ADVERTISEMENT

തിരുവനന്തപുരം∙ പാലക്കാടിന് പിന്നാലെ തിരുവനന്തപുരത്തും കോണ്‍ഗ്രസിന് തലവേദനയായി മുതിര്‍ന്ന നേതാക്കളുടെ രാജി ഭീഷണി. രാജിവച്ച കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ്  ഇന്ന് വാര്‍ത്താസമ്മേളനം നടത്തി നിലപാട് പ്രഖ്യാപിക്കും. നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ വോട്ട് കച്ചവടമെന്ന് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ആരോപണങ്ങളുന്നയിക്കാനും സാധ്യത. നേമത്ത് മത്സരിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തതാണു രാജിക്കു കാരണം. 

നേമത്ത് ബിജെപിയുമായി കോൺഗ്രസ് വീണ്ടും ധാരണയിലെത്തിയെന്നും കോൺഗ്രസിനെ തിരുത്താനാണു രാജിയെന്നും അദ്ദേഹം പറഞ്ഞു. ഭാവി പരിപാടി ഇന്നു പ്രഖ്യാപിക്കുമെന്നു കെടി‍ഡിസി മുൻ ചെയർമാൻ കൂടിയായ വിജയൻ തോമസ് പറഞ്ഞു. പാലക്കാട് എ.വി.ഗോപിനാഥ് ഉയര്‍ത്തിയ വിമതഭീഷണി പലവട്ടമുള്ള ചര്‍ച്ചകളിലൂടെ പരിഹരിച്ചുവരികയാണ്. തൃത്താലയില്‍ വിമതസ്വരം ഉയര്‍ത്തിയ സി.വി. ബാലചന്ദ്രനെ കെപിസിസി വക്താവാക്കിയും ഒരുവിധം പ്രശ്നങ്ങളൊതുക്കി. ഇതിനിടെയാണ് തിരുവനന്തപുരത്തും എതിര്‍സ്വരങ്ങളുയരുന്നത്. 

ഇന്നലെവരെ കെപിസിസി ആസ്ഥാനത്തെത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ പങ്കാളിയായിരുന്ന നേതാവാണ് വിജയന്‍ തോമസ്. ഇന്നലെ വൈകിട്ട് സ്ഥാനം രാജിവയ്ക്കുന്നതായി കാണിച്ച് എഐസിസി–കെപിസിസി നേതൃത്വത്തിന് കത്തയച്ചു. നേമം സീറ്റ് വേണമെന്ന് വിജയന്‍ തോമസ് ആവശ്യപ്പെട്ടിരുന്നു. പരിഗണിക്കാമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് സാധ്യത മങ്ങി. ഇതോടെയാണ് രാജി. എന്നാല്‍ ഇന്ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയടക്കം ഗുരുതര ആരോപണങ്ങളുന്നയിക്കാനാണ് നീക്കം. 2016ലേതുപോലെ ഇത്തവണയും നേമത്ത് ബിജെപിയുമായുള്ള വോട്ട് കച്ചവടത്തിനാണ്  തീരുമാനമെന്നും ഉയര്‍ന്ന നേതാക്കളാണ് ഇതിന് പിന്നിലെന്നുമാണ് ആക്ഷേപം. 

av-gopinath-sudhakaran
എ.വി.ഗോപിനാഥ് കോൺഗ്രസ് നേതാവ് കെ. സുധാകരനുമായി നടത്തിയ ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളെ കാണുന്നു.

സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ അവസാനവട്ട ചര്‍ച്ച ഡല്‍ഹിയില്‍ നടക്കുമ്പോള്‍ തിരുവനന്തപുരത്ത് വിമര്‍ശനങ്ങളുയരുന്നത് ഒഴിവാക്കാനായി പരിഹാരനീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അതിനിടെ വിജയന്‍ തോമസിന് പിന്നാലെ തിരുവനന്തപുരത്തെ മറ്റൊരു പ്രമുഖ കെപിസിസി ഭാരവാഹിയും രാജിക്കൊരുങ്ങുന്നതായി സൂചനയുണ്ട്. ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തിയെന്നുമാണ് അഭ്യൂഹം.എന്നാല്‍ വ്യാജപ്രചാരണമെന്നാണ് നേതാക്കളുടെ വിശദീകരണം.

English Summary: KPCC general secretary Vijayan Thomas resigns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com