ADVERTISEMENT

ന്യൂഡല്‍ഹി∙ അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി കേരളസര്‍ക്കാര്‍ ഉണ്ടാക്കിയ ആഴക്കടല്‍ മല്‍സ്യബന്ധന-അനുബന്ധ മേഖല ഉടമ്പടി കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ടി.എന്‍. പ്രതാപന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന അപകടകരമായ ഉടമ്പടി വലിയ വിവാദങ്ങളും പ്രതിഷേധങ്ങള്‍ക്കും കാരണമായെന്നു പ്രതാപന്‍ ചൂണ്ടിക്കാട്ടി. അമേരിക്കയിലും ഇന്ത്യയിലുമായി നടന്ന അനവധി രഹസ്യ ചര്‍ച്ചകളിലൂടെയാണ് സര്‍ക്കാര്‍ ഈ ഉടമ്പടി തയാറാക്കിയത്.

കേരള തീരത്ത് ആഴക്കടല്‍ മത്സ്യബന്ധനത്തിനായി 400 ആഴക്കടല്‍ മല്‍സ്യബന്ധന യാനകളും 5 കൂറ്റന്‍ മദര്‍ വെസലുകളും അനുവദിക്കുന്ന ഉടമ്പടി 200 റീട്ടെയില്‍ വിപണന കേന്ദ്രങ്ങളും 50 സമുദ്രോല്‍പ്പന്ന സംസ്‌കരണ കേന്ദ്രങ്ങളും കൂടി അനുവദിക്കുന്നു. സംസ്‌കരണ കേന്ദ്രം തുടങ്ങാന്‍ സര്‍ക്കാര്‍ സ്ഥലം അനുവദിച്ചെന്നും പ്രതാപന്‍ പറഞ്ഞു. 

കേരള തീരത്ത് ഏഴ് മല്‍സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള അധികാരം കൂടി ഈ ഉടമ്പടി കമ്പനിക്ക് നല്‍കും. കമ്പനിയെ സഹായിക്കാനായി കേരള മറൈന്‍ ഫിഷിങ് റെഗുലേഷന്‍ ആക്ട് ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് പുറത്തിറക്കുകയും മല്‍സ്യബന്ധന നയത്തില്‍ മാറ്റം വരുത്തുകയും ചെയ്ത സര്‍ക്കാര്‍ നടപടികള്‍ അങ്ങേയറ്റം ദുരൂഹമാണെന്ന് ടി എന്‍ പ്രതാപന്‍ ആരോപിച്ചു.

വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായതോടെ ഉടമ്പടികള്‍ സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും ദുരൂഹമായ സാഹചര്യങ്ങളിലൂടെ ഒരു വിദേശ കമ്പനിക്ക് കടലും തീരവും വില്‍ക്കാനുണ്ടായ നീക്കം ഇപ്പോഴും പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നതാണ്. ഈ ഉടമ്പടികള്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സി കൃത്യമായ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്ന് പ്രതാപന്‍ ആവശ്യപ്പെട്ടു. 

അതിനൊപ്പം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി തയ്യാറാക്കിയ ബ്ലൂ ഇക്കോണമിനയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ടി. എന്‍ പ്രതാപന്‍ എംപിയും ഹൈബി ഈഡന്‍ എംപിയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ഫിഷറിസ്, കന്നുകാലി പരിപാലന വകുപ്പ് മന്ത്രി ഗിരിരാജ് സിങ്ങിനും നിവേദനം സമര്‍പ്പിച്ചു.

ഈ നയം സംബന്ധിച്ച പൊതു പ്രതികരണങ്ങള്‍ അവഗണിക്കാന്‍ ഉറച്ചുകൊണ്ടാണ്ര് സർക്കാർ നയവുമായി മുന്നോട്ട്നീങ്ങിയതെന്ന ആശങ്ക നിവേദനത്തിലുണ്ട്. സാധാരണ ഗതിയില്‍ ഇത്തരം നയങ്ങളെ സംബന്ധിച്ച വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ തേടാന്‍ 45 മുതല്‍ 60 ദിവസം വരെ സമയം അനുവദിക്കാറുണ്ട്. എന്നാല്‍ ബ്ലൂ ഇക്കോണമി സംബന്ധിച്ച പ്രതികരണങ്ങള്‍ തേടിയത് വെറും പത്തുദിവസം മാത്രമാണ്. ഇത് ദുരൂഹമാണ്.

ഏകദേശം പതിനാല് ദശലക്ഷം സാധാരണക്കാരുടെ ഉപജീവന മാര്‍ഗ്ഗമാണ് ഫിഷറിസ് മേഖല. ഈ മേഖലയെതകിടം മറിക്കുന്ന ഈ നയം അംഗീകരിക്കാനാവില്ല. മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും അതിജീവനവും അവതാളത്തിലാക്കി സ്വകാര്യ കുത്തകകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഈ മേഖലയെപരിവര്‍ത്തനം ചെയ്യാന്‍ അനുവദിക്കില്ല.

പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പൗരാവകാശങ്ങളെയും സാംസ്‌കാരിക മൂല്യങ്ങളെയും നിഷേധിക്കുന്നതാണ് പുതിയ നീല സമ്പദ്‌വ്യവസ്ഥ നയമെന്ന് എംപിമാര്‍ ചൂണ്ടിക്കാട്ടി. കടലിലെ ദാതുലവണകളും മറ്റു സമുദ്ര ഉത്പ്പന്നങ്ങളും അനിയന്ത്രിതമായി ഖനനം ചെയ്തും മറ്റും വലിയ പ്രകൃതി ചൂഷണത്തിന് വഴിയൊരുക്കുന്നതാണ് പ്രസ്തുത നയം. കടുത്ത പാരിസ്ഥിതിക പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുന്ന ഈ നയം നടപ്പിലാക്കരുത്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനം, ജീവിത സുരക്ഷ,പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എന്നിങ്ങനെ അനേകം ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ട്. കൂടാതെ പൊതു പ്രതികരണങ്ങള്‍ കേള്‍ക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് എംപിമാര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

English Summary: TN Prathapan, Hidi Eden on Deep Sea Trawling EMCC Deal, Blue Economy Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com