ADVERTISEMENT

തിരുവനന്തപുരം∙മുഖ്യമന്ത്രി പ്രോ ചാൻസലറായി ആരംഭിച്ച കേരള ഡിജിറ്റൽ സർവകലാശാലയിൽ യുജിസി ചട്ടങ്ങൾ അവഗണിച്ചു വേണ്ടപ്പെട്ടവർക്കു പിൻവാതിൽ നിയമനം. രഹസ്യമായി നടത്തിയ നിയമനങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ വന്നപ്പോഴാണു പുറത്തറിയുന്നത്.

അധ്യാപക, അനധ്യാപക തസ്തികകളിലേക്കാണു നിയമനം നടന്നത്. 5 പ്രഫസർമാർ, 2 അസോഷ്യേറ്റ് പ്രഫസർമാർ, 8 അസിസ്റ്റന്റ് പ്രഫസർമാർ, റജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഡപ്യൂട്ടി റജിസ്ട്രാർമാർ, അസി.റജിസ്ട്രാർമാർ തുടങ്ങിയ ഉയർന്ന തസ്തികകളിലും സാങ്കേതിക ജീവനക്കാർ, ക്ലാർക്ക്മാർ, ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ തുടങ്ങിയ മറ്റു തസ്തികകളിലും നിയമനം നടത്തിയിട്ടുണ്ട്. ഇതിൽ സംവരണം പാലിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.

തിരഞ്ഞെടുപ്പു വരുന്ന സാഹചര്യത്തിൽ ഭരണ നേതൃത്വത്തിന്റെ നിർദേശ പ്രകാരമായിരുന്നു തിരക്കിട്ടു നിയമനം. സർവകലാശാലയ്ക്ക് ഇതുവരെ സ്വന്തമായ ചട്ടങ്ങളും അനുബന്ധ ചട്ടങ്ങളും തയാറാക്കിയിട്ടില്ല. അതിന്റെ മറവിലാണു പിൻവാതിൽ നിയമനം. ഇങ്ങനെ നിയമനം നടത്താൻ സർവകലാശാലാ നിയമത്തിൽ വ്യവസ്ഥ ഇല്ല.

ദേശീയ തലത്തിൽ വിജ്ഞാപനം ചെയ്തു നിയമനം നടത്തണമെന്നാണു യുജിസി വ്യവസ്ഥ. പകരം ഐഐഐടിഎംകെയിൽ യുജിസി ചട്ടങ്ങൾ ലംഘിച്ചു നിയമിച്ച ചില അധ്യാപകരെയും പുറത്തു നിന്നുള്ളവരെയും നിയമിച്ചു. സർവീസിൽ നിന്നു വിരമിച്ചവരെയും നിയമിച്ചിട്ടുണ്ട്. ഐഐഐടിഎംകെയിലെ അധ്യാപക തസ്തികകൾ യുജിസി ചട്ടങ്ങൾ അനുസരിച്ചുള്ളതല്ല.

ഈ സ്വാശ്രയ സ്ഥാപനം കമ്പനി നിയമം അനുസരിച്ചു പ്രവർത്തിച്ചിരുന്നതിനാൽ നിയമനങ്ങൾ യൂണിവേഴ്സിറ്റി അംഗീകരിക്കേണ്ടതില്ല. ഇങ്ങനെ നിയമിച്ചവരെയാണ് അധ്യാപകരായി ഡിജിറ്റൽ സർവകലാശാലയിൽ നിയമിച്ചത്. പ്രഫസർ ആയി നിയമിക്കപ്പെട്ട ആൾ ഇപ്പോൾ ഐഐഐടിഎംകെയുടെ ഡയറക്ടർ ചുമതലയും വഹിക്കുന്നുണ്ട്. നേരത്തെ ഐഐഐടിഎംകെയുടെ ഡയറക്ടർ ആയിരുന്നയാളെ ആണ് ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ വിസിയായി നിയമിച്ചത്. അദ്ദേഹത്തിനു യോഗ്യതയുണ്ട്.

ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സർവകലാശാല ആണിത്.മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ഐടി വകുപ്പിനു കീഴിൽ അദ്ദേഹത്തിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ മുൻകയ്യെടുത്താണ് ഇതു സ്ഥാപിച്ചത്. ഇങ്ങനെ ഒരു സർവകലാശാല തുടങ്ങണമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്നിരിക്കെ എന്തിനു തുടങ്ങിയെന്ന് വ്യക്തതയില്ല. സാങ്കേതിക സർവകലാശാലയും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയും ഉണ്ടായിരിക്കെയാണ് ഡിജിറ്റൽ സർവകലാശാല കൂടി തുടങ്ങിയത്.

ടെക്നോപാർക്കിൽ കമ്പനി നിയമ പ്രകാരം പ്രവർത്തിക്കുന്ന ഐഐഐടിഎംകെയുടെ അടിസ്ഥാന സൗകര്യങ്ങൾ ആണു ഡിജിറ്റൽ സർവകലാശാലയ്ക്ക് ഉപയോഗിക്കുന്നത്. സർക്കാർ ഉടമയിലുള്ള ഈ സ്ഥാപനത്തിന്റെ ക്യാംപസ്‌ ആണ് സർവകലാശാലയുടെ ആസ്ഥാനം. ഡിജിറ്റൽ സർവകലാശാല പ്രവർത്തിച്ചു തുടങ്ങിയെങ്കിലും കുസാറ്റിൽ അഫിലിയേറ്റ് ചെയ്ത കോഴ്‌സുകൾ മാതൃസ്ഥാപനത്തിൽ പഴയ പോലെ തുടരുന്നുണ്ട്.

നിയമനങ്ങളിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു വിജിലൻസ് ഡയറക്ടർക്കും നിയമനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി പരാതി നൽകി.

English Summary: Backdoor appointments in Digital University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com