ADVERTISEMENT

കൊച്ചി∙ കളമശേരി മണ്ഡലത്തിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ മാധ്യമങ്ങൾക്കു മുന്നിലെത്തിയ മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് സംസാരിച്ചത് ഇടറിയ കണ്ഠത്തോടെ. നാലു പ്രാവശ്യം എംഎൽഎ ആകാനും അതിൽ രണ്ടു പ്രാവശ്യം മന്ത്രിയാകാനും അവസരം നൽകിയ പാർട്ടിക്കു നന്ദി പറഞ്ഞുകൊണ്ടായിരുന്നു സംസാരം.

‘ഒരു പാർട്ടിയും ഇതുപോലെ സാധാരണക്കാരനെ ഉയർത്തിക്കൊണ്ടു വരാൻ മുതിരാറില്ല. തന്നെ പാർട്ടിയും നേതൃത്വവും ചേർത്തു നിർത്തി. ഇക്കാര്യത്തിൽ മുസ്‍ലിം ലീഗ് അനുവർത്തിക്കുന്ന നയം എക്കാലത്തും പിന്തുടരും എന്നതിൽ സംശയമില്ല. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട വി.ഇ.അബ്ദുൽ ഗഫൂർ തന്റെ മകൻ എന്ന നിലയിലല്ല എത്തുന്നത്. മു‍സ്‍ലിം ലീഗ് എറണാകുളം ജില്ലാ സെക്രട്ടറിയാണ് അദ്ദേഹം.

ഹൈക്കോടതിയിലെ അഭിഭാഷകനാണ്, ഇന്ത്യ സർക്കാരിന്റെ അഭിഭാഷകനായി കേരള ഹൈക്കോടതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. സ്വന്തമായി ഓഫിസും പ്രാക്ടീസുമുള്ള അഭിഭാഷകനാണ്, യൂത്ത് ലീഗിന്റെ സെക്രട്ടറിയും പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. മറ്റുള്ള സ്ഥാനാർഥികളെ പോലെ, ജനപ്രതിനിധികളെ പോലെ ഗഫൂറും ജനങ്ങൾക്ക് വിധേയനായി പ്രവർത്തിക്കണം എന്നാണ് പറയാനുള്ളത്. ഒരു പ്രാവശ്യമേ താൻ ജനങ്ങളെ തേടി അങ്ങോട്ടു പോയുള്ളൂ. പിന്നീട് അവർ തന്നെ തേടി വരികയായിരുന്നു.

ഞാൻ ജനങ്ങളുടെ സേവകനായി മാറുകയായിരുന്നു. അബ്ദുൽ ഗഫൂറും അതേ പാത പിന്തുടരണം. എല്ലാവരും എല്ലാ പിന്തുണയും നൽകണം. തന്റെ സ്ഥാനാർഥിത്വക്കാര്യത്തിൽ ജനങ്ങൾ ആവശ്യപ്പെട്ടപ്പോൾ നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കാം എന്ന് അറിയിക്കുകയായിരുന്നു’– ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. പാലാരിവട്ടം പാലം തിരഞ്ഞെടുപ്പിൽ ചർച്ചയാകുമോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി.

യുഡിഎഫ് സ്ഥാനാർഥിയായി തിരഞ്ഞെടുത്തതിൽ പാർട്ടിയോടു നന്ദി പറയുന്നതായി അബ്ദുൽ ഗഫൂർ പ്രതികരിച്ചു. ‘പത്തു വർഷം മണ്ഡലത്തിൽ നടന്ന വികസനവും കാണിച്ചു തന്ന മാതൃകയും പിന്തുടർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്. അതിനാണ് മുന്നോട്ടുവരുന്നത്. ഒരു പരിധിവരെ അപ്രതീക്ഷിതമായിരുന്നു. പാർട്ടിയുടെ മാനദണ്ഡം വച്ച് തീരുമാനിക്കുകയായിരുന്നു. പത്തു വർഷത്തെ വികസന മാതൃക പിന്തുടരും’– ഗഫൂർ പറഞ്ഞു. പാലാരിവട്ടത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക്, ഇതിന്റെ രാഷ്ട്രീയ മറുവശം ജനങ്ങൾ മനസ്സിലാക്കുന്നുണ്ട് എന്നാണു വിശ്വാസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

English Summary: VK Ibrahim Kunju reaction on his son Abdul Gafoor's candidate in Kalamassery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com