ADVERTISEMENT

കൊച്ചി ∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്തുവിട്ട കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് സിപിഎം. കസ്റ്റംസ് കമ്മിഷണര്‍ക്കെതിരെ കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്യാന്‍ അനുമതി തേടി സിപിഎം അഡ്വക്കറ്റ് ജനറലിന് അപേക്ഷ നല്‍കി. സിപിഎമ്മിന്‍റെ അപേക്ഷയില്‍ എജി, കസ്റ്റംസ് കമ്മിഷണറുടെ വിശദീകരണം തേടി. 

പ്രതികള്‍ മജിസ്ട്രേറ്റിനു നല്‍കുന്ന രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ ഉദ്യോഗസ്ഥനു മാത്രമേ നല്‍കാവൂ എന്നാണ് വ്യവസ്ഥ. കേസ് അന്വേഷണത്തിന് മാത്രമേ ഈ മൊഴി ഉപയോഗിക്കാവൂ എന്നിരിക്കെ, ഇതിന്‍റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥനല്ലാത്ത കസ്റ്റംസ് കമ്മിഷണര്‍ സത്യവാങ്മൂലം നല്‍കിയത് കോടതിയലക്ഷ്യമാണെന്നാണ് സിപിഎമ്മിന്‍റെ വാദം.

കസ്റ്റംസ് കമ്മിഷണറുടെ നീക്കം കോടതി നടപടികളിലുള്ള കൈകടത്തലും കോടതിയുടെ അന്തസ്സ് ഇടിച്ച് താഴ്ത്തുന്നതുമാണെന്നും സിപിഎം അഡ്വക്കറ്റ് ജനറലിന് നല്‍കിയ അപേക്ഷയില്‍ പറയുന്നു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ബാംബൂ കോര്‍പറേഷന്‍ ചെയര്‍മാനുമായ കെ.ജെ.ജേക്കബ് ആണ് ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടിയത്.

അപേക്ഷ സ്വീകരിച്ച അഡ്വക്കറ്റ് ജനറല്‍, സിപിഎമ്മിന്‍റെ പരാതിയില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കമ്മിഷണര്‍ക്ക് നോട്ടിസ് നല്‍കി. മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയെന്നാണ് കസ്റ്റംസ് കമ്മിഷണറുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്.

കസ്റ്റംസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് കൈമാറണമെന്നു കാണിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ സമീപിച്ചെങ്കിലും, ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി കോടതി ഈ ആവശ്യം നിരസിച്ചിരുന്നു. 

English Summary: CPM against customs commissioner Sumit Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com