ADVERTISEMENT

പുണെ ∙ വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിൽനിന്നു തിരിഞ്ഞുമാറ്റിയ സവാള കുറഞ്ഞവിലയ്ക്കു നൽകാമെന്നു വാഗ്ദാനം ചെയ്തു കേരളത്തിലെ വ്യാപാരികളിൽനിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത മറുനാടൻ മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിനിരയായവർ പുണെ മലയാളി കൂട്ടായ്മയുടെ സഹായത്തോടെ നൽകിയ പരാതിയെത്തുടർന്ന് പുണെയിലെ ധനോരി കൽവട്ട് സ്കൈ സിറ്റിയിൽ വാടകയ്ക്കു താമസിക്കുന്ന തൃശൂർ പെരിങ്ങാവ് കുടുംബവേരുള്ള പരാഗ് ബാബു അറയ്ക്കലിനെയാണ് അറസ്റ്റ് ചെയ്തത്‌.

രണ്ടു മാസം മുൻപ് സവാള വില കുത്തനെ കൂടിയപ്പോൾ കിലോയ്ക്ക് 13 രൂപ പ്രകാരം ടൺ കണക്കിന് സവാള വിൽക്കാൻ ഉണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. വയനാട് കമ്പളക്കാട് അഷറഫ് പൻചാര, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത എറണാകുളത്തെ വ്യാപാരി, കൊട്ടാരക്കരയിലെ ഷൈജു എന്നിവരാണ് പരാഗ് വിരിച്ച വലയിൽ കുടുങ്ങിയവരിൽ ചിലർ.

20 ലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ലോറിയിൽ സവാള ലോഡ് ചെയ്ത ചിത്രം മൊബൈലിൽ അയച്ചുകൊടുത്ത ശേഷമാണ് അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ പരാഗ് ആവശ്യപ്പെട്ടിരുന്നത്. ലോഡ് എത്തിയപ്പോൾ മുഴുവൻ സവാളയും ചീഞ്ഞളിഞ്ഞു പുഴുക്കൾ അരിച്ച നിലയിൽ ആയിരുന്നുവെന്ന് തട്ടിപ്പിന് ഇരയായ വ്യാപാരികൾ പറഞ്ഞു.

പണം തിരികെ ആവശ്യപ്പെട്ടപ്പോൾ വയനാട്ടിലെ വ്യാപാരിയെ പുണെയിൽ വിളിച്ചു വരുത്തുകയും നാസിക്കിലും മൻമാടിലെ സവാള കൃഷിയിടങ്ങളിലും മറ്റും കൊണ്ടുപോയി നല്ല സവാള തരാം എന്ന് പറഞ്ഞ് പണം ആവശ്യപ്പെടുകയും ചെയ്തു. വീണ്ടും ചതിക്കപ്പെടുമെന്നറിഞ്ഞ വ്യാപാരി കഴിഞ്ഞ മാസാവസാനം പൊലീസിനെ സമീപിച്ചെങ്കിലും അവർ കേസ് എടുക്കാൻ തയാറായില്ല.

ഇതിനിടെ പരാഗ് ചിലരെ അയച്ച് ഭീഷണിപ്പെടുത്താനും തുടങ്ങിയതായി ഇവർ പറഞ്ഞു. പുണെ മലയാളി കൂട്ടായ്മ പ്രവർത്തകർ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടശേഷം കഴിഞ്ഞ ദിവസം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. തനിക്കു ലഭിച്ച 50 ടൺ ഉപയോഗശൂന്യമായ സവാള ജെസിബി ഉപയോഗിച്ച് കുഴിച്ചുമൂടാൻ മാത്രം 2 ലക്ഷത്തോളം രൂപ ചെലവായതായി എറണാകുളത്തെ വ്യാപാരി പറഞ്ഞു.

കേരളത്തിലെ വ്യാപാരികളെ കൂടാതെ ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ന്യൂകേരള റോഡ്‌വേയ്സിന് നാസിക്കിൽനിന്നു പല തവണ സവാള കയറ്റിയയച്ച വാഹനവാടക ഇനത്തിൽ രണ്ടര ലക്ഷം രൂപ പരാഗ് നൽകാൻ ഉണ്ടെന്ന് ഉടമ മാത്യു ചെറിയാൻ പറഞ്ഞു. വിശ്വാസവഞ്ചന, ഭീഷണി തുടങ്ങിയ വകുപ്പുകൾ പ്രകാരം അറസ്റ്റിലായ പരാഗ് അറയ്ക്കലിനെ കോടതി പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

English Summary: Malayali arrested for fraud in savola rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com