ADVERTISEMENT

ണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ (1957) ചാലക്കുടി മണ്ഡലത്തിൽ തലയെടുപ്പോടെ ഒരു കോൺഗ്രസ് സ്ഥാനാർഥിയെത്തി– സാക്ഷാൽ പനമ്പിള്ളി ഗോവിന്ദമേനോൻ. കോൺഗ്രസ് കോട്ടയിൽ അദ്ദേഹത്തെ എതിരിട്ടത് അത്രയൊന്നും അറിയപ്പെടാത്ത സി.ജി.ജനാർദനൻ‍. കമ്യൂണിസ്റ്റ് പിന്തുണയുള്ള പിഎസ്പി സ്ഥാനാർഥിയായിരുന്നു സി.ജി. ഫലം വന്നപ്പോൾ പനമ്പിള്ളി തോറ്റു. കേരളം ഞെട്ടിയ വാർത്തയായിരുന്നു അത്.

പനമ്പിള്ളിയുടെ പ്രതികരണം പക്ഷേ രസകരമായിരുന്നു: കേരള രാഷ്ട്രീയത്തിലെ പഴത്തൊലിയാണ് പിഎസ്പി. ഉള്ളിൽ കാമ്പില്ല പക്ഷേ ആളെ വീഴ്ത്താൻ അതുമതി. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലെ അദ്ദേഹത്തിന്റെ ‘താത്വികമായ’ പ്രതികരണം ഇങ്ങനെ: പനമ്പിള്ളി ചാലക്കുടിയിൽ തോൽക്കാൻ രണ്ടു കാരണങ്ങളുണ്ട്. ഒന്ന്. സി.ജി ജനാർദ്ദനന് പനമ്പിള്ളിയേക്കാൾ 3370 വോട്ട് കൂടുതൽ കിട്ടി. രണ്ട്: പനമ്പിള്ളിക്ക് സി.ജിയെക്കാൾ 3370 വോട്ട് കുറവാണ് കിട്ടിയത്!

thalakuri-column-political-tactics-and-strategies-of-kerala-leaders-k-karunakaran
കെ. കരുണാകരൻ (ഫയൽ ചിത്രം)

∙ മുകുന്ദപുരം (ഇപ്പോൾ ചാലക്കുടി) ലോക്സഭാ മണ്ഡലത്തിൽ കരുണാകരന്റെ മകൾ പത്മജ കോൺഗ്രസ് സ്ഥാനാർഥി. ഇടതുപക്ഷ സ്ഥാനാർഥി ലോനപ്പൻ നമ്പാടൻ ജയിച്ചത് ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ. അതേപ്പറ്റി ചോദിച്ചപ്പോൾ നമ്പാടൻ പറഞ്ഞു: അഞ്ചുമണിക്കു പോളിങ് അവസാനിപ്പിച്ചതു കൊണ്ടാണ്. അല്ലെങ്കിൽ ഭൂരിപക്ഷം ഇനിയും കൂടിയേനെ!

∙ എറണാകുളം ലോക്സഭാ ഉപതിരഞ്ഞെടുപ്പ് (2003 സെപ്റ്റംബർ) കേരള രാഷ്ട്രീയത്തിലെ നിർണായക സംഭവമായിരുന്നു. ഐ ഗ്രൂപ്പിന്റെ സ്ഥിരം സീറ്റിൽ എ ഗ്രൂപ്പിലെ എം.ഒ.ജോണിനെയാണു മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിയുടെ പ്രേരണ മൂലം സ്ഥാനാർഥിയാക്കിയത്. സ്വാഭാവികമായും കരുണാകരൻ ക്ഷോഭിച്ചു. അത് സർവ സീമയും ലംഘിച്ച് ഇടതുസ്വതന്ത്ര സ്ഥാനാർഥി സെബാസ്റ്റ്യൻ പോളിനെ പിന്തുണയ്ക്കുന്നതു വരെയെത്തി. സെബാസ്റ്റ്യൻ പോളിന്റെ ചിഹ്നം ടിവിയായിരുന്നു. പലപ്പോഴും പരസ്യമായി ‘നിങ്ങളൊക്കെ ടിവി കാണാറില്ലേ’ എന്നു ചോദിച്ച് കരുണാകരൻ നിലപാട് വ്യക്തമാക്കി.

യുഡിഎഫ്– എൽഡിഎഫ് പോരാട്ടത്തിനു പകരം ആ തിരഞ്ഞെടുപ്പ് ഐ–എ ഗ്രൂപ്പ് ബലപരീക്ഷണമായി മാറി. ഒട്ടേറെ രസകരമായ സംഭവങ്ങൾ അക്കാലത്തുണ്ടായി. ആൾബലം കൂടുതൽ കരുണാകരനൊപ്പമായിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിന് ആളുകൾ കുറഞ്ഞപ്പോൾ എ ഗ്രൂപ്പ് മറ്റു ജില്ലക​ളിൽ നിന്നുപോലും പ്രവർത്തകരെ ഇറക്കി. അവർക്ക് മണ്ഡലത്തിന്റെ അതിർത്തികൾ നിശ്ചയമുണ്ടായിരുന്നില്ല (തൃപ്പൂണിത്തുറയ്ക്കടുത്ത് ഉദയംപേരൂർ, ഇരുമ്പനം, കണ്ടനാട് തുടങ്ങിയ സ്ഥലങ്ങൾക്കപ്പുറം കോട്ടയം ലോക്സഭാ മണ്ഡലമാണ്). നേരം വെളുത്തപ്പോഴാണ് അവർ അറിഞ്ഞത്, തലേ രാത്രി ഒട്ടിച്ച പോസ്റ്ററുകൾ പലതും കോട്ടയം മണ്ഡലത്തിലാണെന്ന് !

തിരഞ്ഞെടുപ്പിനു രണ്ടു ദിവസം മുൻപ് എറണാകുളം പനമ്പിള്ളി നഗറിലെ ഒരു വീട്ടിൽ ഏതാനും പ്രവർത്തകർ എം.ഒ.ജോണിന്റെ സ്ലിപ് വിതരണത്തിനെത്തി. വീടിനു മുൻപിലുണ്ടായിരുന്നവർ സ്ലിപ് വാങ്ങി. എന്നിട്ട് ലോഹ്യം ചോദിച്ചു. ഇതാരുടെ വീടെന്ന് അറിയാമോ? കെ.കരുണാകരൻ താമസിക്കുന്ന വീടാണ്! അന്യനാട്ടിൽ വന്നവർ എങ്ങനെ അറിയാനാണ്! അവർ ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ടു.

അഹമ്മദ് പട്ടേൽ
അഹമ്മദ് പട്ടേൽ

ഇതേ ഉപതിരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ പോളിനെതിരെ ബിജെപി സ്ഥാനാർഥി‌യായി മത്സരിച്ചത് വി.വി.അഗസ്റ്റിൻ. ഇടതുമുന്നണിയുടെ തിരഞ്ഞെട‌ുപ്പ് പ്രചാരണയോഗത്തിലെ പ്രസംഗം ഇ.കെ.നായനാർ അവസാനിപ്പിച്ചതിങ്ങനെ: അതുകൊണ്ട് എല്ലാവരും അഗസ്റ്റിനു വോട്ട് ചെയ്യണം! വേദിയിലെ നേതാക്കൾ ഉടനെ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ നായനാർ മൈക്കിലൂടെ പറഞ്ഞതിങ്ങനെ: സെബാസ്റ്റ്യനും അഗസ്റ്റിനുമൊക്കെ ഒന്നാണെടോ.

∙ പിണങ്ങിനിന്ന കരുണാകരനുമായി ഒത്തുതീർപ്പ് ചർച്ചയ്ക്ക് സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഹമ്മദ് പട്ടേൽ കൊച്ചിയിലെത്തി. കരുണാകരന്റെ മകൾ പത്മജയുടെ വീട്ടിൽ നടന്ന ചർച്ച പക്ഷേ പരാജയമായി. തുടർന്ന് അഹമ്മദ് പട്ടേൽ പുറത്തിറങ്ങിയപ്പോൾ കരുണാകരഭക്തരായ ഏതാനും പ്രവർത്തകർ വീടിനു മു‍ൻപിലുണ്ടായിരുന്നു. ആരും അവിടെ നിൽക്കരുതെന്നും ഇലക്‌ഷൻ വർക്കിനു പോകണമെന്നും ദേഷ്യത്തോടെ പറഞ്ഞ് എല്ലാവരെയും അദ്ദേഹം ഗേറ്റിനു പുറത്താക്കി!

∙ 1987 ജൂൺ 2– വാമനപുരം നിയമസഭാ ഉപതിരഞ്ഞെടുപ്പ് കാലം. കോലിയക്കോട് കൃഷ്ണൻനായരും (എൽഡിഎഫ്) എൻ.പീതാംബരക്കുറുപ്പും (യുഡിഎഫ്) സ്ഥാനാർഥികൾ. തലേക്കുന്നിൽ ബഷീർ എംപി, എം.എം.ഹസ്സൻ എംഎൽഎ, ജി.കാർത്തികേയൻ എന്നിവരുടെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കൾ എന്തോ പ്രശ്നത്തിന്റെ പേരിൽ പൊലീസ് സ്റ്റേഷനു മുൻപിൽ ധർണ നടത്തി.

1200-ak-antony-congress
എ.കെ. ആന്റണി (ഫയൽ ചിത്രം)

ഇതിനെ പരിഹസിച്ച് മുഖ്യമന്ത്രി ഇ.കെ.നായനാർ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ: സ്റ്റേഷനിൽ പോയി കുത്തിയിരുന്നത് ആരൊക്കെയാടോ. ബഷീർ എംപി, ഹസൻ എംഎൽഎ, കാർത്തികേയൻ താടി ! (കാർത്തികേയന് അക്കാലം എംപി, എംഎൽഎ വിശേഷണമില്ലാത്തതുകൊണ്ട് താടി എന്ന് അതേ താളത്തിൽ ഒപ്പിക്കുകയായിരുന്നു.)

∙‌ കൊല്ലം ജില്ലയിലെ ഒരു തിരഞ്ഞെടുപ്പ് പ്രചാരണയോഗം. അക്കാലത്തു നടന്ന എന്തോ സംഭവം വിവരിക്കാൻ, പൂതന ശ്രീകൃഷ്ണനെ കൊല്ലാൻ ശ്രമിച്ച കഥ പറഞ്ഞ് നായനാർ കത്തിക്കയറുകയാണ്: പൂതന നെഞ്ചിൽ വിഷംപുരട്ടി ശ്രീകൃഷ്ണനെ കൊല്ലാൻ വന്നിരിക്കുകയാണ്. ഇത്രയും പറഞ്ഞിട്ട് സ്റ്റേജിനടുത്ത് നിലത്തിരിക്കുന്ന പ്രവർത്തകർക്കുനേരെ കൈചൂണ്ടി നായനാർ തുടർന്നു.

പൂതനയുടെ െനഞ്ച് ഇതുപോലെ ഉണങ്ങിയ നെഞ്ചൊന്നുമല്ല ! പറഞ്ഞത് നായനാരായതുകൊണ്ട് അവിടംകൊണ്ടു കഴിഞ്ഞു. അല്ലെങ്കിൽ കോൺഗ്രസുകാർക്കും വനിതാകമ്മിഷനും പിന്നെ കോടതികൾക്കും പണിയായേനെ.

∙ ഐഎസ്ആർഒ ചാരക്കേസിനെത്തുടർന്ന് ഒന്നര വർഷം കാലാവധി ബാക്കിനിൽക്കെ കെ.കരുണാകരനു മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നുവല്ലോ. തുടർന്ന് എ.കെ.ആന്റണി മുഖ്യമന്ത്രിയായി. ആ മന്ത്രിസഭകൾക്കു ശേഷമുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വി.എസിന്റെ പ്രസംഗം: മൂന്നരവർഷത്തെ കരുണാകര ഭരണമാകുന്ന മാലിന്യത്തിനു മുകളിൽ ഒന്നരവർഷത്തെ ആന്റണി ഭരണമാകുന്ന ചെറിപ്പഴം വച്ചാൽ അത് ഫ്രൂട്ട് സാലഡാകുമോ! (അവസാന വാക്കുകൾ പതിവുപോലെ മൂന്നു പ്രാവശ്യം ആവർത്തിക്കും. മാലിന്യം എന്നല്ല കുറേക്കൂടി ദുർഗന്ധമുള്ള വാക്കാണ് വിഎസ് അന്ന് ഉപയോഗിച്ചത്)

∙ കെ.എം.മാണിയുടെ മരണശേഷം പാലായിലെ ഉപതിരഞ്ഞെടുപ്പ്. മാണി സി.കാപ്പൻ ഇടതുമുന്നണി സ്ഥാനാർഥി. ടോം ജോസ് യുഡിഎഫിനുവേണ്ടി മത്സരിക്കുന്നു. അവസാന റൗണ്ട് വരെ സസ്പെൻസ്. ഇരു സ്ഥാനാർഥികളും ഒപ്പത്തിനൊപ്പം മുന്നേറുന്നു. ടിവി കണ്ടിരുന്ന കാപ്പനോട് മാധ്യമ പ്രവർത്തകർ പറഞ്ഞു: യുഡിഎഫ് ക്യാംപിൽ ലഡുവും മറ്റും വാങ്ങിവച്ചിട്ടുണ്ട്. കാപ്പന്റെ മറുപടി: സാരമില്ല. കുറേക്കഴിയുമ്പോൾ അവരത് പകുതി വിലയ്ക്കു നമുക്കു തരും!

English Summary: Unforgettable Dialogues of Kerala's Election Scenario

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com