ADVERTISEMENT

കണ്ണൂർ∙ സ്ഥാനാർഥികളുടെ കാര്യത്തിൽ ജയസാധ്യതയുടെ പേരു പറഞ്ഞ് നേതാക്കൾ ഗ്രൂപ്പ് താൽപര്യം നടപ്പാക്കിയെന്നും അതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണമെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ എംപി. ഗ്രൂപ്പില്ലാതെ സ്ഥാനാർഥി നിർണയം നടത്തുമെന്നു പറഞ്ഞശേഷം ഗ്രൂപ്പ് നേതാക്കൾ അണികൾക്കുവേണ്ടി നിലപാടെടുത്തു.

അക്കൂട്ടത്തിൽ കെ.സി.വേണുഗോപാലുമുണ്ടോ എന്ന ചോദ്യത്തിന്, എല്ലാവരുമുണ്ടെന്നായിരുന്നു സുധാകരന്റെ മറുപടി. ഇരിക്കൂർ സീറ്റിൽ കീഴ്‍വഴക്കവും പാരമ്പര്യവും അനുസരിച്ചുള്ള തീരുമാനം വരണം. എഐസിസി ജനറൽ സെക്രട്ടറിയുമായി താൻ സംസാരിച്ചിട്ടുണ്ട്. പന്ത് ഇപ്പോൾ നേതൃത്വത്തിന്റെ കോർട്ടിലാണ്. ഗോളടിക്കണോ, പുറത്തടിക്കണോ എന്നു തീരുമാനിക്കേണ്ടത് നേതൃത്വമാണ്. തെറ്റിയാൽ എല്ലാം തെറ്റുമെന്നും തീർന്നാൽ എല്ലാം തീരുമെന്നും സുധാകരൻ പറഞ്ഞു.

പട്ടിക എഐസിസി നേതൃത്വം തിരിച്ചുവിളിച്ചിട്ടുണ്ടെന്നാണു മനസ്സിലാക്കുന്നത്. ഇപ്പോഴുണ്ടായതു ചെറിയ കലാപമാണെങ്കിലും അതൊഴിവാക്കേണ്ടതായിരുന്നു. കെപിസിസി നേതൃത്വത്തിന്റെ പരാജയമല്ല, സ്ഥാനാർഥിനിർണയം കൈകാര്യം ചെയ്യുന്ന നേതാക്കളുടെ പോരായ്മയാണ് ഇതിനു കാരണം. സന്ദർഭോചിതമായി പ്രശ്നം കൈകാര്യം ചെയ്യാൻ നേതാക്കൾക്കായില്ല.

സ്ക്രീനിങ് കമ്മിറ്റി അംഗങ്ങൾ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ നിൽക്കുന്നവരാണ്. അവർക്കു കേരളത്തിലെ സാഹചര്യം അറിയാത്തതിനാൽ സംസ്ഥാന നേതൃത്വത്തെ ആശ്രയിക്കേണ്ടിവന്നു. നേതൃത്വത്തിനു തെറ്റു പറ്റുമ്പോൾ സ്ക്രീനിങ് കമ്മിറ്റിക്കും തെറ്റു പറ്റും. മാനദണ്ഡങ്ങളും കീഴ്‍വഴക്കങ്ങളും ലംഘിച്ചതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.

വരച്ചവര മാറ്റി വരയ്ക്കാൻ തുടങ്ങിയാൽ ഒരുപാട് വര മാറ്റിവരയ്ക്കേണ്ടിവരുമെന്ന് എംപിമാർക്ക് ഇളവു നൽകുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. പക്ഷേ, കെ.മുരളീധരൻ മത്സരിക്കുന്നതു വേറെ കാര്യമാണ്. നേമത്ത് ശക്തനായ സ്ഥാനാർഥി വേണമെന്ന ആവശ്യം വന്നപ്പോൾ അദ്ദേഹം സന്നദ്ധനായതാണ്. കോൺഗ്രസിൽനിന്നു ബിജെപിയിൽ പോകുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. വലയിട്ടു പിടിക്കുന്ന രാഷ്ട്രീയ നയമാണു ബിജെപിയുടേത്.

∙ മട്ടന്നൂർ തിരിച്ചെടുക്കണം

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എസ്.പി.ഷുഹൈബിന്റെ രക്തസാക്ഷിത്വമുണ്ടായ മട്ടന്നൂർ മണ്ഡലം ആർഎസ്പിക്കു കൊടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നു കെ.സുധാകരൻ. ആ തീരുമാനം വേണ്ടിയിരുന്നില്ല. തീരുമാനം സംസ്ഥാന നേതൃത്വം അടിച്ചേൽപിക്കുകയായിരുന്നു. ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തോടെ, ജില്ലയിൽനിന്നുള്ള കെപിസിസി വർക്കിങ് പ്രസിഡന്റായ തന്നോടോ ചോദിക്കാതെയാണു തീരുമാനമെടുത്തത്.

കഴിഞ്ഞ തവണ കേരളാ കോൺഗ്രസിനു തളിപ്പറമ്പ് സീറ്റ് കൊടുത്തു. പ്രചാരണം പകുതിയായപ്പോൾ സ്ഥാനാർഥി സ്ഥലം വിട്ടു. അനുഭവത്തിൽനിന്നു പാഠം പഠിക്കുന്നില്ലെങ്കിൽ ഇനി എങ്ങനെ പഠിക്കാനാണ്? മട്ടന്നൂരിന്റെ കാര്യത്തിൽ അനാവശ്യമായ ആശയക്കുഴപ്പമുണ്ടാക്കി. സീറ്റ് തിരിച്ചെടുക്കാൻ ഇനിയും സമയമുണ്ടെന്നു സുധാകരൻ പറഞ്ഞു.

English Summary: K Sudhakaran Slams Congress Leaders on Candidate Decision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com