നൃത്തം, മദ്യപാനം... ബ്രിട്ടിഷ് രാജകുടുംബത്തെ വെല്ലുവിളിച്ച വിക്ടോറിയയുടെ ‘ഇന്ത്യൻ മകൾ’
Mail This Article
വിക്ടോറിയ ഗൗരമ്മയും മേഗൻ മാർക്കിളും തമ്മിൽ എന്താണു ബന്ധം? ബ്രിട്ടിഷ് രാജകുടുംബത്തിൽനിന്നു നേരിട്ട വർണവിവേചനമുൾപ്പെടെ മേഗൻ വെട്ടിത്തുറന്നു പറഞ്ഞതിനു പിന്നാലെ ചരിത്രകാരി ഡോ. പ്രിയ അത്‌വാൾ ആണ് കൂർഗിൽനിന്ന് 1800കളിൽ ബ്രിട്ടനിലെത്തിയ, അന്നത്തെ രാജ്ഞി വിക്ടോറിയ ‘ദത്തെടുത്ത’ രാജകുമാരി ഗൗരമ്മയുടെ കഥ ട്വിറ്ററിൽ പങ്കുവച്ചത്. കുടുംബത്തിലെത്തുന്നവർക്കു ‘വെള്ളനിറം’ ഇല്ലെങ്കിൽ രാജകുടുംബം കാട്ടുന്ന പ്രത്യേകതരം കുത്തിത്തിരിപ്പുകൾ ഏറെ സഹിച്ച ഗൗരമ്മ, ആ സങ്കടത്തിൽ മേഗന്റെ മുന്നേ നടന്നവൾ എന്നാണു ഡോ. പ്രിയ ചൂണ്ടിക്കാട്ടിയത്.
ആരാണു ഗൗരമ്മ?
ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ ഒന്നൊന്നായി കീഴ്പ്പെടുത്തുന്ന കാലം. കൊട്ടാരവും പദവിയും നഷ്ടപ്പെട്ട അനേകം രാജകുടുംബങ്ങൾ. അവരിൽ ഒരാളായിരുന്നു കൂർഗിലെ രാജാവ് രാജാ ചിക്ക വീര രാജേന്ദ്ര. വാരാണസിയിലേക്ക് അദ്ദേഹത്തെ നാടുകടത്തി. അപ്പോൾ വർഷം 1834. പ്രതാപവും പ്രൗഢിയുമെല്ലാം നഷ്ടപ്പെട്ടതിന്റെയും സ്വന്തം ജനങ്ങൾ ബ്രിട്ടിഷുകാരുടെ അടിമകളാകുന്നതിന്റെയും വേദന കടിച്ചമർത്തിക്കഴിഞ്ഞ വർഷങ്ങൾ. അതിനിടെയാണ്, മകൾ ഗൗരമ്മയുടെ ജനനം. രാജകുമാരിയായി വളരേണ്ട അവളുടെ ജീവിതമെന്താകുമെന്നോർത്ത ആധിയും കൂടിയായി പിന്നീട്. സുഹൃത്തായ ബ്രിട്ടിഷ് ഡോക്ടർ ലണ്ടനിലേക്കു പോകുന്നതിനെക്കുറിച്ചു പറഞ്ഞതിൽ പ്രതീക്ഷ വിടരുന്നത് അങ്ങനെയാണ്.
ഒടുവിൽ, 1852ൽ പതിനൊന്നുകാരി മകളുടെ കയ്യും പിടിച്ച് രാജാ വീര രാജേന്ദ്ര ബ്രിട്ടനിലേക്കു കപ്പൽ കയറി. അവിടെ സാക്ഷാൽ വിക്ടോറിയ രാജ്ഞിക്കു മുന്നിൽ അദ്ദേഹം 2 കാര്യങ്ങൾ ആവശ്യപ്പെട്ടു; മകളെ രാജകീയമായിത്തന്നെ ബ്രിട്ടനിൽ വളർത്തണം, തന്റെ പൈതൃക സ്വത്തുക്കൾ മടക്കിത്തരണം. ബ്രിട്ടനിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ രാജകുടുംബാംഗങ്ങൾ ആയതിനാൽ വിക്ടോറിയ അവരെ ഗംഭീരമായിത്തന്നെ സ്വീകരിച്ചു. ഗൗരമ്മയെ ദത്തെടുക്കാമെന്ന വാഗ്ദാനവും നൽകി. പക്ഷേ, അവളെ ക്രിസ്ത്യാനിയാക്കണം. അച്ഛനോ മറ്റു കുടുംബാംഗങ്ങളോ ആയി പിന്നീട് ഒരു ബന്ധവും പാടില്ല. പാശ്ചാത്യ രീതികൾ പഠിച്ച്, രാജകുടുംബത്തിന്റെ ചിട്ടയിൽ വളരണം തുടങ്ങിയ നിബന്ധനകളും ഉണ്ടായിരുന്നു, ഒപ്പം.
വീര രാജേന്ദ്ര, അതെല്ലാം സമ്മതിച്ചു. കാരണം, കിരീടവും ചെങ്കോലുമില്ലാതെ തനിക്കൊപ്പം ഇന്ത്യയിൽ അവൾ വളരുന്നതിലും നല്ലതാകും ‘വിക്ടോറിയയുടെ കുട്ടി’ ആയി ബ്രിട്ടനിൽ കഴിയുന്നതെന്ന് ആ അച്ഛൻ കരുതി. എന്നാൽ, സ്വത്തുകാര്യത്തിൽ രാജ്ഞി കയ്യയച്ചില്ല. ഗൗരമ്മയുടെ പേരിലേക്കു സ്വത്തുക്കളിൽ ഒരു ഭാഗം നീക്കിവച്ചു. അതു തന്നെയുണ്ടായിരുന്നു വലിയൊരു തുക. പിന്നെ കുറച്ചു വീര രാജേന്ദ്രയ്ക്കും നൽകി. ബക്കിങ്ങാം കൊട്ടാരത്തിൽ കാന്റർബറി ആർച്ച് ബിഷപ് നേരിട്ടെത്തിയാണു കൊച്ചു ഗൗരമ്മയെ മാമോദീസ മുക്കിയത്. അങ്ങനെ അവൾ വിക്ടോറിയ ഗൗരമ്മയായി.
പുതിയ മതം പഠിപ്പിക്കാനും വിദ്യാഭ്യാസം നൽകാനും കൊട്ടാരത്തിനു യോജിച്ച രീതിയിൽ വളർത്താനും അവളെ വിവിധ കുടുംബങ്ങൾക്കൊപ്പം പാർപ്പിച്ചു. ഗൗരമ്മ മാത്രമായിരുന്നില്ല, ക്വീൻ വിക്ടോറിയയ്ക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തിച്ച 100 ‘ഗോഡ് ചിൽഡ്രൻ’ ഉണ്ടായിരുന്നു. ഇന്ത്യയുടെ മഹാരാജ ദുലീപ് സിങ് ആയിരുന്നു അവരിൽ ഒരാൾ.
ഒറ്റപ്പെട്ടും കരഞ്ഞും ഓടിപ്പോകാൻ നോക്കിയും
പിതൃസ്വത്തിന്റെ ബലത്തിൽ ആഡംബരത്തിലായിരുന്നു ഗൗരമ്മയുടെ ജീവിതം. പക്ഷേ, കൂട്ടിലിട്ടതുപോലെ അവൾ ഉള്ളിൽ പിടഞ്ഞുകൊണ്ടിരുന്നതായി ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു. നിറത്തിന്റെ പേരിലുള്ള വിവേചനം ബ്രിട്ടനിൽ കൊടികുത്തിവാഴുന്ന കാലത്താണല്ലോ ഗൗരമ്മയും അച്ഛനും അവിടെയെത്തുന്നത്. അവർ ആദ്യം താമസിച്ച ഹോട്ടലിൽ ‘കറുത്ത രാജകുമാരി’ വന്നിരിക്കുന്നുവെന്ന് പിറുപിറുത്തുകൊണ്ട് കാഴ്ചക്കാരുടെ ബഹളമായിരുന്നത്രേ. ഇന്നത്തെ പാപരാസികളുടെ ആദ്യ രൂപമായിരിക്കാം. മകളെ തുറിച്ചുനോക്കുന്നുവെന്ന് വീര രാജേന്ദ്ര വിക്ടോറിയയോടു പരാതിയും പറഞ്ഞിരുന്നു.
ബാല്യം വിടാത്ത അവളെ വിട്ട് ബക്കിങ്ങാം കൊട്ടാരത്തിനു പുറത്തേക്കു പോയ അച്ഛനോട് അവൾക്കു ദേഷ്യം പോലും തോന്നിയിരിക്കാമെന്നു പിന്നീടു ചില മനഃശാസ്ത്ര വിദഗ്ധർ പറഞ്ഞു. കാരണം, തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കുന്നതു പോലെയായിരുന്നല്ലോ ഗൗരമ്മയുടെ പിന്നീടുള്ള ജീവിതം. മതപാഠങ്ങൾ ഹൃദ്യസ്ഥമാക്കുന്നതിനൊപ്പം നിൽപ്, നടപ്പ്, ഇരിപ്പ് എന്നിവയെല്ലാം കൊട്ടാരത്തിനു ചേർന്ന രീതിയിൽ ആകണമായിരുന്നു. സംസാരവും പെരുമാറ്റവും വേഷവുമെല്ലാം മാറി. അതൊന്നുമല്ല, ഗൗരമ്മയെ വലച്ചത്. രാജ്ഞിയുടെ ദത്തുപുത്രിയെന്നാണു പേരെങ്കിലും നിറത്തിന്റെ പേരിൽ, വംശത്തിന്റെ പേരിൽ അവളെ തരംതാണവളായാണ് എല്ലാവരും കണ്ടത്.
അടക്കിപ്പിടിച്ച ചിരികളും തരംകിട്ടുമ്പോൾ വീഴുന്ന കുത്തുവാക്കുകളും ഒറ്റപ്പെടലിന്റെ കനത്ത ഭാരവും ഗൗരമ്മയെ ‘റിബലാ’ക്കി. പോരാത്തതിന്, സ്വകാര്യനിമിഷങ്ങൾ പോലും വിലയിരുത്തി മാർക്കിടാൻ ചുറ്റും കൂടുന്നവരുടെ ശല്യം വേറെയും. അതു ശരിയായില്ല, ഇതു ശരിയായില്ല, ബ്രിട്ടിഷ് രാജകുടുംബത്തിന്റെ ഭാഗമായിരിക്കുമ്പോൾ ഇങ്ങനെയല്ല പെരുമാറേണ്ടത് എന്നിങ്ങനെ സദാ കുറ്റപ്പെടുത്തൽ. പരിപാലിക്കാൻ ഏൽപിച്ച കുടുംബങ്ങളിൽ നിന്നു പലവട്ടം ഗൗരമ്മ ഓടിപ്പോകാൻ നോക്കി. എല്ലാത്തവണയും പിടിക്കപ്പെട്ടു. സ്വന്തം വീട്ടുകാരെ ആരെയെങ്കിലും ഒന്നു കാണാനെങ്കിലും ആഗ്രഹിച്ചെങ്കിലും അതും സമ്മതിച്ചില്ല. ഇന്ത്യൻ രീതികളിലേക്കു ഗൗരമ്മ മടങ്ങിപ്പോയാൽ ‘നാണക്കേട്’ ആകുമെന്നായിരുന്നു കൊട്ടാരത്തിന്റെ വാദം.
ബ്രിട്ടിഷ് കൊട്ടാരത്തിലെ സ്ത്രീകളുടെ പരമ്പരാഗത ചിട്ടവട്ടങ്ങൾക്കനുസരിച്ച് മെരുങ്ങാൻ ഗൗരമ്മയ്ക്കു സാധിച്ചുമില്ല. വളരെ ഊർജസ്വലയായിരുന്നു അവൾ. ഉറക്കെ സംസാരിക്കാനും പാട്ടു പാടാനും നൃത്തം ചെയ്യാനും ആഗ്രഹിച്ചവൾ. പക്ഷേ, കൊട്ടാരത്തിലെ രീതി മറ്റൊന്നായിരുന്നു. സ്ത്രീകൾക്ക് അവർ സൗമ്യതയുടെയും മിതസംസാരത്തിന്റെയും നാണം കലർന്ന ചിരിയുടെയും അളവുകോൽ വച്ചിരുന്നു. ഗൗരമ്മയാകട്ടെ, പാർട്ടികളിൽ പുരുഷന്മാർക്കൊപ്പം നൃത്തം ചെയ്തും മദ്യപിച്ചുമെല്ലാം വേറിട്ടുനിന്നു. ഇതോടെ, പത്രങ്ങൾ വെറുതെ വിടുമോ? ഇന്ത്യയിൽ നിന്നെത്തിയ ‘താന്തോന്നി’ രാജകുമാരിയുടെ വാർത്തകളായി ചുറ്റും.
താങ്ങാനാകാത്ത മാനസിക സമ്മർദവും വിഷമങ്ങൾ ആരോടും പറയാനില്ലാത്തതും ഗൗരമ്മയെ മറ്റൊരാളാക്കി മാറ്റി. എതിർപ്പുകളിലൂടെ പ്രതികരിക്കാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു. മിക്കപ്പോഴും രോഗബാധിതയായിരുന്നു. അതിനിടെയാണ്, മഹാരാജാ ദുലീപ് സിങ്ങിനെയും ഗൗരമ്മയെയും വിവാഹം കഴിപ്പിക്കാൻ വിക്ടോറിയ രാജ്ഞി ശ്രമിച്ചത്. ക്രിസ്തുമതത്തിലേക്കു മാറിയ ഇരുവരും അവരുടെ മക്കളും ചേർന്ന് ഇന്ത്യയിൽ മതം പ്രചരിപ്പിച്ചാൽ നന്നാകുമെന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ, ഇരുവർക്കും അതിൽ താൽപര്യമൊട്ടുമില്ലായിരുന്നു. ഗൗരമ്മയെ തന്റെ ‘സഹോദരി’ ആയാണു ദുലീപ് കണ്ടത്.
ദുലീപിന്റെ കഥ
സിഖ് രാജവംശത്തിലെ അവസാന രാജാവായിരുന്ന ദുലീപ്, പതിനഞ്ചാം വയസ്സിലാണ് ബ്രിട്ടനിൽ എത്തിയത്. ഗൗരമ്മയുടെ വരവിനു ശേഷം 2 വർഷം കഴിഞ്ഞ് 1854ൽ. വിക്ടോറിയ ദത്തെടുത്തതിനു പിന്നാലെ, പെർത്ഷയറിലെ ‘കറുത്ത’ രാജാവ് എന്നായിരുന്നു വേദനിപ്പിക്കുന്ന ഓമനപ്പേര്. അഞ്ചാം വയസ്സിൽ സിഖ് വംശത്തിന്റെ ചെങ്കോലേന്തിയതാണു ദുലീപ്. മകനെ സിംഹാസനത്തിലിരുത്തി അമ്മ ഭരിച്ചു. അതിനിടെയാണു ബ്രിട്ടനുമായുള്ള യുദ്ധവും തോൽവിയും തുടർന്ന് ലണ്ടനിലേക്കുള്ള യാത്രയും. സിഖ് തലപ്പാവണിഞ്ഞ്, വിടർന്ന കണ്ണുകളോടെ എത്തിയ പതിനഞ്ചുകാരനെ വിക്ടോറിയയ്ക്കു പ്രിയമായിരുന്നു. ക്രിസ്തുമതത്തിലേക്കു മാറിയ ദുലീപിനെയും ബ്രിട്ടിഷ് രീതികൾ പഠിപ്പിച്ചെടുത്തു.
വർഷങ്ങൾക്കു ശേഷം ഏറെ പണിപ്പെട്ട് അമ്മയെ കാണാൻ സാധിച്ച ദുലീപ്, അവരെയും ബ്രിട്ടനിലേക്ക് ഒപ്പം കൂട്ടി. തന്റെ പാരമ്പര്യത്തെക്കുറിച്ചു കൂടുതൽ അറിഞ്ഞതോടെ, വീണ്ടും സിഖ് വംശത്തെക്കുറിച്ച് പഠിക്കാൻ തുടങ്ങി. ഒടുവിൽ, തിരികെ സിഖ് മതത്തിലേക്ക്. ബ്രിട്ടിഷ് കൊട്ടാരത്തിന്റെ കടുത്ത എതിർപ്പുകൾക്കിടയിലായിരുന്നു തീരുമാനമെന്നോർക്കണം. സിഖ് പാരമ്പര്യത്തിൽ തുടരാനായി ഇന്ത്യയിലേക്കു തിരിച്ച ദുലീപിനെ ബ്രിട്ടിഷ് സേന ഏഡനിൽ അറസ്റ്റ് ചെയ്തു. അനൗപചാരികമായി സിഖ് മതം സ്വീകരിച്ചെങ്കിലും ദുലീപിനെ നിർബന്ധപൂർവം അവർ യൂറോപ്പിൽ മടക്കിയെത്തിച്ചു. 2 വിവാഹങ്ങളിലായി 8 മക്കൾ ജനിച്ചു ദുലീപിന്. എന്നാൽ, എല്ലാവരും സന്താനങ്ങളില്ലാതെ മരിച്ചു. അതിൽ ദുരൂഹതയുണ്ടെന്നു വാദിക്കുന്ന ചരിത്രകാരന്മാരുമുണ്ട്. എന്തായാലും അതോടെ സിഖ് രാജപരമ്പരയ്ക്ക് അവസാനമായി.
ഗൗരമ്മയ്ക്ക് കല്യാണക്കുടുക്ക്
ഇനി തിരികെ ഗൗരമ്മയിലേക്കു വരാം. ചുമച്ചും ചോര തുപ്പിയും ആരോഗ്യം വഷളാകുന്നതിനിടെ, അൻപതുകാരനായ ആർമി കേണലിനെ പത്തൊന്‍പതാം വയസ്സിൽ ഗൗരമ്മ വിവാഹം ചെയ്തു. ഇതും കൊട്ടാരത്തോടുള്ള എതിർപ്പിന്റെ പ്രതിഫലനമാണെന്നാണു വിലയിരുത്തൽ. എന്നാൽ, തന്റെ സ്വത്തിൽ മാത്രമാണു ഭർത്താവിന്റെ കണ്ണെന്നു തിരിച്ചറിഞ്ഞതോടെ ഗൗരമ്മ തീർത്തും തളർന്നു. അതിനിടെ ഒരു മകൾ ജനിച്ചു, എഡിത്. ഗൗരമ്മയുടെ ആഭരണങ്ങളെല്ലാം കവർന്ന് ഒരു ദിവസം ഭർത്താവ് ജോൺ കാംപൽ അപ്രത്യക്ഷനായി.
സമ്മർദത്തിന്റെ നാളുകൾക്കൊടുവിൽ, 23ാം പിറന്നാളിന് അടുത്തെത്തി നിൽക്കെ ഗൗരമ്മ മരിച്ചു. അതെ, ആ ചെറുപ്രായത്തിൽ തന്നെ എന്തെല്ലാം സഹിച്ചാണ് അവർ യാത്രയായത്! മേഗൻ മാർക്കിളിന്റെ വെളിപ്പെടുത്തലുകളിൽ പറയുന്ന സംസ്കാരങ്ങളിലെ വ്യത്യാസം, കൊട്ടാരത്തിലെ വിചിത്രമായ രീതികൾ, ചെയ്യുന്നതെന്തും വാർത്തയാകുന്ന വൃത്തികെട്ട സമ്പ്രദായം– ഗൗരമ്മയും ഇതൊക്കെത്തന്നെയല്ലേ സഹിച്ചത്. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും അതിന് ഒരു മാറ്റവുമില്ലല്ലോ!
English Summary: Unknown Story of Princess Gouramma, Queen Victoria's 'God Child'