശ്യകതയും കുറഞ്ഞ ലഭ്യതയും പഞ്ചസാര ഓഹരികൾക്ക് അനുകൂലമാണ്. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളും മേഖലക്കനുകൂലമാണ്. അടുത്ത ഇറക്കത്തിൽ പഞ്ചസാര ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം

∙ സ്പെക്ട്രം ലേലത്തിൽ ജിയോക്കു മേൽക്കൈ നേടാനായതു റിലയൻസ് ഓഹരിക്ക് അനുകൂലമാണ്. 5ജി സ്പെക്ട്രം ലേലത്തിലും കമ്പനി മേൽകൈ നേടുന്നത് ഇന്ത്യൻ ടെലികോം മേഖലയുടെ തന്നെ നിയന്ത്രണം കമ്പനിക്കു നൽകിയേക്കും. ജിയോയുടെ പുതിയ 1999 ഹാൻഡ്സെറ്റ് പ്ലാൻ എതിരാളികൾക്ക് വീഴ്ച നൽകിക്കഴിഞ്ഞു. ഉപഭോക്തൃ സംഖ്യാ വർധനവു പുതിയ പ്ലാനിലൂടെ സാധ്യമാകുമെന്ന് വിപണി കരുതുന്നു.

∙ 5ജി അനുബന്ധ കോൺട്രാക്ടുകൾ ലഭ്യമാകുന്നത് ഇന്ത്യൻ ടെക് മേഖലക്ക് അനുകൂലമാണ്. ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക് അടക്കമുള്ള ഓഹരികൾ അടുത്ത തിരുത്തലിലോ, ഭാഗികമായോ പാദഫല പ്രഖ്യാപനങ്ങൾ മുന്നിൽ കണ്ടു വാങ്ങിത്തുടങ്ങാവുന്നതാണ്.

∙ ജിയോ ഹാൻഡ്സെറ്റ് നിർമാണത്തിന്റെ കോൺട്രാക്ട് പ്രതീക്ഷിക്കുന്ന ഡിക്‌സൺ ടെക്നോളജീസ് ദീർഘകാല നിക്ഷേപത്തിനു പരിഗണിക്കാം. ഓഹരി അടുത്ത തിരുത്തലിൽ നിക്ഷേപത്തിന് തീർച്ചയായും പരിഗണിക്കുക.

∙ പവർ സെക്ടർ ഓഹരികൾ ദീർഘ കാല നിക്ഷേപത്തിന് അനുകൂലമാണ്. ടാറ്റ പവർ , അദാനി പവർ , ജെഎസ്ഡബ്ലിയു എനർജി, സെസ്‌ക്, മുതലായവ പരിഗണിക്കാം. ഐഎക്സ് ദീർഘകാല നിക്ഷേപത്തിന് തീർച്ചയായും പരിഗണിക്കുക.

∙ പൊതു മേഖലാ പവർ സെക്ടർ ഓഹരികൾ നിർബന്ധമായും നിക്ഷേപത്തിന് പരിഗണിക്കുക. പവർ ഗ്രിഡ് , എൻടിപിസി, ആർസി, മുതലായ ഓഹരികൾ പവർ സെക്ടറിലേക്കുള്ള സർക്കാർ നിക്ഷേപവും ഓഹരി വിറ്റഴിക്കലും പരിഗണിച്ച് നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്. 

∙ ഫെബ്രുവരിയിൽ ടിവിഎസ് 15% ആഭ്യന്തര വില്പന വർധനയും 35 % കയറ്റുമതി വർധനവു നേടിയതു ശ്രദ്ധിക്കുക. പുതിയ മിഡിൽ ബൈക്കുകളുമായി ആഭ്യന്തര, രാജ്യാന്തര വിപണികളിൽ കമ്പനി പുതിയ മുന്നേറ്റത്തിനു തുടക്കം കുറിച്ച് കഴിഞ്ഞു. ഓഹരി അതി ദീർഘ കാല നിക്ഷേപത്തിന് അനുയോജ്യമാണ്.

∙ ഐഷർ മോട്ടോഴ്‌സ് 10% ആഭ്യന്തര വിൽപന വർധനവിനൊപ്പം 94% കയറ്റുമതി വർധന സ്വന്തമാക്കിയതും ശ്രദ്ധിക്കുക. ഓഹരി അടുത്ത ഇറക്കത്തിൽ നിക്ഷേപത്തിന് പരിഗണിക്കാം.

∙ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആകെ 38000 വാഹനങ്ങൾ വിറ്റ ടാറ്റമോട്ടോഴ്‌സ് 54% വർധനവോടെ 58473 വാഹനങ്ങൾ കഴിഞ്ഞ മാസംവിറ്റു. കാർ വിൽപനയിൽ ടാറ്റ 106% വർധനവു സ്വന്തമാക്കിയതും ശ്രദ്ധിക്കുക. ജെഎൽആറിന്റെ ജീവനക്കാരെ വെട്ടിക്കുറക്കുന്നതടക്കമുള്ള നടപടികൾ കമ്പനിക്കു വളരെ അനുകൂല സാഹചര്യമാണൊരുക്കുന്നത്. യുകെയിലെ ജെഎൽആറിന്റെ മോശം വിൽപനക്കണക്കുകൾ ഓഹരിക്കു നൽകുന്ന തിരുത്തൽ നിക്ഷേപാവസരമാണ്.

∙ കാർ വിൽപനനയിൽ മാരുതി മുൻ വർഷത്തിൽ നിന്നും 8% വിൽപന വർധന സ്വന്തമാക്കിയത് ഒരു വലിയ നേട്ടം തന്നെയാണ്. അടുത്ത ബുൾ റണ്ണിൽ ഓഹരി വീണ്ടും 8000 രൂപ പിന്നിട്ടെക്കാം.

∙ കാർ വിൽപനയിൽ കഴിഞ്ഞ മാസം 43% വർധന നേടിയ മഹീന്ദ്രയും മികച്ച ട്രാക്ടർ വിൽപന സാധ്യതയുടെ കൂടി പിൻബലത്തിൽ 1000 രൂപ ലക്‌ഷ്യം വെച്ചേക്കാം.

∙ എയർബാഗുകൾ കാറുകൾക്കു നിർബന്ധമാക്കിയേക്കാമെന്ന വാർത്ത ബോഷ് ഇന്ത്യ, റാണെ മദ്രാസ് മുതലായ ഓഹരികൾക്ക് അനുകൂലമാണ്.

∙ 5ജി ആഗമനത്തിന്റെ പശ്ചാത്തലത്തിൽ ടെലികോം ഓഹരികളെക്കാൾ ആകർഷകം ടെലികോം അനുബന്ധ ഓഹരികളാണ്. കേബിൾ, ടെലികോം ഉപകരണങ്ങൾ എന്നിവ നിർമിക്കുന്ന കമ്പനികൾ ശ്രദ്ധിക്കുക. ഡിലിങ്ക്, പോളി ക്യാബ്‌സ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

∙ എസ്ബിഐ ഭവന വായ്പയുടെ പലിശ നിരക്കു കുറയ്ക്കുന്നത് ഓഹരിക്ക് അനുകൂലമാണ്. കൂടാതെ എസ്ബിഐ എഎംസിയുടെ ലിസ്റ്റിങ്ങും വിഭാവനം ചെയ്തു കഴിഞ്ഞത് എസ്ബിഐക്ക് അനുകൂല സാഹചര്യമാണൊരുക്കുന്നത്.

∙ ഐസിഐസിഐ ബാങ്കു വായ്പാ നിരക്ക് കുറക്കുന്നത് ഓഹരിക്കനുകൂലമാണ്. ഓഹരി അവസാന പാദ ഫലം ലക്ഷ്യം വെച്ചു നിക്ഷേപത്തിനു പരിഗണിക്കാവുന്നതാണ്.

∙ ടെക്സ്റ്റൈൽ സെക്ടർ പിഎൽഐ സ്‌കീം പരിധിയിൽ വരുന്നത് സെക്ടറിന് അനുകൂലമാണ്. ടെക്സ്റ്റൈൽ ഓഹരികളും നിക്ഷേപത്തിന് പരിഗണിക്കാം.

∙ ഗംഗാവരം പോർട്ടിൽ ഓഹരി സ്വന്തമാക്കിയത് അദാനി പോർട്സിന് അനുകൂലമാണ്. അദാനി പോർട്സ് ദീർഘ കാല നിക്ഷേപത്തിന് തീർച്ചയായും പരിഗണിക്കാവുന്നതാണ്.
∙ പുതിയ അമേരിക്കൻ ഓർഡറുകൾ ഭാരത് ഫോർജിന് അനുകൂലമാണ്. ഓഹരി അതി ദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കുക.

ഐപിഒ

∙ 627 രൂപക്ക് ഇഷ്യു ചെയ്ത ഹെറാൻബാ ഇൻഡസ്ട്രീസ് വിപണിയിലെ ലിസ്റ്റിങ്ങിൽ മുന്നേറ്റം നേടിയതു ശ്രദ്ധിക്കുക. ഓഹരി തുടർ നിക്ഷേപത്തിനു പരിഗണിക്കാം.

∙ ഈസ്മൈട്രിപ്പ്ഡോട്ട്കോമിന്റെ ഐപിഓ നാളെതുടങ്ങുന്നത് ശ്രദ്ധിക്കുക ട്രാവൽ പോർട്ടൽകമ്പനി വരും കാല ബിസിനസ് ഐഡിയ എന്ന നിലയിൽ ദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കാം ഇഷ്യു വില 186-187 രൂപ.

∙ അനുപം രാസായന്റെ ഐപിഓ വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്നത് ശ്രദ്ധിക്കുക. സ്പെഷ്യലിറ്റി കെമിക്കൽ ഓഹരി ദീർഘ കാല നിക്ഷേപത്തിനു പരിഗണിക്കാം ഫാർമസ്യുട്ടിക്കൽ സെക്ടർ മുതൽ ടെക്സ്റ്റൈൽ സെക്ടർ വരെ നീണ്ടു കിടക്കുന്ന ഉൽപ്പന്ന ശ്രേണിയും , മികച്ച ഉപഭോക്തൃ ശ്രംഖലയും ഓഹരിയെ ആകർഷകമാക്കുന്നു.

എഴുപതിന്റെ നിറവിൽ എണ്ണവില

എണ്ണ ഉൽപാദന നിയന്ത്രണം ഏപ്രിലിലും തുടരാനുള്ള ഒപെക് തീരുമാനം രാജ്യാന്തര എണ്ണ വിലയിൽ കുതിച്ചു ചാട്ടത്തിനു കാരണമായി. അമേരിക്കൻ ഡബ്ല്യുയുടിഐ എണ്ണയുടെ വില 66 ഡോളർ മറികടന്നപ്പോൾ ബ്രെന്റ് ക്രൂഡ് വിലപ്രതീക്ഷിച്ചതു പോലെ 70 ഡോളറിലേക്കെത്തി നിൽക്കുന്നത് എണ്ണ ഉത്പാദക കമ്പനികൾക്കും രാഷ്ട്രങ്ങൾക്കും അനുകൂലമാണ് ഓഎൻജിസി മികച്ച മുന്നേറ്റം സ്വന്തമാക്കും. എഴുപതു ഡോളറിനു മുകളിൽ ക്രമപ്പെട്ടു കഴിഞ്ഞാൽ പിന്നെ 100 ഡോളർ തന്നെയാണ് ക്രൂഡിന്റെ അടുത്ത ലക്‌ഷ്യം.

സ്വർണവീഴ്ച

കഴിഞ്ഞ ആറു മാസം കൊണ്ട് 12%വും കഴിഞ്ഞ മുപ്പതു ദിവസത്തിൽ അഞ്ചേകാൽ ശതമാനവും തിരുത്തപ്പെട്ട സ്വർണ വില അമേരിക്കൻ സ്റ്റിമുലസ് പ്രഖ്യാപന പശ്ചാത്തലത്തിൽ വീണ്ടും തിരുത്തൽ പേടിയിൽ തന്നെയാണ്. ഒരു ഔൺസിന് 1600 ഡോളർ വരെ പോലും സ്വർണം വീണേക്കാം സ്റ്റിമുലസ് പ്രഖ്യാപനങ്ങൾക്ക് ശേഷം രാജ്യാന്തര ഫണ്ടുകൾ സ്വര്ണത്തിലേക്ക് വീണ്ടും തിരിഞ്ഞേക്കാമെന്നതും മഞ്ഞ ലോഹത്തിന് പ്രതീക്ഷയാണ്. അടുത്ത തിരുത്തൽ സ്വർണത്തിൽ വാങ്ങൽ അവസരമാണ്.

English Summary: Share Market: Weekly Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com