ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം മത്സരിക്കുന്ന 86 സീറ്റിൽ ഒരു സീറ്റിലൊഴികെ സ്ഥാനാർഥികളായി. കുറ്റ്യാടി സീറ്റിലാണ് ഇനി സ്ഥാനാർഥിയെ കണ്ടെത്തേണ്ടത്. കേരള കോൺഗ്രസ് മാണി വിഭാഗത്തിനാണ് കുറ്റ്യാടി നൽകിയത്. പ്രാദേശിക പ്രതിഷേധത്തെത്തുടർന്ന് തീരുമാനം മാറ്റി. മഞ്ചേശ്വരം, ദേവികുളം സീറ്റുകളിൽ സിപിഎം സ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിച്ചിരുന്നില്ല. ദേവികുളം മണ്ഡലത്തിൽ എ.രാജ മത്സരിക്കും. മഞ്ചേശ്വരത്ത് വി.വി.രമേശനാണ് സ്ഥാനാർഥി.

കോൺഗ്രസ് 92 സീറ്റിലാണ് മത്സരിക്കുന്നത്. 86 സീറ്റില്‍ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വട്ടിയൂർക്കാവ്, കുണ്ടറ, കൽപറ്റ, നിലമ്പൂർ, പട്ടാമ്പി, തവനൂർ എന്നീ സീറ്റുകളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളത്. വട്ടിയൂർക്കാവിൽ പി.സി.വിഷ്ണുനാഥിനെയാണ് പരിഗണിക്കുന്നത്. വട്ടിയൂർക്കാവിൽ കെ.പി.അനിൽകുമാറിനെ പരിഗണിച്ചെങ്കിലും പ്രാദേശിക നേതൃത്വം കൂട്ടരാജി പ്രഖ്യാപിച്ചതോടെയാണ് തീരുമാനം വൈകുന്നത്. ഇറക്കുമതി സ്ഥാനാർഥിയെ അംഗീകരിക്കാൻ കഴിയില്ലെന്നാണ് മണ്ഡലം കമ്മിറ്റിയുടെ നിലപാട്.

പിണറായിക്കെതിരെ മത്സരിക്കാനില്ലെന്നു ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ദേവരാജനും വ്യക്തമാക്കി. പകരം ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഇതിനിടെ, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണിയെ പരസ്യമായി അഭിനന്ദിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ഇടതുമുന്നണിയുടെ തിരുവനന്തപുരം മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു കുറ്റ്യാടി സീറ്റിന്റെ പേരില്‍ ജോസ് കെ.മാണിയെ അഭിനന്ദിച്ചത്.

കേരള കോണ്‍ഗ്രസിനു മത്സരിക്കാന്‍ ഇടതു മുന്നണി 13 സീറ്റുകളാണ് നല്‍കിയിരുന്നതെന്നു കോടിയേരി പറഞ്ഞു. അതില്‍ ഉള്‍പ്പെട്ടതായിരുന്നു കുറ്റ്യാടി. പൊതുചര്‍ച്ചയെ തുടര്‍ന്നു കേരള കോണ്‍ഗ്രസ് മാണി വിഭാഗം സിപിഎമ്മിനു സീറ്റു വിട്ടു തരാം എന്നു തീരുമാനിക്കുകയായിരുന്നു. തുടര്‍ ഭരണത്തിനു കൂടുതൽ സീറ്റുകളില്‍ ജയിക്കണമെന്നതാണ് പ്രധാനം. ഇതു മനസ്സിലാക്കിയാണ് കേരള കോണ്‍ഗ്രസ് കുറ്റ്യാടി സീറ്റ് വിട്ടു നല്‍കിയത്. അവിടെ സ്ഥാനാർഥിയായി കണ്ടെത്തിയ മുഹമ്മദ് ഇസ്മായില്‍ ഉയര്‍ന്ന നിലപാട് സ്വീകരിച്ചു.

സിപിഎമ്മിനും ഇടതുപക്ഷത്തിനും പ്രശ്‌നമുണ്ടാക്കി മത്സരിക്കുന്നില്ലെന്ന നിലപാടു സ്വീകരിച്ചു. ഇതാണ് ഇടതു മുന്നണിയിലെ ഐക്യം. ഈ നിലപാടു സ്വീകരിച്ച ജോസ് കെ.മാണിയെ അഭിനന്ദിക്കുന്നു. മുന്നണിയിലെ ഒരു കക്ഷിക്കു നല്‍കിയ സീറ്റില്‍ ഒരു സ്ഥാനാർഥിയെ തീരുമാനിച്ചാല്‍ അത് മുന്നണിയുടെ സ്ഥാനാർഥിയാണ്. എല്ലാവരും അതിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അതാണ് ഇടതു മുന്നണിയെന്നും കോടിയേരി പറഞ്ഞു.

English Summary : Kerala Assembly Elections: Some seats yet to decide candidates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com