ADVERTISEMENT

മുംബൈ∙ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വീടിനു സമീപം കണ്ടെത്തിയ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനത്തിന്റെ ഉടമയായിരുന്ന മന്‍സുക് ഹിരന്റെ ദുരൂഹമരണം രാഷ്ട്രീയ വിവാദത്തിനു വഴിവച്ചതിനെ തുടര്‍ന്ന് മുംബൈ പൊലീസ് എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റ് സച്ചിന്‍ വാസെയെ ക്രൈംബ്രാഞ്ച് ഇന്റലിജന്‍സ് യൂണിറ്റില്‍നിന്ന് ഒഴിവാക്കി. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ആണ് ഇക്കാര്യം അറിയിച്ചത്. 

സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനത്തിന്റെ ഉടമസ്ഥനായിരുന്ന മന്‍സുക് ഹിരണ്‍ എന്ന ഓട്ടോമൊബൈല്‍ ഡീലറെ കടലിടുക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ സച്ചിനെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് സച്ചിന്‍ വാസിനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ സച്ചിനെ ക്രൈംബ്രാഞ്ചില്‍ അദ്ദേഹം വഹിക്കുന്ന സ്ഥാനത്തുനിന്ന് ഒഴിവാക്കുകയാണെന്നും സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും അനില്‍ ദേശ്മുഖ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഹിരന്റെ മരണവുമായി സച്ചിനു ബന്ധമുണ്ടെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടിരുന്നു. 

മന്‍സൂക്കിന്റെ പക്കല്‍നിന്ന് ഫെബ്രുവരി 18-ന് മോഷണം പോയ വാഹനമാണ് 25-ന് അംബാനിയുടെ വീടിനു സമീപം സ്‌ഫോടകവസ്തുക്കളുമായി കണ്ടെത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ ഹിരന്റെ മൃതദേഹം താനെയ്ക്കു സമീപം കടലിടുക്കില്‍ കണ്ടെത്തിയതോടെയാണ് ദുരൂഹത വര്‍ധിച്ചത്. 

സംഭവത്തിനു നാല് മാസം മുമ്പ് വരെ ഈ വാഹനം പൊലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വാസിന്റെ പക്കലായിരുന്നുവെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചിരുന്നു. തന്റെ ഭര്‍ത്താവിനെ സച്ചിന്‍ കൊലപ്പെടുത്തിയതാണെന്ന് മന്‍സുക്കിന്റെ ഭാര്യ സംശയിക്കുന്നുണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞു. സംഭവത്തില്‍ കീഴടങ്ങാനും ജാമ്യം ലഭിക്കുമെന്നും മന്‍സുക്കിനെ സച്ചിന്‍ ഉപദേശിച്ചിരുന്നു. എന്നാല്‍ നിയമോപദേശം തേടിയ മന്‍സുക് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചു. തുടര്‍ന്നാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറ്റവും ഒടുവില്‍ മന്‍സുക്കിന്റെ ഫോണ്‍ ശിവസേന നേതാവ് ധനഞ്ജയ് ഗാവ്‌ഡെയുടെ ഓഫിസിനു സമീപത്തായിരുന്നുവെന്നും ഫഡ്‌നാവിസ് പറഞ്ഞു. 

2002ലെ ഘാട്‌കോപ്പര്‍ സ്‌ഫോടനക്കേസിലെ പ്രതി ഖ്വാജ യൂനുസിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 2007ല്‍ 14 പൊലീസുകാര്‍ക്കൊപ്പം സസ്‌പെന്‍ഷനിലായിതിനെ തുടര്‍ന്ന് സച്ചിന്‍ വാസ് മുംബൈ പൊലീസില്‍നിന്നു രാജിവച്ചിരുന്നു. 2020ല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊലീസുകാരുടെ അപര്യാപ്തത നേരിട്ടതിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സച്ചിനെ തിരിച്ചെടുക്കുകയായിരുന്നു.

English Summary: Mumbai Cop Removed Amid Political Row In Ambani Security Scare Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com