ADVERTISEMENT

കൊച്ചി∙ നിയമസഭാ കയ്യാങ്കളിക്കേസിലെ പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. സഭയ്ക്കുള്ളിലെ അക്രമങ്ങൾക്ക് പരിരക്ഷയില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് കേസ് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുള്ള സർക്കാർ ഹർജി കോടതി തള്ളിയത്. സംഭവം നടന്നത് സഭയ്ക്കകത്ത് ആയിരുന്നതിനാൽ പ്രതി ചേർക്കപ്പെട്ട മന്ത്രിമാർക്കും എംഎൽഎമാർക്കും ജനപ്രതിനിധികൾക്കുള്ള പരിരക്ഷ ലഭിക്കുമെന്നായിരുന്നു സർക്കാർ വാദം. ഈ വാദം കോടതി അംഗീകരിച്ചില്ലെന്നു മാത്രമല്ല, നിയമസഭയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്കാണ് അംഗങ്ങൾക്കു പരിരക്ഷയുള്ളതെന്നും അക്രമ സംഭവങ്ങൾക്ക് പരിരക്ഷ ഉണ്ടാവില്ലെന്നും വ്യക്തമാക്കി.

മന്ത്രിമാരായിരുന്ന ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, എംഎൽഎമാരായിരുന്ന കെ. കുഞ്ഞഹമ്മദ്, കെ. അജിത്, വി. ശിവൻകുട്ടി, സി.കെ. സദാശിവൻ തുടങ്ങിയ ആറ് ജനപ്രതിനിധികളെ പ്രതികളാക്കിയാണ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് കുറ്റപത്രം സമർപ്പിച്ചത്. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഇടതു മുന്നണി സർക്കാർ സമർപ്പിച്ച ഹർജി നേരത്തെ തിരുവനന്തപുരം സിജെഎം കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ അപ്പീൽ ഹർജിയുമായി സമീപിച്ചത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേസിലെ വിചാരണ നടപടിയുമായി പ്രോസിക്യൂഷന് മുന്നോട്ടു പോകാവുന്ന സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാർ കോഴ വിവാദം കത്തിനിൽക്കെ ധനമന്ത്രിയായിരുന്ന കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. സ്പീക്കറുടെ കസേരയും മൈക്ക് സ്റ്റാൻഡ്, കമ്പ്യൂട്ടറുകൾ, ഹെഡ്ഫോണുകൾ തുടങ്ങി നിരവധി സാധനങ്ങൾ നശിപ്പിക്കപ്പെട്ടു. രണ്ടു ലക്ഷം രൂപയുടെയെങ്കിലും പൊതുമുതൽ നശിപ്പിച്ചു എന്നായിരുന്നു കുറ്റപത്രം. പിണറായി സർക്കാർ അധികാരത്തിൽവന്ന ശേഷം വി. ശിവൻകുട്ടി എംഎൽഎ ആവശ്യപ്പെട്ടതനുസരിച്ചാണ് കേസ് പിൻവലിക്കുന്നതിന് സർക്കാർ കോടതിയെ സമീപിച്ചത്.

Content Highlights: Kerala HC on assembly mayhem

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com