ADVERTISEMENT

കോഴിക്കോട് ∙ എം.കെ.മുനീർ കൊടുവള്ളിയിൽ മത്സരിക്കേണ്ടെന്ന് ആവശ്യപ്പെട്ട മണ്ഡലത്തിലെ മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ നിലപാടിനെതിരെ യൂത്ത് ലീഗ് രംഗത്ത്. പാർട്ടിയുടെ ഉത്തരവാദപ്പെട്ടയിടങ്ങളിൽ മാത്രം അഭിപ്രായം പറയേണ്ടതിനു പകരം പ്രാദേശിക ലീഗ് നേതാക്കൾ പൊതുയിടങ്ങളിൽ അഭിപ്രായം പറയുന്നത് പാർട്ടിയോടുള്ള സ്നേഹം കൊണ്ടല്ലെന്നാണ് യൂത്ത് ലീഗ് നേതാക്കളുടെ അഭിപ്രായം.

മണ്ഡലത്തിനകത്തെ സ്ഥാനാർഥി മത്സരിക്കണമെന്ന ആവശ്യം ഏതാനും ചിലർ മാത്രമാണ് ഉന്നയിക്കുന്നത്. എന്നാൽ പുറത്തുനിന്നുള്ള സ്ഥാനാർഥി വന്നാൽ വിഭാഗീയതയ്ക്കതീതമായി പാർട്ടിക്ക് ജയമുറപ്പിക്കാമെന്നാണ് യൂത്ത് ലീഗ് നിലപാട്. സംസ്ഥാന കമ്മിറ്റി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതുവരെ കാത്തിരിക്കാതെ ഊഹാപോഹ ചർച്ചകൾ നടത്തുന്നവർ പാർട്ടിയെ തളർത്തുകയാണെന്നും നേതാക്കൾ പറയുന്നു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതുവരെ അനാവശ്യ ചർച്ചകൾ വേണ്ടെന്ന് യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം.നസീഫ് പറഞ്ഞു. അതേസമയം, പാണക്കാട്ട് എം.കെ.മുനീറും സമദാനിയും ഇ.ടി.മുഹമ്മദ് ബഷീറും സാദിഖലി ശിഹാബ് തങ്ങളും പങ്കെടുത്ത യോഗത്തിൽ, മുനീറിന്റെ മുന്നിൽവച്ചാണ് കൊടുവള്ളി മണ്ഡലത്തിലെ ലീഗ് നേതാക്കൾ പുറത്തുനിന്നു സ്ഥാനാർഥി വേണ്ടെന്ന കാര്യം തങ്ങളുടെ മുന്നിൽ അവതരിപ്പിച്ചത്.

ഇതു മുനീറടക്കമുള്ള നേതാക്കളെ ആശയക്കുഴപ്പത്തിലാക്കി. ഏതാനും പഞ്ചായത്ത് കമ്മിറ്റികളും പുറത്തുനിന്നുള്ള ആരെയും അംഗീകരിക്കില്ലെന്ന അഭിപ്രായത്തിലാണെന്ന് വി.എം.ഉമ്മർ, ടി.കെ.മുഹമ്മദ്, ഇബ്രാഹിം എളേറ്റിൽ‍ തുടങ്ങിയവർ പാണക്കാട്ടെ യോഗത്തിൽ അറിയിച്ചിട്ടുണ്ട്. മുനിസിപ്പൽ കമ്മിറ്റികളും ഭൂരിഭാഗം പഞ്ചായത്ത് കമ്മിറ്റികളും മുനീറിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.

English Summary: Muslim Youth League against Muslim League on MK Muneer's candidature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com