ADVERTISEMENT

തിരുവനന്തപുരം ∙ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനു മുന്നിൽവച്ചു തല മുണ്ഡനം ചെയ്തുള്ള മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷിന്റെ പ്രതിഷേധത്തെ അനുകൂലിച്ചും എതിര്‍ത്തും കോണ്‍ഗ്രസ് നേതാക്കള്‍. സീറ്റ് നല്‍കാതിരുന്നതിന്റ കാരണങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട നേതൃത്വമാണ് യഥാര്‍ഥ കുറ്റക്കാരെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. അതേസമയം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റ പേരില്‍ ‌ലതികയെ പുറത്താക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.     

ചരിത്രത്തിലാദ്യമായി 55 ശതമാനം പുതുമുഖങ്ങളെ അണിനിരത്തിയിറക്കിയ സ്ഥാനാര്‍ഥി പട്ടികയുടെ പ്രസക്തി പോലും ഇല്ലാതാക്കുന്നതായിരുന്നു ലതിക സുഭാഷിന്റെ തലമുണ്ഡനം. 140 മണ്ഡലങ്ങളിലും ഇതിന്റ പ്രതിഫലനമുണ്ടായേക്കാം. ഒന്‍പത് വനിതകളെ സ്ഥാനാര്‍ഥിയാക്കിയിട്ടും പ്രചാരണത്തിലുടനീളം സ്ത്രീവിരുദ്ധ പാര്‍ട്ടിയെന്ന പഴി കേള്‍ക്കേണ്ടി വരും. എന്ത് പറഞ്ഞ് പ്രതിരോധിക്കുമെന്ന് പോലും വ്യക്തതയില്ല. 

സീറ്റ് നിഷേധിക്കാനുണ്ടായ കാര്യങ്ങള്‍  ലതിക സുഭാഷിനെ ബോധ്യപ്പെടുത്താതിരുന്ന നേതൃത്വത്തെയാണ് പലരും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. പ്രതിഷേധവുമായി പതിനൊന്ന് മണി മുതല്‍ ലതിക സുഭാഷ് കെപിസിസി ആസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും മാധ്യമങ്ങളിലൂടെ എതിര്‍പ്പ് അറിയിച്ചിട്ടും ഒരാള്‍പോലും തിരിഞ്ഞു നോക്കിയില്ലെന്നും ലതികയെ അനുകൂലിക്കുന്നവര്‍ പറയുന്നു.

അതേസമയം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ലതിക സുഭാഷിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴും തിടുക്കപ്പെട്ട് തീരുമാനമെടുത്താല്‍ അത് കൂടുതല്‍ ദോഷമാകുമെന്നാണ് പലരുടേയും അഭിപ്രായം. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ  ലതികയുടെ സമര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന് തന്നെയാണ് പാർട്ടി തീരുമാനം.

അതേസമയം ഏറ്റുമാനൂരില്‍ റിബലായി മല്‍സരിക്കാനുള്ള സാധ്യതയും പാര്‍ട്ടി മുന്നില്‍ കാണുന്നു. എന്തായാലും ഹൈക്കമാന്‍ഡിന്റ അഭിപ്രായം കൂടി തേടിയിട്ടായിരിക്കും തുടര്‍നടപടികള്‍. 

English Summary: Denied ticket, Kerala Mahila Congress chief Lathika Subhash resigns; tonsured head, Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com