ADVERTISEMENT

അമേരിക്കൻ വിപണിക്കൊപ്പം ഉത്തേജക പ്രതീക്ഷയിൽ മുന്നേറിയ ഇന്ത്യൻ വിപണിക്ക് വെള്ളിയാഴ്ചത്തെ ലാഭമെടുക്കലിൽ മുന്നേറ്റങ്ങൾ നഷ്ടമായി. പ്രതീക്ഷിച്ചിരുന്ന അമേരിക്കൻ സ്റ്റിമുലസ് പാക്കേജിന്റെ പ്രധാന മുന്നേറ്റം അവധിയിൽ നഷ്‌ടമായ ഇന്ത്യൻ വിപണിക്ക് അമേരിക്കൻ വിപണിക്കൊപ്പം ലാഭമെടുക്കലിൽ പങ്കെടുക്കേണ്ടി വരുന്നത് വിനയാണ്. സ്റ്റിമുലസ് പ്രഖ്യാപനത്തിൽ നിന്നു വിപണി പ്രതീക്ഷിച്ച മുന്നേറ്റം ലഭിക്കാതിരുന്നത് ലാഭമെടുക്കലിന്റെ വ്യാപ്തിയും കുറയ്ക്കുമെന്ന് കരുതുന്നു. ഓഹരി വിപണിയിലെ പുതിയ ആഴ്ചയുടെ പ്രതീക്ഷകൾ പങ്കുവയ്ക്കുകയാണ് ബഡ്ഡിങ് പോർട്ഫോളിയൊ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ. 

ഇന്ത്യൻ വിപണിയുടെ ദീർഘകാല സാധ്യതകൾ മുന്നിൽകണ്ട് നിക്ഷേപം തുടരാനുള്ള അവസരമാണ് മുന്നിലെന്നാണ് വിലയിരുത്തൽ. മികച്ച അവസാന പാദ ഫല പ്രഖ്യാപനങ്ങളും ബജറ്റ് പ്രഖ്യാപിത പ്രൊജക്ടുകളുടെ കരാറുകൾ നൽകിത്തുടങ്ങുന്നതും പൊതു മേഖലാ വിൽപനയും ഇന്ത്യൻ വിപണിയുടെ അടുത്ത ഘട്ടത്തിന് ആരംഭം കുറിക്കുന്നത് നിക്ഷേപകർ പരിഗണിക്കുക. പവർ, ഇൻഫ്രാ, സിമന്റ്, മെറ്റൽ, മാനുഫാക്ച്ചറിങ്, എക്സ്ചേഞ്ചുകൾ, ക്രൂഡ്, പൊതുമേഖല ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കുക.

ഉത്തേജന പാക്കേജുകളും ബോണ്ട് യീൽഡും

അമേരിക്കൻ സ്റ്റിമുലസ് പ്രക്രിയ അമേരിക്കൻ സമ്പദ്‍വ്യവസ്ഥയിൽ പണം നിറക്കുന്നത് ഇൻഫ്‌ളേഷൻ വർധനവിനും അതുവഴി വീണ്ടും ബോണ്ട് യീൽഡ് മുന്നേറ്റത്തിനും ഓഹരി വിപണിയുടെ വീഴ്ചയ്ക്കും വഴി വച്ചേക്കും. മുൻ നിര ഓഹരികളിൽ നിന്നു കോവിഡ് മുന്നേറ്റം ലഭ്യമാകാത്ത സെക്ടറുകളിലേക്കു ഫണ്ടുകൾ തിരിയുന്നത് നാസ്ഡാക്കിന്റെ മേൽ ഡൗജോൺസിന് വർഷങ്ങൾക്ക് ശേഷം കൈവന്ന ആധിപത്യം നിലനിർത്താൻ സഹായിച്ചേക്കും. ട്രഷറി വരുമാനത്തിലെ ഏറ്റക്കുറച്ചിലുകളാവും പണപ്പെരുപ്പം ലക്ഷ്യമായ 2%ൽ എത്തുന്നതു വരെ അമേരിക്കൻ വിപണിയെയും അതു വഴി ലോക വിപണിയെയും സ്വാധീനിക്കുക.

പണപ്പെരുപ്പം, വ്യവസായികോൽപാദനം

ഉയരുന്ന എണ്ണ വിലയുടെ പശ്ചാത്തലത്തിൽ ജനുവരിയിൽ 4.1% രേഖപ്പെടുത്തിയ ഉപഭോക്തൃ വില സൂചിക ഫെബ്രുവരിയിൽ 5% വർധിച്ചത് ഭക്ഷ്യവില വർധനവിനെ സൂചിപ്പിക്കുന്നു. ഉയർന്ന നികുതികൾ കുറക്കാതെ ഇനി ബാങ്കിങ് നിരക്കുകൾ കേന്ദ്ര ബാങ്ക് ഇനിയും കുറച്ചേക്കില്ല എന്നതും വിപണിക്ക് തിരിച്ചടിയാണ്. അതേസമയം തന്നെ ജനുവരിയിലെ ഐഐപി ഡേറ്റ പ്രകാരം ഇന്ത്യയുടെ വ്യവസായികോത്പാദനം 1.6% വളർച്ചശോഷണം  രേഖപ്പെടുത്തിയത് ഇന്ത്യൻ വിപണിക്കു പുതിയ തലവേദന ആയേക്കാം . വിദേശ ഫണ്ടുകൾ ഉയരുന്ന ബോണ്ട് വരുമാനത്തിന്റെ സാധ്യതയിൽ തളരുന്ന ഇന്ത്യൻ വ്യവസായികോൽപാദന സാഹചര്യത്തിൽ ഇന്ത്യൻ വിപണിയെ ഒഴിവാക്കിയേക്കാമെന്ന് വിപണി ഭയക്കുന്നു. അടുത്ത ഫല പ്രഖ്യാപനങ്ങൾ വിപണിക്ക് അതി പ്രധാനമാണ്.

ഓഹരികളും സെക്ടറുകളും

∙ മികച്ച അവസാന പാദ ഫലപ്രഖ്യാപനങ്ങളും ബജറ്റ് പ്രഖ്യാപിത പ്രൊജക്ടുകളുടെ കരാറുകൾ നൽകിത്തുടങ്ങുന്നതും പൊതുമേഖലയുടെ വിൽപനയും ഇന്ത്യൻ വിപണിയുടെ അടുത്ത ഘട്ടത്തിന് ആരംഭം കുറിക്കുന്നതും പരിഗണിക്കേണ്ടതാണ്. ക്രൂഡ് ഓയിൽ വില വർധന ബാങ്കിങ്, ഓട്ടോ ഓഹരികൾക്കും പ്രതികൂലമാണ് വിപണിയിലെ പുതിയ നിക്ഷേപ സങ്കേതങ്ങളിലേക്ക് മാറാൻ തയാറാവുക. വളർച്ച സാധ്യതയുള്ള സെക്ടറുകളിലും ഓഹരികളിലും നിക്ഷേപം തുടരുക.

∙ ബാങ്കിങ് ഓഹരികളിലെ അടുത്ത തിരുത്തൽ അവസരമാണ്. ഇൻഡ്സിൻഡ് ബാങ്കിന്റെ ലക്ഷ്യം സിഎൽഎസ്എ 1100 രൂപയിൽ നിന്ന് 1350 രൂപയായി ഉയർത്തി. ആക്സിസ് ബാങ്കിനും ഐസിഐസിഐ ബാങ്കിനും മുന്നേറ്റ സാധ്യതയുണ്ട്.

∙ പൊതു മേഖലാ ഓഹരികൾ ഓരോ തിരുത്തലിലും സ്വന്തമാക്കുക. ഭെൽ, ബിഎംഎൽ, ഐഓസി, ബിപിസിഎൽ മുതലായവ ശ്രദ്ധിക്കുക.

∙ ഐടി ഓഹരികൾ മികച്ച ഓർഡർ ബുക്കിന്റെ പിൻബലത്തിൽ വൻ മുന്നേറ്റം അവസാന പാദ ഫലത്തിന് മുൻപു തന്നെ സ്വന്തമാക്കിയേക്കാം. ഇൻഫോസിസ്, എച്ച്സിഎൽടെക്, വിപ്രോ, ടെക് മഹിന്ദ്ര മുതലായവ ശ്രദ്ധിക്കുക.

∙ ഓട്ടോ അൻസിലറി ഓഹരികളിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു. സിഎൽഎസ്എ മതേഴ്സൺ സുമി ഓഹരിയുടെ  ലക്ഷ്യം 250 രൂപയിൽ നിന്നും 285 രൂപയായി ഉയർത്തി. പിപിഎപി ഓട്ടോമോട്ടീവ്, സ്റ്റീൽ സ്ട്രിപ്പ് വീൽസ് മുതലായ ഓഹരികളും ശ്രദ്ധിക്കുക.

∙ നാളെ മുതൽ ആഡംബര ട്രെയിനുകളുടെ സർവീസ് ആരംഭിക്കുന്നതും അധികം താമസമില്ലാതെ 100% ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതും ഐആർസിടിസി ഓഹരികൾക്കും അനുകൂലമാണ്. 2000 രൂപയ്ക്ക് മുകളിൽ ഓഹരി കുതിപ്പ് തുടർന്നേക്കാം.

∙ ഉയരുന്ന ക്രൂഡ് ഓയിൽ വില എന്ന ഉത്പാദക ഓഹരികൾക്ക് അനുകൂലമാണ് ഒഎൻജിസി, ഓയിൽ ഇന്ത്യ എന്നിവ ശ്രദ്ധിക്കുക. ജെപി മോർഗൻ ഒഎൻജിസിയുടെ ലക്ഷ്യം 145 രൂപയിൽ നിന്ന് 190 രൂപയായി ഉയർത്തിയത് ശ്രദ്ധിക്കുക.

∙ ഉയരുന്ന എണ്ണ വിലയുടെ പശ്ചാത്തലത്തിൽ നികുതികൾക്കൊപ്പം എണ്ണ വിപണന കമ്പനികളുടെ ലാഭ വിഹിതത്തിലും കുറവു വരുത്താത്തത് ഓയിൽ മാർക്കറ്റിങ് ഓഹരികളെ ആകർഷകമാക്കുന്നു. ബിപിസിഎൽ, ഐഒസി, ഹിന്ദ് പെട്രോ എന്നിവ ഓഹരി വിറ്റഴിക്കലിന്റെ സാഹചര്യത്തിലും വളരെ ആകർഷകമാണ്.

∙ ബിപിസിഎൽ ഓഹരികൾ നാളെ തന്നെ വാങ്ങാൻ പരിഗണിക്കാം. 4% ട്രെഷറി ഓഹരികളും റിഫൈനറി ഓഹരികളൂം വിട്ട വകയിൽ കയ്യിൽ  ധാരാളം പണമുള്ള ബിപിസിഎൽ മാർച്ച് 16നു നടക്കുന്ന ബോർഡ് മീറ്റിങ്ങിൽ വലിയ ലാഭ വിഹിതം പ്രഖ്യാപിച്ച് പണമെല്ലാം സർക്കാരിന്റെ പക്കലെത്തിക്കാൻ ശ്രമിക്കുമെന്നു കരുതുന്നു.

∙ ട്രക്കു നിർമാതാക്കളായ ടാറ്റ ഇന്ന് ഇന്ത്യയിലെ മൂന്നാമത്തെ വലിയ കാർ കമ്പനി കൂടിയാണ്. ഇന്ത്യൻ വിപണിക്കപ്പുറം ലോക വിപണി തന്നെ ലക്ഷ്യം വയ്ക്കുന്ന ടാറ്റ കാർ സെക്ടറിനെ പുതിയ കമ്പനിയാക്കി മാറ്റുന്നതിനുള്ള തീരുമാനം ടാറ്റ ഡയറക്ടർ ബോർഡ് അംഗീകരിച്ചത് ഓഹരിക്ക് അനുകൂലമാണ്. വർഷങ്ങൾക്കു മുൻപ് തുടങ്ങി വെച്ച ‘വേർപിരിയൽ’ പ്രക്രിയ ഈ വർഷം തന്നെ പൂർത്തിയാകുമെന്ന് കരുതുന്നു. ഓഹരി വൻ മുന്നേറ്റം പ്രതീക്ഷിക്കുന്നു.

∙ ട്രാക്ടർ വിപണിയുടെ വളർച്ച മഹീന്ദ്രയ്ക്കും എസ്കോർട്സിനും അനുകൂലമാണ്. രാകേഷ് ജുൻജുൻവാല 4.71% ഓഹരി കൈയാളുന്ന എസ്കോർട്സ് ദീർഘ കാല നിക്ഷേപത്തിനു അനുകൂലമാണ് അടുത്ത തിരുത്തലിൽ ഓഹരി പോർട്ട്ഫോളിയോകളിൽ ഉൾപെടുത്തുക.

∙ മഹീന്ദ്ര കൺസോളിഡേഷൻ പൂർത്തിയാക്കി അടുത്ത കുതിപ്പിനു തയാറായിക്കഴിഞ്ഞു. ഓഹരി ദീർഘകാല നിക്ഷേപത്തിനു പരിഗണിക്കാം. ഓഹരിക്ക് 1000 രൂപ അടുത്ത ലക്ഷ്യം ഉറപ്പിക്കാം.

∙ കുറയുന്ന വായ്പാ നിരക്കുകളുടെയും നികുതി ഇളവുകളുടെയും പിൻബലത്തിൽ മുന്നേറുന്ന ഭവനവിൽപന ഇന്ത്യയിലെ മുൻനിര ഭവന നിർമാതാക്കൾക്കു ലഭിക്കുന്ന ബാങ്ക് പിന്തുണയുടെ കണക്കും വർധിപ്പിച്ചത് റിയൽറ്റി മേഖലയ്ക്ക് അനുകൂലമാണ്. കഴിഞ്ഞ പാദത്തിൽ ഭവന നിർമാണ കമ്പനികൾക്ക് മുൻ വർഷത്തിൽ നിന്ന് 81% അധികം ലോണുകളാണ് ലഭ്യമായത്. പുതിയ പ്രൊജക്ടുകൾക്കൊപ്പം മുടങ്ങിക്കിടന്ന പ്രൊജക്ടുകൾ തുടരുന്നതിനും കിട്ടാക്കടങ്ങൾ ഒഴിവാകുന്നതും ഭവനനിർമാണ ഓഹരികളെ ആകർഷകമാക്കുന്നു. ഡിഎൽഎഫ്, ശോഭ, പ്രസ്റ്റീജ്, പുറവങ്കര മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

∙ ഒബ്‌റോയ് റിയൽറ്റിയിൽ സിഎൽഎസ്എയുടെ അടുത്ത ലക്ഷ്യം 625 രൂപയാണ്.

∙ മികച്ച ബാലൻസ് ഷീറ്റും മികച്ച ഏറ്റെടുക്കലുകളും അദാനി പോർട്ടിന് അനുകൂലമാണ് സിറ്റി ഓഹരിയിലെ ലക്ഷ്യം 935 രൂപയായി ഉയർത്തി വാങ്ങൽ പ്രഖ്യാപിച്ചു കഴിഞ്ഞത് ഓഹരിക്കനുകൂലമാണ്.

ലിസ്റ്റിങ്

∙ 201 ഇരട്ടി ഓവർ സബ്സ്ക്രൈബ്ഡ് ആയ എംടാർ ടെക്‌നോളജീസിന്റെ ഓഹരികൾ നാളെ ലിസ്റ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക ഗ്രേ മാർക്കറ്റ് സ്റ്റാറായ ഓഹരി; വിപണിയിൽ അത്ഭുതങ്ങൾ കാണിച്ചേക്കാം.

∙ ഇന്ത്യയിലെ പ്രധാന വാഹന കമ്പനികൾക്കായി പ്രെസിഷൻ ഉൽപന്നങ്ങൾ തയാറാക്കുന്ന ക്രാഫ്ട്സ്മാൻ ഓട്ടോമേഷൻ എന്ന ഓട്ടോ ആൻസിലറി കമ്പനിയുടെ ഐപിഒ നാളെ ആരംഭിക്കുന്നു. മാർച്ച് 25 ന് ലിസ്റ്റ് ചെയ്യപ്പെടുന്ന കമ്പനിയുടെ ഉപഭോക്തൃ ശ്രേണിയിൽ സീമെൻസ്, ടാറ്റമോട്ടോഴ്‌സ്, ഐഷർ, മഹിന്ദ്ര, എസ്കോർട്സ് മുതലായ കമ്പനികളും ഉൾപ്പെടുന്നു. ഓഹരി വില 1488-1490.

∙ ഈതൈൽ അസറ്റേറ്റിന്റേയും, ഡികെറ്റീൻ ഡെറിവേറ്റീവ്‌സിന്റെയും ഇന്ത്യയിലെ പ്രധാന ഉൽപാദകരായ ലക്ഷ്മി ഓർഗാനിക് ഇൻഡസ്ട്രീസന്റെയും  ഐപിഓ നാളെ ആരംഭിക്കുന്നു. പ്രൈസ് ബാൻഡ് 129-130. മുഖവില 2 രൂപ.

∙ കേരളത്തിന്റെ  പ്രമുഖ ജ്വല്ലറി  ബ്രാൻഡായ കല്യാൺ ജ്വല്ലറിയുടെ ഐപിഒ ചൊവ്വാഴ്ച ആരംഭിക്കുന്നത് ശ്രദ്ധിക്കുക ഇന്ത്യയിലും വിദേശത്തുമായി 145 ഓളം ഷോറൂമുകളും മികച്ച വിറ്റു വരവുമുള്ള കല്യാൺ ജ്വല്ലറി നിക്ഷേപത്തിന് അനുയോജ്യമാണ്. 800 കോടി രൂപയുടെ പുതിയ ഓഹരികൾ അടക്കം 1175 കോടി രൂപ സമാഹരണ ലക്ഷ്യമിടുന്ന ഐപിഓയിൽ ഓഹരിവില നിശ്ചയിച്ചിരിക്കുന്നത് ഓഹരി ഒന്നിന് 86-87 രൂപ മാത്രമാണ്. ദീർഘ കാല നിക്ഷേപകർ അവസരം നഷ്ടപ്പെടുത്താതിരിക്കുക.

∙ നാസാര ടെക്‌നോളജീസിന്റെയും സൂര്യോദയ്‌ സ്‌മോൾ ഫൈനാൻസ് ബാങ്കിന്റെയും ഐപിഓ മാർച്ച് 17 ചൊവ്വാഴ്ച ആരംഭിക്കുന്നു. ഇരു ഓഹരികളും നിക്ഷേപത്തിനു പരിഗണിക്കാം. രാകേഷ് ജുൻജുൻവാല പിന്തുണയ്ക്കുന്ന നാസാര ടെക്‌നോളജീസിന്റെ ഓഹരി വില 1100-1101 രൂപയുമാണ്.

∙ 582 കോടിരൂപ സമാഹരിക്കുന്ന സൂര്യോദയ്‌ സ്‌മോൾ ഫൈനാൻസ് ബാങ്കിന്റെ പ്രൈസ് ബാൻഡ് 303-305 രൂപയാണ്.

സ്വർണം

സ്വർണത്തിന്റെ സ്റ്റിമുലസ് ഭീഷണി ഒഴിഞ്ഞു എന്ന് കരുതാം. സ്റ്റിമുലസ് പാക്കേജിന്റെ പ്രതീക്ഷയിൽ സ്വർണത്തിൽ നിന്ന് ഓഹരി വിപണിയിലേക്കു മാറിയ പണം വീണ്ടും തിരിച്ചു സ്വർണത്തിലേക്കു വന്നുതുടങ്ങിയത് ഇന്നലെത്തന്നെ സ്വർണത്തിനു മുന്നേറ്റം നൽകി. സ്വർണത്തിലെ അടുത്ത തിരുത്തൽ അവസരമാണ്. ബോണ്ട് യീൽഡ് വർധനവും ക്രൂഡിന്റെയും ബേസ് മെറ്റലിന്റെയും മുന്നേറ്റവും സ്വർണത്തിനു ഭീഷണിയാണെങ്കിലും ഓഹരി വിപണിയിലെ റിസ്‌ക് സ്വർണത്തിന് അനുകൂലമായേക്കാം. ഔൺസിന് 1900 ഡോളറാണ് സ്വർണത്തിന്റെ ലക്ഷ്യം.

ക്രൂഡ്

വിന്റർ സ്റ്റോമിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ ക്രൂഡ് ഉൽപാദനം ഫെബ്രുവരിയിൽ 31%വും ഭൂമികുലുക്ക സാഹചര്യങ്ങളിൽ ജാപ്പനീസ് ക്രൂഡ്ഉൽപാദനം 22% വരെയും കുറഞ്ഞത് ഒപെകിന്റെ ഉൽപാദന നിയന്ത്രണത്തിന്റെ ആഘാതം വർധിപ്പിച്ചു. യുഎസ് ഷെയ്ൽ ഓയിലിന്റെ ഉൽപാദനം വരും മാസങ്ങളിൽ ഉയർന്നേക്കാമെങ്കിലും എണ്ണവില രാജ്യാന്തര വിപണിയിൽ 75 ഡോളറിലേക്ക് ഉയർന്നേക്കാം

Whatsapp  8606666722

buddingportfolios@gmail.com

English Summary: Invest in Indian market, analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com