ADVERTISEMENT

ന്യൂഡൽഹി∙ ഉത്തരാഖണ്ഡ് ബിജെപിയിൽ പുതിയ പൊട്ടിത്തെറികൾക്കു വഴിമരുന്നിട്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവച്ചു. അദ്ദേഹത്തെ തൽസ്ഥാനത്തുനിന്നു ബിജെപി കേന്ദ്ര നേതൃത്വം മാറ്റാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയായിരുന്നു രാജി. നാളുകളായി പാർട്ടിയിൽ പുകഞ്ഞിരുന്ന ആഭ്യന്തര കലഹത്തിനു പിന്നാലെയാണ് രാജി. ബുധനാഴ്ച സംസ്ഥാന നിയമസഭാ കക്ഷിയോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണു വിവരം. ഉന്നത വിദ്യാഭ്യാസ മന്ത്രി ധൻ സിങ് റാവത്തായിരിക്കും പുതിയ മുഖ്യമന്ത്രിയെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എംപിമാരും മുതിർന്ന ബിജെപി നേതാക്കളുമായ അജയ് ഭട്ട്, അനിൽ ബാലുനി എന്നിവരുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. കുമയൂൺ മേഖലയിൽനിന്നുള്ള ഒരാളെ ഉപ മുഖ്യമന്ത്രിയായി നിയമിക്കാനും നീക്കമുണ്ട്. എംഎൽഎ പുഷ്‌കർ സിങ് ധാമിയെയാണ് ഈ സ്ഥാനത്തേക്കു പരിഗണിക്കുന്നത്.

മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്ങിന്റെ പ്രവർത്തനങ്ങളിൽ സംസ്ഥാന ബിജെപി നേതൃത്വത്തിനുണ്ടായിരുന്ന അതൃപ്തിയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ രാജിയിലേക്കു നയിച്ചിരിക്കുന്നത്. ത്രിവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലാണ് അടുത്ത തിരഞ്ഞെടുപ്പ് നേരിടാനിരിക്കുന്നതെങ്കിൽ ബിജെപിയെ കാത്തിരിക്കുന്നതു പരാജയമാണെന്നും സംസ്ഥാന നേതാക്കളിൽ ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു. പരാതി ശക്തമായതിനെത്തുടർന്ന് കേന്ദ്ര നേതൃത്വം പാർട്ടി ഉപാധ്യക്ഷൻ രമൺ സിങ്, ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം എന്നിവരെ നിരീക്ഷകരായി സംസ്ഥാനത്തേക്ക് അയച്ചു. പാർട്ടിയുടെ സുപ്രധാന നേതാക്കളുമായി ചർച്ച നടത്തി ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കം. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കാണ് റിപ്പോർട്ട് നൽകിയത്.

ത്രിവേന്ദ്ര സിങ് റാവത്ത് (ഫയൽ ചിത്രം)  (Image Courtesy - @tsrawatbjp)
ത്രിവേന്ദ്ര സിങ് റാവത്ത് (Image Courtesy - @tsrawatbjp)

അതിനിടെ ത്രിവേന്ദ്ര സിങ് തിങ്കളാഴ്ച ഡൽഹിയിലെത്തി ബിജെപി കേന്ദ്ര നേതൃത്വത്തെ കണ്ടു. ഉത്തരാഖണ്ഡിലെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയാണ് അടിയന്തരമായി അദ്ദേഹം ഡൽഹിയിലെത്തിയത്. സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾക്കു മാത്രമാണ് തന്റെ കാര്യത്തിൽ അതൃപ്തിയെന്ന് ത്രിവേന്ദ്ര സിങ് പറഞ്ഞതായാണു വിവരം. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയ ത്രിവേന്ദ്ര സിങ് പിന്നീട് എംപി അനിൽ ബാലുനിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയും സന്ദർശിച്ചു. ചൊവ്വാഴ്ച തിരികെ സംസ്ഥാനത്തേക്കു മടങ്ങി. അതിനു പിന്നാലെ വൈകിട്ട് നാലോടെയായിരുന്നു രാജി. നാല് മന്ത്രിമാരുൾപ്പെടെ 10 എംഎൽഎമാർ മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി ഡൽഹിയിലെത്തിയെന്നും ഇപ്പോഴും അവിടെ തുടരുകയാണെന്നുമാണ് സൂചന.

2022ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അപകടം മുന്നിൽക്കണ്ടാണ് ബിജെപി കേന്ദ്ര നേതൃത്വം ഇപ്പോൾ ഇടപെട്ടിരിക്കുന്നത്. മാർച്ച് 18നാണ് ത്രിവേന്ദ്ര സിങ് സർക്കാരിന്റെ നാലാം വാർഷികം. അതിനു മുന്നോടിയായി മാർച്ച് 12നു ചേരുന്ന മൂന്നു ദിവസത്തെ ബിജെപി നിർവാഹക സമിതി യോഗത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനാണ് നിരീക്ഷക സംഘം എത്തിയതെന്നാണ് എംപി അജയ് ഭട്ട് നേരത്തേ പറഞ്ഞത്. ഉത്തരാഖണ്ഡ് മന്ത്രിസഭയിൽ മാറ്റങ്ങളുണ്ടാകുമോ എന്ന ചോദ്യത്തിന് ‘കാത്തിരുന്നു കാണാം’ എന്നായിരുന്നു ബിജെപി വക്താവ് മുന്ന സിങ് ചൗഹാന്റെ മറുപടി.

CM Trivendra Rawat
കുംഭ മേള ഒരുക്കങ്ങൾക്കിടെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്. (Image Courtesy - @tsrawatbjp)

സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടനയ്ക്കും നീക്കമുണ്ട്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 57 സീറ്റും നേടിയാണ് ഉത്തരാഖണ്ഡിൽ ബിജെപി കോൺഗ്രസിൽനിന്ന് അധികാരം പിടിച്ചത്. തുടർന്ന് ബിജെപി നേതൃത്വമാണ് ത്രിവേന്ദ്ര സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതും. എന്നാൽ കുംഭമേളയ്ക്കു സർക്കാർ നടത്തിയ ഒരുക്കങ്ങൾ ഉൾപ്പെടെ അപര്യാപ്തമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ പരാതി. ബിജെപിയുടെ നേട്ടങ്ങൾ ഉയർത്തിക്കാണിക്കാനുള്ള ഏറ്റവും മികച്ച അവസരമായിട്ടും അതിന് മുഖ്യമന്ത്രിക്ക് സാധിച്ചില്ലെന്നും കേന്ദ്ര നേതൃത്വത്തിനു പരാതി പോയി. അതേ സമയം മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നവരെ പിണക്കാതിരിക്കുക എന്ന തലവേദനയും ബിജെപി കേന്ദ്ര നേതൃത്വത്തിനു മുന്നിലുണ്ട്.

English Summary: BJP may replace Uttarakhand Chief Minister Trivendra Singh Rawat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com