ADVERTISEMENT

തിരുവനന്തപുരം∙ സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ലളിത സുഭാഷ് രാജിവച്ചു. ഡൽഹിയിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടതിനു പിന്നാലെയാണ് തിരുവനന്തപുരത്ത് ശക്തമായ നിലപാട് പ്രഖ്യാപിച്ച് ലതിക രാജിവയ്ക്കുകയാണെന്നു പ്രഖ്യാപിച്ചത്. ഇതോടൊപ്പം തലമുണ്ഡനം ചെയ്ത് നിലപാടുറപ്പിക്കുകയും ചെയ്തു അവർ. പിണറായി വിജയൻ സർക്കാരിന്റെ സ്ത്രീ വിരുദ്ധ നയങ്ങളിലും കഠ്‌വ സംഭവത്തിൽ ഉൾപ്പെടെ നരേന്ദ്ര മോദി സർക്കാരും യുപി സർക്കാരും സ്വീകരിച്ച നയങ്ങളിലും പ്രതിഷേധിച്ചാണ് താൻ പാതി തല മുണ്ഡനം ചെയ്യുന്നതെന്നും ലതിക പറഞ്ഞു. മറുപാതി മുണ്ഡനം ചെയ്യുന്നത് കോൺഗ്രസിന്റെ നിലപാടിനെതിരെയാണെന്നും ലതിക വ്യക്തമാക്കി. കോൺഗ്രസ് ഇനിയെങ്കിലും സ്ത്രീകളും വ്യക്തികളാണ് എന്നു കരുതണം. യുവാക്കളെപ്പോലെ സ്ത്രീകളെയും പരിഗണിക്കണം എന്ന ചിന്താഗതി അവർക്കുണ്ടാകുന്നതിനു വേണ്ടിയാണ് മറുപാതി തലമുടിയെടുക്കുന്നതെന്നും ലതിക പറഞ്ഞു.

കോൺഗ്രസ് ഇനിയെങ്കിലും സാധാരണക്കാരുടെ, പാവപ്പെട്ടവരുടെ, പണമില്ലാത്തവരുടെ ഒപ്പം നിൽക്കണം. ഇപ്പോഴെങ്കിലും നിലപാട് എടുത്തില്ലെങ്കിൽ എന്നും അപമാനിതയായി തുടരേണ്ടി വരും. പാർട്ടി ഒരു തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഇങ്ങനെ ചെയ്യാമോ എന്ന ചോദ്യം സൈബർ ലോകത്ത് കോൺഗ്രസ് അനുഭാവികൾ ഇനിയുള്ള നാളുകളിൽ ഉന്നയിക്കും. പക്ഷേ ഇപ്പോഴില്ലെങ്കിൽ ഇനി എപ്പോഴാണ് കോൺഗ്രസിനെ തിരുത്താനാവുക? തിരുത്തൽ ശക്തിയായി മാറുകയാണ് ലക്ഷ്യം. അപ്പക്കഷ്ണത്തിനു വേണ്ടി കാത്തിരിക്കുന്നതിനേക്കാളും നല്ലത് രാജിയാണ്. കോൺഗ്രസ് സ്ത്രീകൾക്കായി നിലകൊള്ളുകയാണു വേണ്ടത്. ഞാനൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്കും പോകില്ല. എല്ലാവരും പറയുന്നുണ്ട് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കാൻ. അക്കാര്യത്തിൽ ഉൾപ്പെടെ സാധാരണ പ്രവർത്തകരുടെ വികാരം കണക്കിലെടുത്തു മുന്നോട്ടു പോകും. തീരുമാനം വഴിയേ അറിയിക്കുമെന്നും ലതിക സുഭാഷ് വ്യക്തമാക്കി.

അഭിമാനത്തോടെ, കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക കേട്ടപ്പോൾ വനിതയെന്ന നിലയിൽ ഏറെ ദുഃഖമുണ്ടെന്നു പറഞ്ഞായിരുന്നു ലതിക മാധ്യമങ്ങളോടു സംസാരിച്ചു തുടങ്ങിയത്. മഹിളാകോൺഗ്രസ് 20% സീറ്റ് വനിതകൾക്കു നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. 20% നൽകിയില്ലെങ്കിൽപ്പോലും ഒരു ജില്ലയിൽനിന്ന് ഒരാളെന്ന നിലയിൽ 14 വനിതകളെങ്കിലും പട്ടികയിലുണ്ടാകുമെന്നു പ്രതീക്ഷിച്ചു. പ്രസ്ഥാനത്തിനു വേണ്ടി പതിറ്റാണ്ടുകളായി പണിയെടുക്കുന്ന വനിതകളുണ്ട്. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് കെപിസിസി സെക്രട്ടറി രമണി പി.നായർ ഉൾപ്പെടെ തഴയപ്പെട്ടു. ‌എന്നും പാർട്ടിക്കു വേണ്ടി പണിയെടുക്കുന്ന, തിരഞ്ഞെടുപ്പിനു വേണ്ടി ഓടി നടന്ന വനിതാ നേതാക്കളെയെല്ലാം വിട്ടുകളഞ്ഞു. പാർട്ടിക്കു വേണ്ടി അലയുന്ന വനിതകളെ ഉൾപ്പെടുത്തിയില്ല എന്നതു സങ്കടകരമാണ്. മുൻ മഹിളാകോൺഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയ്ക്ക് കൊല്ലത്തു പേര് ഉറപ്പിക്കുന്നതിനു വേണ്ടി ഇന്നലെ കണ്ണീരണിയേണ്ടി വന്നു. കായംകുളത്ത് അരിതയ്ക്കും അരൂരിൽ ഷാനി മോൾക്കും അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്.

1200-lathika-subhash-1

ഞാൻ ഏറ്റുമാനൂർ സീറ്റ് ആഗ്രഹിച്ചിരുന്നു. 16 വയസ്സു മുതൽ ഈ പാർട്ടിക്കൊപ്പം നിന്നയാളാണ്. ഇന്ന് എംഎൽഎമാരായിരിക്കുന്ന പലരേക്കാളും അധികകാലം കോൺഗ്രസിനെ സേവിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷമായി ഓരോ തിരഞ്ഞെടുപ്പിലും എന്റെ പേര് വന്നു പോവാറുള്ളതാണ്. പക്ഷേ പട്ടിക വരുമ്പോൾ എന്റെ പേര് കാണാറില്ല. അപ്പോഴും പാർട്ടിക്കു വേണ്ടി നിസ്വാർഥമായി ജോലിയെടുത്തിരുന്നു. ‌ഒരു വിവാഹിതയായ സ്ത്രീ ആഗ്രഹിക്കാത്ത താലിയെ വരെ ചോദ്യം ചെയ്യുന്ന കമന്റുകൾ ഒരിക്കൽ ഒരു വിവാദത്തിന്റെ പേരിൽ വന്നിരുന്നു. പാർട്ടിക്കു വേണ്ടി അതും നേരിടേണ്ടി വന്നു. ഏറ്റുമാനൂരിൽ കൈപ്പത്തി അടയാളത്തിൽ കോൺഗ്രസ് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നതാണ്. എനിക്കും ആഗ്രഹമുണ്ടായിരുന്നു മത്സരിക്കാൻ. ആറു വയസ്സു മുതൽ ഉമ്മൻചാണ്ടിയെ കണ്ടാണു പഠിച്ചത്. 24–ാം വയസ്സു മുതൽ രമേശ് ചെന്നിത്തലയുടെ പേര് ആവേശത്തോടെ പറയുന്ന ആളാണ്. നേതാക്കളോടെല്ലാം പറഞ്ഞതാണ് ഏറ്റുമാനൂർ സീറ്റ് പിടിക്കണമെന്ന്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയട്ടെ, ഏറ്റുമാനൂർ സീറ്റ് കിട്ടുമോയെന്നു നോക്കാമെന്നാണു പറഞ്ഞത്. പിന്നീടെന്തു സംഭവിച്ചെന്നറിയില്ലെന്നും ലതിക സുഭാഷ് പറഞ്ഞു.

English Summary: Lathika Subhash resigns from Mahila Congress Presidentship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com