ADVERTISEMENT

അഹമ്മദാബാദ് ∙ ഉപ്പ് കഠിനാധ്വാനത്തിന്റെ പ്രതീകമാണെന്നും ഇന്ത്യയുടെ വിശ്വസ്തതയെ സൂചിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടന്റെ ഉപ്പ് കുത്തകയ്‌ക്കെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന അഹിംസാത്മക നിസ്സഹകരണ സമരമായ ദണ്ഡി മാർച്ചിന്റെ (ഉപ്പു സത്യാഗ്രഹം) 91-ാം വാർഷികത്തോടനുബന്ധിച്ച് 386 കിലോമീറ്റർ പ്രതീകാത്മക ‘ദണ്ഡി മാർച്ച്’ ഫ്ലാഗ്ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യത്തിന് 75 വർഷം തികയുന്നതിന്റെ ഭാഗമായുള്ള ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടികൾക്കും അഹമ്മദാബാദിൽ മോദി തുടക്കമിട്ടു. സ്വാതന്ത്ര്യ സമരസേനാനികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച പ്രധാനമന്ത്രി, ദണ്ഡി മാർച്ചിനെ ആത്മനിർഭർ ഭാരത് ആശയവുമായി ബന്ധിപ്പിച്ചു. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ അന്ത്യവിശ്രമ സ്ഥലമായ അഭയ് ഘട്ടിനടുത്തുള്ള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. നേരത്തെ അദ്ദേഹം സബർമതി ആശ്രമം സന്ദർശിച്ചിരുന്നു.

‘അക്കാലത്ത് ഉപ്പ് ഇന്ത്യയുടെ സ്വാശ്രയത്വത്തിന്റെ പ്രതീകമായിരുന്നു. ഇന്ത്യയുടെ മൂല്യങ്ങളെയും സ്വാശ്രയത്വത്തെയും ബ്രിട്ടിഷുകാർ വ്രണപ്പെടുത്തി. ജനങ്ങൾക്ക് ഇംഗ്ലണ്ടിൽനിന്നു വരുന്ന ഉപ്പിനെ ആശ്രയിക്കേണ്ടിവന്നു. രാജ്യത്തിന്റെ ഈ തീവ്രവേദന ഗാന്ധിജി മനസ്സിലാക്കുകയും ജനഹിതമറിഞ്ഞു നീങ്ങുകയും ചെയ്തു. ഈ പ്രസ്ഥാനം ഓരോ ഇന്ത്യക്കാരന്റേയുമായി മാറി. ഇന്നു കോവിഡ് വാക്സീൻ നിർമിച്ച് കയറ്റുമതി ചെയ്ത് ഇന്ത്യ സ്വാശ്രയത്വവും നയതന്ത്രവും തെളിയിക്കുന്നു. ഇന്ത്യയുടെ നേട്ടങ്ങൾ ലോകമെമ്പാടും വെളിച്ചം വിതറുന്നു’– പ്രധാനമന്ത്രി വിശദീകരിച്ചു.

ഇന്ത്യയുടെ ചരിത്രത്തിന്റെ മഹത്വം സംരക്ഷിക്കാൻ കഴിഞ്ഞ ആറു വർഷമായി രാജ്യം ശക്തമായ ശ്രമങ്ങൾ നടത്തുകയാണ്. എല്ലാ സംസ്ഥാനത്തും പ്രദേശത്തും ശ്രമങ്ങൾ നടക്കുന്നുണ്ട്. ദണ്ഡി യാത്രയുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ പുനരുദ്ധാരണം രണ്ട് വർഷം മുൻപു പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

English Summary: PM Modi Links Dandi March to His Govt’s Vaccine Diplomacy to Underline Self-Reliance Goal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com