ഒരിക്കലും ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ ഇല്ല; നയം വ്യക്തമാക്കി ലതിക സുഭാഷ്

Lathika-Subhash-2
ലതിക സുഭാഷ്
SHARE

കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ കേരളത്തിൽ നടന്ന ഓരോ ലോക്‌സഭാ–നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് പട്ടികയിൽ ഉയർന്നു കേൾക്കുന്ന പേരാണ് ലതികാ സുഭാഷിന്റേത്. എന്നാൽ അപ്പോഴെല്ലാം മറ്റൊരാൾക്കു വേണ്ടി ലതികയ്ക്കു വഴിമാറിക്കൊടുക്കേണ്ടി വന്നു. ഇപ്പോൾ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായിരിക്കെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലതിക മത്സരിക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായുണ്ട്.

സീറ്റ് ലഭിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്നു വരെ വാർത്തകൾ പ്രചരിച്ചു. എന്താണു സത്യം? നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ആഗ്രഹിച്ചിരുന്നോ? ബിജെപിയിലേക്കു പോകുമെന്ന പ്രചാരണത്തിനു പിന്നിൽ സത്യമുണ്ടോ? ലതിക ‘മനോരമ ഓൺലൈനോടു’ മനസ്സു തുറക്കുന്നു...

ഏറ്റുമാനൂരിൽ സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നല്ലോ? തഴയപ്പെട്ടോ?

കൊച്ചുന്നാളു മുതൽ പഠിച്ചുവളർന്ന നാടാണ് ഏറ്റുമാനൂർ. പഠിച്ച സ്കൂൾ, കോളജ് എല്ലാം അവിടെയായിരുന്നു. 1991ൽ ജില്ലാ കൗൺസിലിലും ’91ലും 2000ത്തിലും ജില്ലാ പ‍ഞ്ചായത്തിലും മത്സരിച്ചു ജയിച്ച എന്റെ സ്വന്തം നാട്. മാന്നാനം കെഇ കോളജിൽ ലേഡി റപ്രസന്റേറ്റിവായിരുന്നു. കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫിലേക്കു പോയപ്പോഴാണ് ജോസഫ് വിഭാഗം ഏറ്റുമാനൂർ സീറ്റിനു വേണ്ടി അവകാശവാദം ഉന്നയിച്ചത്. അപ്പോൾത്തന്നെ ഞാൻ കോൺഗ്രസ് നേതൃത്വത്തോട് സീറ്റിന്റെ കാര്യം പറഞ്ഞിരുന്നു.

Lathika-Subhash-5
ലതിക സുഭാഷ് (ചിത്രം: സമൂഹമാധ്യമം)

ഞാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന 2000 കാലഘട്ടത്തിനുശേഷം നടന്ന ഓരോ നിയമസഭാ തിരഞ്ഞെടുപ്പിലും പാർലമെന്റ് തിരഞ്ഞെടുപ്പിലും കോട്ടയം ജില്ലയിൽ എവിടെയെങ്കിലും എന്റെ പേരു വരികയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്യുന്നതു പതിവാണ്. എന്നാൽ അതിനുശേഷം വേറെ ആരെങ്കിലും അവിടെ സ്ഥാനാർഥികളാവുന്നതാണു രീതി. അപ്പോഴും പാർട്ടിക്കു വേണ്ടി ഏറ്റവും അത്മാർഥതയോടെ ഏതുത്തരവാദിത്തവും ഏറ്റെടുത്ത് പ്രവർത്തിക്കാറുണ്ടായിരുന്നു.

പക്ഷേ, ഇത്തവണ പാർട്ടി എനിക്കൊരു സീറ്റു നൽകുമ്പോൾ അത് ലതിക സുഭാഷിനല്ല, മഹിളാ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷയ്ക്കാണ്. അതൊരു ഉത്തരവാദിത്തവും പദവിക്കുള്ള അംഗീകാരവുമാണ്. അതിനാൽ വിജയസാധ്യതയുള്ള ഒരു സീറ്റുണ്ടാകുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്. ഞായർ രാവിലെ കെപിസിസി പ്രസിഡന്റ് പട്ടിക പ്രഖ്യാപിക്കുന്നതുവരെ പ്രതീക്ഷ പുലർത്തുന്നുണ്ട്.

ബിജെപിയിലേക്ക് പോകുന്നതായി കേൾക്കുന്നു?

ബിജെപിയിലേക്ക് പോകുന്നു എന്നു പറഞ്ഞ് ഒരുപാടു നാളായി എന്നെ സമൂഹമാധ്യമങ്ങളിൽ പലരും ആക്ഷേപിക്കുന്നുണ്ട്. പക്ഷേ ഒരിക്കലും ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്കോ പോകാൻ ഞാനാഗ്രഹിക്കുന്നില്ല, പോകില്ല. അതെന്റെ ശക്തമായ നിലപാടാണ്. കോൺഗ്രസിനായി മാത്രം പ്രവർത്തിക്കുന്നയാളാണു ഞാൻ‌. മഹിളാ കോൺഗ്രസിന്റെ അധ്യക്ഷ എന്ന നിലയിൽ വനിതകൾക്കു ഭാവിയിലാണെങ്കിലും ആത്മവിശ്വാസം പകരുന്ന നിലപാടുകള്‍ എടുക്കുന്നതിനായി, സ്ഥാനാർഥിപ്പട്ടിക പുറത്തുവരുമ്പോള്‍ എനിക്ക് അനുകൂലമായ, ആശ്വാസം പകരുന്ന ഒന്നായിരിക്കും അതെന്നു വിശ്വസിക്കുന്നു.

കേരളത്തിൽ കഴിഞ്ഞ രണ്ടു മാസംകൊണ്ട് തദ്ദേശതിരഞ്ഞെടുപ്പിൽ ജയിച്ചവരും തോറ്റവരും സീറ്റുകിട്ടാത്തവരുമായ വനിതകളെ കാണുന്നതിനായി 14 ജില്ലകളിലും ജനുവരി 16 മുതൽ 23 വരെ ഏഴു ദിവസം ഞാൻ യാത്ര നടത്തി. തോറ്റവരെ കാണുന്നതിന് ഒരു മഹിളാ കോൺഗ്രസ് അധ്യക്ഷയോ പാർട്ടി നേതാവോ ഇതാദ്യമായിട്ടാണു വരുന്നതെന്ന് എല്ലാവരും പറഞ്ഞു. ഒരു പ്രസ്ഥാനത്തിനു വേണ്ടി സ്ത്രീകൾ പ്രവർത്തിക്കുമ്പോൾ ആ പ്രസ്ഥാനം അവരെ അംഗീകരിക്കുമെന്ന വലിയ സന്ദേശമാണ് ഞാന്‍ കൊടുത്തത്.

Lathika-Subhash-61
ലതിക സുഭാഷ് (ചിത്രം: സമൂഹമാധ്യമം)

അതിനുശേഷം ഐശ്വര്യകേരള യാത്രയിൽ സ്ഥിരാംഗമാണെന്ന് പ്രതിപക്ഷനേതാവ് വിളിച്ചു പറഞ്ഞു. പലരും വന്നും പോയുമിരിക്കുമ്പോഴും 24 ദിവസവും രമേശ്ജിക്കൊപ്പം, ഞായറാഴ്ച പോലും അവധിയില്ലാതെ, നൂറുകണക്കിനു വനിതകളാണ് ഐശ്വര്യകേരള യാത്രയ്ക്ക് പിന്തുണയുമായി മഹിളാ കോൺഗ്രസ് പ്രവർത്തകരായെത്തിയത്. ഇവർക്കെല്ലാം എന്നിലും പ്രസ്ഥാനത്തിലും വിശ്വാസമുണ്ട്.

20% സീറ്റാണ് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതു കേരളത്തിനുവേണ്ടി, പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിക്കുന്ന യുവതികളുൾപ്പെടെ, പുതുമുഖങ്ങളുൾപ്പെടെ, മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന വ്യക്തിത്വങ്ങളുൾപ്പെടെ, കോൺഗ്രസിന്റെ നേതാക്കളുൾപ്പെടെ, മഹിളാ കോൺഗ്രസിന്റെ നേതാക്കളുൾപ്പെടെയാണ്. വനിതകളുടെ പട്ടികയും കൊടുത്തിട്ടുണ്ട്. എല്ലാവർക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമെന്നാണു പ്രതീക്ഷ.

കോൺഗ്രസിൽ വനിതാ പ്രാധാന്യം കുറയുകയാണെന്നു തോന്നുന്നുണ്ടോ?

അങ്ങനെയൊരു തോന്നലുണ്ടായിരുന്നു. അതുകൊണ്ടാണ് കെപിസിസിയുടെ ആദ്യത്തെ ഭാരവാഹിത്വത്തിന്റെ പട്ടിക വന്നപ്പോൾ ഞാനൊരു വാർത്താസമ്മേളനം നടത്തിയത്. ഒരു പട്ടിക തയാറാക്കാൻ നേതൃത്വം ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. എന്നാലും മഹിളാ കോൺഗ്രസിന്റേതായ ഒരു പ്രതിഷേധം പ്രസിഡന്റെന്ന നിലയിൽ ഞാനറിയിച്ചു. തുടർന്നു പത്തു പതിനഞ്ചിലേറെ വനിതകളെ സെക്രട്ടറിമാരായും രണ്ടു വനിതാ ജനറൽ സെക്രട്ടറിമാരെയും പാർട്ടി നിയോഗിച്ചു. മഹിളാ കോൺഗ്രസ് കമ്മിറ്റിയിൽനിന്ന് ആറുപേർ കെപിസിസിയുടെ നേതൃത്വത്തിലേക്കു വന്നു. ഇതെല്ലാം എന്റെ പ്രതീക്ഷ വർധിപ്പിക്കുകയാണുണ്ടായത്.

Lathika-Subhash-Mullappally
ലതിക സുഭാഷ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം. ചിത്രം: മനോരമ

മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസിയുടെ നേതൃത്വത്തിലേക്ക് വന്നപ്പോൾ കേരളത്തിലെ 25,000ത്തോളം വരുന്ന ബൂത്ത് വൈസ് പ്രസിഡന്റുമാരായ വനിതകളെക്കൂടി രാഹുൽ ഗാന്ധി പങ്കെടുത്ത സമ്മേളനത്തിൽ പങ്കെടുപ്പിച്ചു. അതൊക്കെ സ്ത്രീകളായ നേതാക്കളെ മുന്നോട്ടുകൊണ്ടുവരുന്നതിന്റെ വലിയ ലക്ഷണങ്ങളായി കണ്ടു. തീർച്ചയായും അതുകൊണ്ട് വനിതകൾക്ക് അംഗീകാരം നൽകുന്ന ഒരു പട്ടികയായിരിക്കും പ്രഖ്യാപിക്കാൻ പോകുന്നതെന്നു ഞാൻ വിശ്വസിക്കുന്നു

ഷാനിമോൾ ഉസ്മാനും താങ്കളും സമകാലീനരാണ്. എന്നാൽ ഷാനിമോൾക്ക് പാർട്ടിയില്‍ താങ്കളേക്കാൾ ഏറെ പ്രാധാന്യം ലഭിക്കുന്നുവെന്ന് തോന്നുന്നുണ്ടോ?

ഞാൻ എൺപതിന്റെ തുടക്കത്തിൽ കോളജിൽ പഠിക്കുമ്പോൾ ലേഡി റപ്രസന്റേറ്റിവായി, യുയുസി ആയി, യൂണിവേഴ്സിറ്റി വൈസ് ചെയർമാൻ സ്ഥാനാർഥിയായി എന്നതൊഴിച്ചാൽ ഞാൻ കെഎസ്‌യുവിന്റെ ഒരു ഭാരവാഹിയോ സെനറ്റ്, സിൻഡിക്കേഡ് മെംബറോ ആയിരുന്നില്ല. അത്ര പ്രശസ്തയുമായിരുന്നില്ല, എന്നാൽ ഷാനിമോൾ കെഎസ്‌യുവിന്റെ സംസ്ഥാന വൈസ് പ്രസി‍ഡന്റായിരുന്നു. കെഎസ്‌യുവിന്റെ താഴെത്തട്ടിലുള്ള പ്രവർത്തകയും നേതാവുമായിരുന്നു. പിന്നീട് ആലപ്പുഴ നഗരസഭ ചെയർപഴ്സനായി.

മഹിളാ കോൺഗ്രസിന്റെ പ്രസിഡന്റായപ്പോൾ അവർക്ക് കിട്ടിയ സീറ്റ് പെരുമ്പാവൂരാണ്. അത്ര ഈസിയായി ജയിക്കാവുന്ന ഒരാളായിരുന്നില്ല. അവർ അന്ന് അനുഭവിച്ച ബുദ്ധിമുട്ട് ഞാൻ ഓർക്കുന്നുണ്ട്. അവരുടെ വൈസ് പ്രസിഡന്റായിരുന്നു ഞാൻ. പിന്നീട് പാർലമെന്റിലേക്ക് അവരെ പ്രഖ്യാപിച്ചത് കാസർകോടാണ്. വളരെ നിശ്ചയദാർഢ്യത്തോടുകൂടി അവിടെ മല്‍സരിക്കുന്നില്ലെന്ന് അവർ പറഞ്ഞു. അപ്പോഴാണ് കോൺഗ്രസുകാരി എന്നതിലേറെ അവരെ ജനം ശ്രദ്ധിച്ചത്.

Lathika-Subhash-3
ലതിക സുഭാഷ് (ചിത്രം: സമൂഹമാധ്യമം)

വീണ്ടും അവർക്ക് പാർലമെന്റിൽ സീറ്റുലഭിച്ചത് ആലപ്പുഴയിലാണ്. അവിടെ അവർക്ക് ജയിക്കാനായില്ല. മഹിളാ കോൺഗ്രസിൽ അന്നു ഞങ്ങൾ പ്രമേയം അവതരിപ്പിച്ചു. അരൂരിലൊഴിയുന്ന സീറ്റിൽ ഷാനിമോളെ പരിഗണിക്കണം. ഷാനിമോൾക്ക് അരൂർ നിയോജക മണ്ഡലത്തിൽ നല്ല ഭൂരിപക്ഷമുണ്ടായിരുന്നു. അവരുടെ കഴിവിനും അതിൽ പ്രധാന പങ്കുണ്ട്. എനിക്കതിലൊരു പരാതിയുമില്ല. ലതിക സുഭാഷിനോ ഷാനിമോൾക്കോ ആകട്ടെ വനിതകൾക്കു പ്രാതിനിധ്യം നൽകണമെന്നാണു താൽപര്യം.

ഉമ്മൻചാണ്ടി ചർച്ചയ്ക്കായി വിളിപ്പിച്ചിരുന്നോ?

എനിക്ക് ആറു വയസ്സുള്ളപ്പോൾ മുതൽ ഉമ്മന്‍ ചാണ്ടി സാർ പുതുപ്പള്ളിയിൽ എംഎൽഎയായിരുന്നു. എന്റെ അച്ഛന്റെ വീട് പുതുപ്പള്ളി മണ്ഡലത്തിലെ ആറുമാനൂരാണ്. കുട്ടിക്കാലം മുതലേ കാണുന്ന നേതാവ് ഉമ്മൻ ചാണ്ടി സാറാണ്. പാവങ്ങളെ സ്നേഹിക്കുന്ന, ജനങ്ങളിലേക്ക് ഇറങ്ങി വരുന്ന, ഒരു പിആർ ഏജൻസിയുമില്ലാതെ പൊതുപ്രവർത്തനം നടത്തുന്ന ഉമ്മൻ ചാണ്ടി സാർ എന്നുമെന്റെ മനസ്സിലുണ്ട്. ആ സാറിനെ കണ്ടാണു ജനിച്ചത്, വളർന്നത്, യാത്ര ചെയ്യുന്നത്.

തിരഞ്ഞെടുപ്പിനു മുൻപ് ഐശ്വര്യ കേരളയാത്രയിലൂടെ, രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിലൂടെ കോൺഗ്രസിനൊരു മേൽക്കയ്യുണ്ടായിരുന്നു. എന്നാൽ സ്ഥാനാർഥി നിർണയം വൈകിയതും തർക്കങ്ങളും അതു നഷ്ടപ്പെടുത്തി? അത് നെഗറ്റിവ് ഇംപാക്ട് ഉണ്ടാക്കുന്നുണ്ടോ?

പട്ടിക അൽപം വൈകിയത് കുറച്ചു സങ്കടമുണ്ടാക്കിയിട്ടുണ്ട്. മാർച്ച് 14നേ സ്ഥാനാർഥിപ്പട്ടിക പുറത്തുവരികയുള്ളൂ. പട്ടിക പുറത്തുവരുന്നതിനു മുൻപുള്ള ഇനിയുള്ള സമയമെങ്കിലും വളരെ നിർണായകമായ സമയമാണെന്നു കണ്ട് പ്രവർത്തകരെ വേദനിപ്പിക്കാത്ത രീതിയിൽ അവർക്കു കൂടെ താൽപര്യമുള്ളവരെ സ്ഥാനാർഥികളാക്കണം. നിസ്വാർഥമായി പാർട്ടിയെ സ്നേഹിക്കുന്നവരെ സങ്കടപ്പെടുത്താതെ വേണം ഓരോ സ്ഥാനാർഥി നിർണയവും.

ഓരോ സ്ഥലത്തും പ്രവർത്തകർക്ക് അംഗീകാരമുള്ള അവരുടെ മനസ്സറിഞ്ഞ സ്ഥാനാർഥികളെ കൊടുത്താൽ ഈ പ്രശ്നങ്ങൾ ഇനിയും ഒഴിവാക്കാൻ കഴിയും. ഇതുവരെയുള്ള കേരള യാത്രകളിൽ വൻ വിജയമായിരുന്നു രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്ര. അതിന്റെ ആകർഷണശക്തി കളയാതെ സ്ഥാനാർഥി നിർണയവും കൊണ്ടുപോയാൽ യുഡിഎഫിന് വിജയം ഉറപ്പാണ്.

English Summary: Interview with Mahila Congress State President Lathika Subhash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA