ADVERTISEMENT

ലണ്ടൻ∙ രാജകുടുംബത്തിൽനിന്നു നേരിട്ട കടുത്ത അവഗണനയും വിവേചനവും തുറന്നു പറഞ്ഞ് ബ്രിട്ടിഷ് രാജകുമാരൻ ഹാരിയുടെ ഭാര്യ മേഗൻ മാർക്കിൾ. യുഎസ് മാധ്യമമായ സിബിഎസിൽ ഓപ്ര വിൻഫ്രയ്ക്കു നൽകിയ അഭിമുഖത്തിലാണ് മേഗന്റെ വെളിപ്പെടുത്തൽ. നേരിടേണ്ടി വന്ന കടുത്ത അവഗണനയിൽ ഒരു ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചെന്നും മേഗൻ പറഞ്ഞു. തന്റെ മകൻ ആർച്ചിക്ക് രാജകുടുംബത്തിൽ യാതൊരു അവകാശങ്ങളും ഉണ്ടാകാൻ പോകുന്നില്ലെന്നു പറഞ്ഞ മേഗൻ അവൻ ജനിക്കുന്നതിന് മുൻപുതന്നെ വർണവെറി നേരിടേണ്ടി വന്നിരുന്നെന്നും വെളിപ്പെടുത്തി.

‘അവനെ രാജകുമാരനായൊന്നും അവർ കാണില്ലെന്നു ഹാരി നേരത്തെ പറഞ്ഞിരുന്നു, എന്തിനേറെപ്പറയണം, കുഞ്ഞ് ആണോ പെണ്ണോ എന്ന് അറിയാൻ പോലും അവർക്ക് താൽപര്യമുണ്ടായിരുന്നില്ല. അവൻ ജനിക്കുന്നതിന് മുൻപു നടത്തിയ സംഭാഷണങ്ങളിൽനിന്നുതന്നെ ഒരു പദവിയോ സുരക്ഷയോ അവനു നൽകാൻ പോകുന്നില്ലെന്നു വ്യക്തമായിരുന്നു. അവന്റെ നിറം എന്തായിരിക്കുമെന്നു വരെ ചർച്ചകൾ നടന്നു.’– മേഗൻ പറഞ്ഞു. 

‘ഇനി ജീവിക്കേണ്ട എന്നു തോന്നി’

വിവാഹത്തിനു മുൻപുതന്നെ കാര്യങ്ങൾ ശരിയായ രീതിയിൽ പോകില്ലെന്നുള്ളതിന്റെ സൂചനകൾ ലഭിച്ചിരുന്നു. മകനു യാതൊരു പദവിയും ലഭിക്കില്ലെന്ന് ഹാരി തന്നെ അറിയിച്ചു. എന്നാൽ വിചാരിച്ചതിലും ഭീകരമായിരുന്നു അവസ്ഥ. ഇനി ജീവിക്കേണ്ട എന്ന ചിന്ത പോലും പലപ്പോഴായി മനസ്സിൽ കടന്നു വന്നു. മാനസിക സംഘർഷങ്ങൾ മറികടക്കാൻ കൊട്ടാരത്തിൽനിന്ന് വൈദ്യസഹായം ആവശ്യപ്പെട്ടപ്പോൾ അത് നിഷേധിക്കപ്പെട്ടെന്നും ഇക്കാര്യം വളരെയധികം വേദനിപ്പിച്ചെന്നും മേഗൻ പറഞ്ഞു. 

മേഗന് ആത്മഹത്യാചിന്ത വന്ന കാലത്ത് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയതായി ഹാരി രാജകുമാരനും വെളിപ്പെടുത്തി. ഒരു സഹായത്തിനു പോലും ആരുമില്ലായിരുന്നു. ആരുമായും തുറന്നു സംസാരിക്കാൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ പെരുമാറ്റത്തിലും വളരെയധികം ആശങ്കയുണ്ടായിരുന്നെന്നും ഹാരി തുറന്നു പറഞ്ഞു.

FILES-BRITAIN-CANADA-ROYALS-MEGHAN-HARRY
ഹാരി രാജകുമാരനും മേഗൻ മാർക്കിലും

‘ചരിത്രം ആവർത്തിക്കുകയാണോയെന്ന് എനിക്ക് തോന്നി. 1997ൽ മരണത്തിനു മുൻപ് തന്റെ അമ്മയ്ക്കു (ഡയാന രാജകുമാരി) സംഭവിച്ചത് ഇവിടെയും സംഭവിക്കുകയാണോ എന്നു തോന്നി. പല പൊതുപരിപാടികളിലും ഞാനതു തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാൽ അമ്മയെ വേട്ടയാടിയതിനേക്കാൾ ഭീകരമാണ് ഇവിടെ, കാരണം ഇവിടെ നിങ്ങൾ‌ മേഗന്റെ വംശത്തെയും കൂട്ടുപിടിച്ചിട്ടുണ്ട്’– ഹാരി പറഞ്ഞു. വിവാദങ്ങൾ വിടാതെ പിന്തുടരുന്നതിനാൽ ഇനി സമൂഹമാധ്യമത്തിലേക്ക് ഒരു തിരിച്ചുവരവില്ലെന്ന് ഹാരിയും മേഗനും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 

‘കെയ്റ്റാണ് കരയിച്ചത്, അതൊരു സ്വഭാവഹത്യയുടെ തുടക്കം’

മേഗനും ഹാരിയും വിവാഹിതരാകുന്ന 2018 മേയ് 19ന് ഏതാനും ആഴ്ച മുൻപായിരുന്നു കുപ്രസിദ്ധമായ ‘ഫ്ലവറിങ് ഡ്രസ്’ വിവാദം. വില്യം രാജകുമാരന്റെയും കെയ്റ്റിന്റെയും മൂന്നു വയസ്സുള്ള മകൾ ഷാർലെറ്റിന്റെ വസ്ത്രവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. വിവാഹത്തിന് ഷാർലെറ്റിനായി തയാറാക്കിയ വസ്ത്രം കെയ്റ്റിന് ഇഷ്ട‍മല്ലായിരുന്നെന്ന് അന്ന് പാശ്ചാത്യ മാധ്യമങ്ങളെഴുതി. കുട്ടിക്ക് വസ്ത്രം പാകമാകുന്നില്ലെന്നായിരുന്നു പരാതി. അതിന്റെ പേരിൽ കെയ്റ്റ് കരഞ്ഞെന്നും വാർത്തകളുണ്ടായി. എന്നാൽ കരഞ്ഞതു താനാണെന്നാണ് ഇപ്പോൾ അഭിമുഖത്തിൽ മേഗൻ വ്യക്തമാക്കിയത്.

‘വിവാഹ സമയത്ത് എന്തോ വിഷയത്താൽ ആകുലയായിരുന്നു കെയ്റ്റ്. അക്കാര്യത്തിൽ അവർക്ക് ബോധ്യവുമുണ്ടായിരുന്നു. അതുകൊണ്ടാണ് പിന്നീടവർ എനിക്ക് പൂക്കൾ അയച്ചു തന്നതും. അതോടൊപ്പം മാപ്പു ചോദിച്ചുള്ള ഒരു കുറിപ്പുമുണ്ടായിരുന്നു. ഒരാളെ വേദനിപ്പിച്ചാൽ ഞാനെന്താണോ ചെയ്യുക അതുതന്നെയാണ് ആ കുറിപ്പ് നൽകിയതിലൂടെ കെയ്റ്റും ചെയ്തത്..’ – മേഗൻ വിവരിച്ചു.

harry-meghan-archie
ഹാരി രാജകുമാരനും മേഗൻ മാർക്കിലും മകൻ ആർച്ചിയ്‌ക്കൊപ്പം

തന്നെ സംബന്ധിച്ചിടത്തോളം കെയ്റ്റ് വളരെ നല്ല വ്യക്തിയാണ്. അതിനാൽത്തന്നെ 2018 നവംബറിൽ മാധ്യമങ്ങളിലൂടെ ഈ വിഷയം വിവാദമായപ്പോഴും നിശബ്ദമായിരുന്ന് താൻ കെയ്റ്റിനെ സംരക്ഷിക്കുകയാണു ചെയ്തത്– മേഗൻ കൂട്ടിച്ചേർത്തു. കെയ്റ്റ് മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ച സമയത്തായിരുന്നു ഹാരിയുടെയും മേഗന്റെയും വിവാഹം.

‘രാജകുടുംബത്തിന്റെ രീതി വേദനിപ്പിച്ചു’

മേഗന്റെ സ്ഥാനത്തു മറ്റൊരാളായിരുന്നെങ്കിൽ രാജകുടുംബത്തിൽനിന്നു പടിയിറങ്ങുമായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഹാരി മറുപടി പറഞ്ഞത്. ‘അതിന് എനിക്ക് കഴിയുമായിരുന്നില്ല. കാരണം ഞാൻ അവിടെ അകപ്പെട്ടു കിടക്കുകയായിരുന്നു. അകപ്പെട്ടിരിക്കുകയാണെന്ന് ഞാൻ പോലും അറിയാത്ത തരത്തിൽ. എന്റെ അച്ഛനെയും സഹോദരനെയുമൊക്കെപ്പോലെ ഞാനും കുടുങ്ങിക്കിടക്കുകയായിരുന്നു. ഇത് ഇങ്ങനെ ആണ്, ഒരിക്കലും ഇതൊന്നും മാറില്ല എന്ന ചിന്താഗതിയാണ് അവിടെ എല്ലാവർക്കും. എനിക്കു പക്ഷേ, മാറിച്ചിന്തിക്കണമായിരുന്നു. കാരണം എനിക്ക് ഇതു മേഗനെ കുറിച്ചുള്ള വിഷയമായിരുന്നു. അവൾ കൂടി പ്രതിനിധീകരിക്കുന്ന വംശത്തെ കുറിച്ചായിരുന്നു.

harry-meghan
ഹാരി രാജകുമാരനും മേഗൻ മാർക്കിലും

മേഗനെകുറിച്ചു വംശീയാധിക്ഷേപം ഉന്നയിക്കുന്ന നിരവധി വാർത്തകളും ലേഖനങ്ങളും വന്നിരുന്നു. എന്നാൽ രാജകുടുംബത്തിലെ ആരുംതന്നെ ഇതിനെതിരെ പ്രതികരിക്കാൻ തയാറായില്ല എന്നതാണ് എന്നെ വളരെയധികം വേദനിപ്പിച്ചത്’– ഹാരി പറ‍ഞ്ഞു. തന്റെ മുത്തശ്ശിയായ എലിസബത്ത് രാജ്ഞിയെ കണ്ണടച്ച് അംഗീകരിച്ചിരുന്നില്ലെന്നു പറഞ്ഞ ഹാരി അവരോട് ബഹുമാനമുണ്ടെന്നും കൂട്ടിച്ചേർത്തു. തന്റെ സഹോദരനും അച്ഛനും തന്നോട് ഇപ്പോൾ സംസാരിക്കാറില്ലെന്നും ഹാരി വെളിപ്പെടുത്തി. 2020 ജനുവരിയിലാണ് കൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകളിൽനിന്ന് ഒഴിഞ്ഞ് പുറത്തുപോകുന്നതായി ഹാരി പ്രഖ്യാപിച്ചത്.

ബ്രിട്ടിഷ് കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍റെയും പരേതയായ ഡയാനയുടെയും രണ്ടാമത്തെ പുത്രനാണ് ഹാരി. അദ്ദേഹം പ്രണയിച്ചു വിവാഹം ചെയ്ത ഹോളിവുഡ് നടി മേഗന്‍ അമേരിക്കക്കാരിയും വിവാഹമോചിതയും ഭാഗികമായി കറുത്ത വർഗക്കാരിയുമാണ്. അതാണ് മേഗനെ അകറ്റി നിർത്താൻ രാജകുടുംബത്തെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. 

English Summary: Harry and Meghan detail royal struggles, from discussions of baby's skin tone to suicidal thoughts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com