ADVERTISEMENT

ലണ്ടൻ ∙ ചെറിയ ഇടവേളയ്ക്കുശേഷം വീണ്ടും വാർത്തകളിൽ സജീവമായിരിക്കുകയാണ് ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും. എന്തുകൊണ്ടാണു രാജകുടുംബത്തോടൊപ്പമുള്ള ജീവിതം വിട്ടതെന്നു കഴിഞ്ഞ ദിവസം ഒപ്ര വിൻഫ്രെയുമായുള്ള അഭിമുഖത്തിൽ ഇരുവരും വെളിപ്പെടുത്തി. രാജകുടുംബത്തിലെ അധിക്ഷേപങ്ങളും അവഗണനകളും മേഗൻ തുറന്നു പറഞ്ഞപ്പോൾ കൊട്ടാരത്തിലെ അരക്ഷിതാവസ്ഥയെക്കുറിച്ചാണു ഹാരി സംസാരിച്ചത്. 51 കോടി രൂപയ്ക്കാണ് അഭിമുഖം ഓപ്ര വിറ്റത്.

ഹാരിയുമായുള്ള വിവാഹശേഷം ബ്രിട്ടിഷ് രാജകുടുംബാംഗങ്ങളോടൊപ്പമുള്ള ജീവിതം കഠിനമായിരുന്നുവെന്നും ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചുവെന്നും മേഗൻ പറഞ്ഞു. ‘ജീവിക്കേണ്ടെന്ന് എനിക്കു തോന്നി. കുഞ്ഞ് എത്ര കറുത്തതാവുമെന്ന അടക്കിപ്പിടിച്ച സംസാരങ്ങൾ ഹാരിയാണ് എന്നോടു പറഞ്ഞത്. അദ്ദേഹത്തോട് അവർ നേരിട്ടു ചോദിച്ചതാണ്. എന്റെ കുഞ്ഞ് രാജകുമാരിയോ രാജകുമാരനോ ആകാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു’– മേഗൻ വെളിപ്പെടുത്തി.

2020 മാർച്ചിൽ രാജകുടുംബ ചുമതലകൾ ഒഴിഞ്ഞ ഹാരിയും മേഗനും കലിഫോർണിയയിലാണ് ഇപ്പോൾ താമസം. അമ്മ ഡയാന രാജകുമാരി തന്ന സമ്പാദ്യം കൊണ്ടാണു കലിഫോർണിയയിൽ താമസമാക്കാൻ കഴിഞ്ഞതെന്നും ഹാരി വെളിപ്പെടുത്തി. ഡ്യൂക്ക് ഓഫ് സസക്സ്, ഡച്ചസ് ഓഫ് സസക്സ് എന്നീ സ്ഥാനപ്പേരുകൾ നിലനിർത്തിയാണ് ഇരുവരും ബ്രിട്ടിഷ് രാജകുടുംബ ചുമതലകൾ ഒഴിഞ്ഞത്.

കേംബ്രിജ് ഡച്ചസ് ആയ കേറ്റ് മിഡിൽടണിനെ മേഗൻ കരയിച്ചതായി നേരത്തേ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ കേറ്റ് ആണ് തന്നെ കരയിച്ചതെന്നാണ് മേഗന്റെ വാദം. വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപായിരുന്നു ആ സംഭവം. ഇതിന് കേറ്റ് പിന്നീട് മാപ്പ് ചോദിച്ചതായും മേഗൻ വെളിപ്പെടുത്തി.

രാജകുടുംബാംഗങ്ങളുമായുള്ള തന്റെ ബന്ധത്തിൽ വലിയ മാറ്റം കൊണ്ടുവന്നത് ഈ ആരോപണമാണെന്നാണു മേഗൻ പറയുന്നത്. ‘വിവാഹത്തിന് കുറച്ചു ദിവസം മുൻപ് കേറ്റിന് പ്രശ്നങ്ങളുണ്ടായിരുന്നു. ഫ്ളവർ ഗേൾസിന്റെ വസ്ത്രത്തെച്ചൊല്ലിയുള്ള പ്രശ്നം സത്യമായിരുന്നു. അത് എന്നെ കരയിച്ചു. ശരിക്കും വേദനിപ്പിച്ചു. വ്യക്തിഹത്യയുടെ തുടക്കമായിരുന്നു അത്. ഞാൻ സംരക്ഷിക്കപ്പെടുന്നില്ലെന്നു മാത്രമല്ല, കുടുംബത്തിലെ മറ്റുള്ളവരെ സംരക്ഷിക്കാനായി അവർ നുണ പറയാനും തയാറായി’– മേഗൻ വ്യക്തമാക്കി. 

വിഷയത്തിൽ കൃത്യമായ നിലപാട് അറിയിക്കണമെന്ന് അഭ്യർഥിച്ച് രാജകുടുംബത്തിന് മേഗൻ ഇ–മെയിൽ അയച്ചിരുന്നു. ഇതും ഇപ്പോള്‍ പുറത്തുവന്നു. എന്നാൽ മേഗന്റെ ആരോപണം തള്ളിയ രാജകുടുംബം കേറ്റിനെ പ്രശ്നത്തിലേക്കു വലിച്ചിഴയ്ക്കാൻ താൽപര്യമില്ലെന്ന നിലപാടാണു സ്വീകരിച്ചത്. ഇതു സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ട മാധ്യമപ്രവർത്തകൻ ഒമിഡ് ഷോബി, എല്ലാ തെളിവുകളും തന്റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ടു.

English Summary: Meghan Markle's Alleged Email on Rumours of Her Making Kate Middleton Crying Revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com