ADVERTISEMENT

തിരുവനന്തപുരം ∙ കേരള ഡിജിറ്റൽ സർവകലാശാലയിൽ അനധികൃത നിയമനം നടക്കുന്നതായ ആരോപണം ശരിയല്ലെന്നു റജിസ്ട്രാർ പി.സുരേഷ് ബാബു. സർവകലാശാലയുടെ പ്രവർത്തനം നടത്തിക്കൊണ്ടു പോകുന്നതിനായി മാതൃസ്ഥാപനമായ ഐഐഐടിഎംകെയിലെ അധ്യാപകർക്കും മറ്റു ജീവനക്കാർക്കും അധികച്ചുമതല നൽകിയിരിക്കുകയാണ്. ഇത് ഓർഡിനൻസിലെ വ്യവസ്ഥകൾക്കും ഐഐഐടിഎംകെയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാന പ്രകാരവും ആണ്.

ഇതനുസരിച്ചു ജീവനക്കാർ അവരുടെ മാതൃസ്ഥാപനത്തിലെ ജോലിക്കു പുറമെ സർവകലാശാലയിലെ അധിക ജോലി കൂടി നിർവഹിക്കുകയാണ്. ഇതിനായി സർവകലാശാലയിൽനിന്ന് ശമ്പളമോ അലവൻസോ നൽകുന്നില്ല. മാതൃ സ്ഥാപനത്തിൽ സർക്കാർ നോൺ പ്ലാൻ ഗ്രാന്റ് നൽകാത്തതിനാൽ സ്ഥാപനത്തിന്റെ സ്വന്തം ഫണ്ടിൽനിന്നാണു ജീവനക്കാർക്കു ശമ്പളം നൽകി വരുന്നത്. ഡിജിറ്റൽ സർവകലാശാലയ്ക്കും നോൺ പ്ലാൻ ഗ്രാന്റ് അനുവദിച്ചിട്ടില്ല.

ഒരു നിയമനം പോലും ഇതുവരെ നടത്താത്ത സാഹചര്യത്തിൽ നിയമനങ്ങളിൽ ക്രമക്കേട് ഉണ്ടെന്ന ആക്ഷേപം ശരിയല്ല. ഐഐഐടിഎംകെ എന്ന സർക്കാർ സ്ഥാപനത്തിന്റെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥാപനത്തെ സർവകലാശാലയുടെ നിലവാരത്തിലേക്ക് ഉയർത്തുകയാണു സർക്കാർ ചെയ്തത്. സർവകലാശാലയുടെ ചട്ടങ്ങളും ഭരണസമിതികളും ഇതേ വരെ നിലവിൽ വന്നിട്ടില്ല. ഈ സാഹചര്യത്തിൽ നിയമനം നടത്തുന്നതിനുള്ള സ്പെഷൽ റൂളുകളും നിലവിൽ വന്നിട്ടില്ലെന്നു റജിസ്ട്രാർ അറിയിച്ചു.

English Summary: Registrar rejects allegation on illegal appointment in Kerala Digital University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com