ADVERTISEMENT

കൊച്ചി ∙ എറണാകുളം– കായംകുളം (കോട്ടയം വഴി) റെയിൽപ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായുള്ള കരാറുകളിലൊന്നു റെയിൽവേ റദ്ദാക്കി. നിർമാണത്തിലെ നിലവാരക്കുറവും കാലതാമസവും മൂലമാണു പത്തനാപുരത്തുനിന്നുള്ള സ്ഥാപനത്തെ ഒഴിവാക്കിയത്. കോട്ടയത്തിനും ചിങ്ങവനത്തിനുമിടയിൽ ഒരു കിലോമീറ്ററോളം നീളമുള്ള ചെറിയ പാലത്തിന്റെ (വയഡക്ട്) നിർമാണ കരാറാണ് ഇവർക്കുണ്ടായിരുന്നത്.

മെല്ലെപ്പോക്ക് കാരണം റെയിൽവേ നിർമാണ വിഭാഗം ആദ്യം നോട്ടിസ് നൽകിയിരുന്നു.  പൂർത്തിയാക്കിയ ജോലികളുടെ നിലവാരം തീർത്തും മോശമാണെന്നു കണ്ടതോടെ കരാർ റദ്ദാക്കുകയായിരുന്നു. തൊഴിലാളികൾക്കു ശമ്പളം നൽകാത്ത പ്രശ്നവുമുണ്ടായി. വയഡക്ട് നിർമാണത്തിനുള്ള പുതിയ കരാർ റെയിൽവേ ക്ഷണിച്ചു. പുതിയ കരാർ ലഭിക്കുന്നവർ 7 മാസത്തിനുള്ളിൽ വയഡക്ട് പൂർത്തിയാക്കണം.

നവംബറോടെ വയഡക്ട് പൂർത്തിയാക്കിയാൽ ഡിസംബറിൽ പാത കമ്മിഷൻ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 20 ഗർഡറുകളാണ് ഈ ഭാഗത്തു തീർക്കാനുള്ളത്. വെള്ളക്കെട്ട് മൂലമാണ് ഏറ്റുമാനൂരിനും ചിങ്ങവനത്തിനും ഇടയിൽ 2.7 കിലോമീറ്റർ ദൂരത്തിൽ വയഡക്ട് നിർമിച്ചു റെയിൽപാത അതിലൂടെ കടത്തി വിടുന്നത്.

കൊടൂരാറിനു സമീപം 700 മീറ്ററും ഏറ്റുമാനൂരിനും കോട്ടയത്തിനുമിടയിൽ ഒരു കിലോമീറ്ററും വയഡക്ട് നിർമാണം പുരോഗമിക്കുന്നുണ്ട്. ഡിസംബറിൽ പദ്ധതി പൂർത്തിയാക്കുമെന്നു റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ, പണി ഉഴപ്പുന്ന കരാറുകാർക്കെതിരെ ശക്തമായ നടപടിയെടുക്കാനാണു റെയിൽവേ ബോർഡ് നിർദേശിച്ചിരിക്കുന്നത്.

ഏറ്റുമാനൂർ–ചിങ്ങവനം (16.84 കി.മീ) പാത ഇരട്ടിപ്പിക്കൽ തീരുന്നതോടെ തിരുവനന്തപുരം–മംഗളൂരു (634 കി.മീ) പൂർണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാതയാകും. ട്രെയിനുകളുടെ വൈകിയോട്ടത്തിനും പരിഹാരമാകും. വെള്ളക്കെട്ടുള്ള പ്രദേശമായതിനാൽ ചെന്നൈ ഐഐടി നടത്തിയ പഠനത്തിൽ സ്റ്റോൺ കോളം നിർമിക്കാൻ നിർദേശിച്ചിരുന്നെങ്കിലും പാലം നിർമിക്കാൻ അതിലും െചലവു കുറവായതിനാലാണു വയഡക്ടുകൾ നിർമിക്കുന്നത്.

English Summary: Track doubling; railway cancelled one contract

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com