ADVERTISEMENT

കൊച്ചി∙പാലാരിവട്ടം പാലം മാർച്ച് ഏഴിനു തുറക്കുമ്പോൾ, വേണമെന്നു വച്ചാൽ ഇങ്ങനെയും പാലം പണിയാമല്ലേ എന്ന ചോദ്യമാണു ജനങ്ങളുടെ മനസ്സിൽ ഉയരുന്നത്. ദേശീയ തലത്തിൽതന്നെ കേരളത്തിനു വലിയ നാണക്കേടു സമ്മാനിച്ച പാലമാണു വിചാരിച്ചതിലും നേരത്തേ പണി തീർത്തു പഴയ പേരുദോഷം മായ്ക്കാൻ ഒരുങ്ങുന്നത്.

പതിവു രീതിയിൽ അഞ്ചും പത്തും തവണ പൂർത്തീകരണ തീയതി മാറ്റുന്ന നിർമാണ രീതി കണ്ടു മടുത്ത നഗരവാസികളെ ഞെട്ടിക്കുന്ന നിർമാണമാണു പാലാരിവട്ടത്തു വിവിധ ഏജൻസികൾ ചേർന്നു നടത്തിയത്. ഡിസൈൻ തയാറാക്കിയ ശ്രീഗിരി കൺസൽട്ടന്റ്സ്, മേൽനോട്ടം വഹിച്ച ഡിഎംആർസി, കരാറെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റി എന്നിവയുടെ കൂട്ടായ പരിശ്രമമാണു 270 ദിവസം വേണ്ടിയിരുന്ന നിർമാണം 160 ദിവസം കൊണ്ടു പൂർത്തിയാക്കാൻ സഹായിച്ചത്.

പാലം പൊളിക്കുന്ന ജോലി ഏറ്റെടുത്ത പെരുമ്പാവൂരിലെ പള്ളാശേരി എർത്ത് വർക്സ് 57 ദിവസം കൊണ്ടു പാലത്തിന്റെ മുകൾ ഭാഗം പൊളിച്ചാണ് ആദ്യം ഞെട്ടിച്ചത്. പാലം നിർമാണത്തിനു സർക്കാർ നൽകിയ സമയം 9 മാസമായിരുന്നു. എന്നാൽ 5 മാസവും 10 ദിവസവും കൊണ്ടു പാലം യാഥാർഥ്യമായി. ഭാരപരിശോധന പൂർത്തിയാക്കി മാർച്ച് 6ന് പാലം ഗതാഗതത്തിനു തുറക്കാമെന്നു കാണിച്ചു ഡിഎംആർസി കത്തും നൽകി. ഇതിൽ മാജിക്കൊന്നുമില്ലെന്ന് ചീഫ് എൻജിനീയർ ജി.കേശവ ചന്ദ്രൻ പറയുന്നു. കരാറുകാരെ വിശ്വാസത്തിലെടുക്കുക എന്നതാണു പ്രധാനം. അവരുടെ പേമെന്റിൽ ഒരു വീഴ്ചയും വരാതിരുന്നാൽ അവരും ഒപ്പം നിൽക്കുമെന്നാണ് അനുഭവം.

കരാറുകാരുടെ പണം ഒരു കാരണവശാലും വൈകരുതെന്നു ശ്രീധരൻ സാറിനും നിർബന്ധമുണ്ട്. ‘പാലാരിവട്ടത്തു ഞങ്ങൾ പറഞ്ഞ ഏത് ആവശ്യവും ചെയ്തു തരാൻ ഊരാളുങ്കലിന്റെ എൻജിനീയർമാരും തൊഴിലാളികളും തയാറായിരുന്നു. ചില സൈറ്റുകളിൽ നമ്മൾ 30 പേരെ വേണമെന്നു പറഞ്ഞാൽ 5 പേരെ മാത്രമായിരിക്കും കിട്ടുക. എന്നാൽ പാലാരിവട്ടത്ത് ആദ്യ ദിവസം മുതൽ നമ്മൾ പറയുന്നത് എന്താണോ അത് അവർ സൈറ്റിൽ ചെയ്തിരുന്നു. എല്ലാ മാസവും ആദ്യ ആഴ്ചയിൽതന്നെ തൊട്ടു മുൻപത്തെ മാസത്തെ ബില്ലുകൾ മാറി പണം നൽകിയിട്ടുണ്ട്. സർക്കാർ വകുപ്പുകളിൽ ഒരു വർഷത്തോളം എടുത്തു ബില്ലുകൾ മാറുന്ന കമ്പനികളെ സംബന്ധിച്ച് ഇതു വളരെ വ്യത്യസ്തമായ അനുഭവമായിരിക്കാം, ആ വ്യത്യാസം വർക്കിലും കാണാം ’ അദ്ദേഹം പറഞ്ഞു.

1200-g-sudhakaran-minister
പാലാരിവട്ടം പാലത്തിന്റെ അറ്റകുറ്റപ്പണി വലയിരുത്താനെത്തിയ മന്ത്രി ജി. സുധാകരൻ (ഫയൽ ചിത്രം)

300 തൊഴിലാളികൾ വരെ നിർമാണ സൈറ്റിലുണ്ടായിരുന്നു. ഇത്തരം ഒരു പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ സഹായിച്ചതു മുന്നൊരുക്കങ്ങളാണെന്നു ശ്രീഗിരി കൺസൾട്ടന്റസിലെ ഷൈൻ വർഗീസും മുഹമ്മദ് ഷെറിനും പറയുന്നു. വർക്ക് പ്ലാൻ അനുസരിച്ചാണു ഡിഎംആർസി പദ്ധതികൾ നടപ്പാക്കുന്നത്. പ്രീ സ്ട്രസ്ഡ് ഗർഡറുകളൊന്നും വാർത്തതു പതിവു രീതിയിൽ പാലത്തിനടിയിൽ വച്ചല്ല. കാസ്റ്റിങ് യാഡിൽ പാലത്തിന്റെ പണി തുടങ്ങുന്നതിനു മുൻപു തന്നെ ഗർഡറുകളുടെ നിർമാണം തുടങ്ങിയിരുന്നു. ഇത് ഗർഡറുകളുടെ ഗുണനിലവാരം കൂട്ടാൻ സഹായിച്ചു. എല്ലാം തയാറാക്കിവച്ചുള്ള രീതിയാണു നിർമാണം വേഗത്തിലാക്കിയത്.

പാലത്തിന്റെ മുകളിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഉണ്ടാകുന്ന ചാട്ടം ഒഴിവാക്കാൻ സ്വീകരിച്ച ഡെക്ക് കണ്ടിന്യൂറ്റി രീതിയിലെ പാളിച്ചകളാണു ആദ്യ നിർമാണത്തിലെ പ്രധാന പ്രശ്നമെങ്കിൽ പുതിയ ഡിസൈനിൽ അവയെല്ലാം പരിഹരിച്ചു. ഓരോ നാലാമത്തെ സ്പാനിൽ മാത്രമാണു ഇപ്പോൾ ഡെക്ക് കണ്ടിന്യുറ്റി രീതി അവലംബിച്ചിട്ടുള്ളത്. ബാക്കി സ്പാനുകളിൽ എക്സ്പാൻഷൻ ജോയിന്റുകളാണു കൊടുത്തിട്ടുള്ളത്. കൃത്യമായ മോണിറ്ററിങ്, ഒരു പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കാനെടുക്കുന്ന സമയം എന്നിവയും പദ്ധതി വേഗത്തിൽ പൂർത്തിയാക്കുന്നതിൽ നിർണായകമായെന്നു അധികൃതർ പറയുന്നു.

1200-e-sreedharan
ഇ.ശ്രീധരൻ

പാലത്തിന്റെ നിർമാണത്തിന് ഇ.ശ്രീധരൻ തിരഞ്ഞെടുത്ത ചീഫ് എൻജിനീയർ ജി.കേശവ ചന്ദ്രൻ പാലങ്ങളുടെ നിർമാണത്തിൽ ഏറെ വൈദഗ്ധ്യമുളളയാളാണ്. എറണാകുളം സൗത്തിലെ കൊച്ചി മെട്രോയുടെ ബാലൻസ്ഡ് കാന്റിലിവർ പാലം, കായലിനു കുറുകെ രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലമായ വല്ലാർപാടം ടെർമിനലിലേക്കുളള വേമ്പനാട് പാലം (4.62 കിലോമീറ്റർ ) എന്നിവ നിർമിക്കാൻ ചുക്കാൻ പിടിച്ചതും ഈ തിരുവനന്തപുരം സ്വദേശിയാണ്. രാജ്യത്തെ രണ്ടാമത്തെ നീളം കൂടിയ റെയിൽവേ പാലം കൂടിയാണ് വേമ്പനാട് പാലം.

അസോസിയേഷൻ ഒാഫ് കൺസൽട്ടിങ് സിവിൽ എൻജിനീയേഴ്സിന്റെ നിർമാണ മികവിനുളള 2019ലെ സർവമംഗള മെറിറ്റ് അവാർഡ് മെട്രോയുടെ ബാലൻസ്ഡ് കാന്റിലിവർ പാലത്തിനായിരുന്നു. ഏറ്റവും സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായ പാലത്തിന്റെ മുഖ്യശിൽപിയായ കേശവ ചന്ദ്രനാണു ഡിഎംആർസിക്കു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത്.

58 കോടി രൂപ ചെലവിൽ 43 പൈൽ ഫൗണ്ടേഷനുകളും 8000 ക്യുബിക് മീറ്റർ കോൺക്രീറ്റും 2000 മെട്രിക് ടൺ സ്റ്റിലും ഉപയോഗിച്ചു നിർമിച്ച, ഇടയ്ക്കു തൂണുകളില്ലാത്ത പാലം 2 വർഷവും 11 മാസവും എന്ന റെക്കോർഡ് സമയം കൊണ്ടാണു പൂർത്തിയാക്കിയത്. ഒരിക്കൽ പോലും ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്താതെയായിരുന്നു നിർമാണം. ആർവിഎൻഎല്ലിനു വേണ്ടി വേമ്പനാട് പാലം നിർമിച്ച അഫ്കോൺസിനു ആ വർഷത്തെ ഡി ആൻഡി ബി ആക്സിസ് ബാങ്ക് ഇൻഫ്രാ അവാർഡ്, സിഎൻബിസി ടിവി 18 ഇൻഫ്രാ എക്സലൻസ് അവാർഡ്, 2010ലെ മികച്ച പ്രീ സ്ട്രസ് കോൺക്രീറ്റ് സ്ട്രക്ചറിനുളള ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം എന്നിവയും ലഭിച്ചിരുന്നു.

English Summary: How the construction of the Palarivattom Bridge was done in just 5 Months?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com