ADVERTISEMENT

കോഴിക്കോട്∙ കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (105) അന്തരിച്ചു. കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ വസതിയിലായിരുന്നു അന്ത്യം. കഥകളിയുടെ വടക്കൻരീതിയായ കല്ലടിക്കോടൻ ചിട്ടയുടെ പ്രചാരകരിൽ പ്രധാനിയായിരുന്നു അദ്ദേഹം.  കൊയിലാണ്ടി ചെങ്ങോട്ടുകാവ് ചേലിയയിലെ വീട്ടിലായിരുന്നു താമസം. 

കീഴ്പയൂർ കുനിയിൽ പരദേവതാ ക്ഷേത്രത്തിലെ കളിവിളക്കിനു മുന്നിൽ ആദ്യമായി ചുട്ടികുത്തി കഥകളിവേഷം അണിയുമ്പോൾ പതിനാല് വയസ് മാത്രം പ്രായമുണ്ടായിരുന്ന ചേമഞ്ചേരി  90 വർഷത്തോളം അരങ്ങിൽ സജീവമായിരുന്നു. അദ്ദേഹം പകർന്നാടിയ കൃഷ്ണ, കുചേല വേഷങ്ങൾ കഥകളി ആസ്വാദകർക്ക് മറക്കാനാവില്ല. കുചലവൃത്തം, ദുര്യാധനവധം, രുക്‌മിണിസ്വയംവരം തുടങ്ങിയ കഥകളിലെ കുഞ്ഞിരാമൻ നായരുടെ കൃഷ്‌ണവേഷങ്ങൾ പ്രസിദ്ധമാണ്.

മടയങ്കണ്ടിയിൽ ചാത്തുക്കുട്ടി നായരും കിണറ്റിൻകര കുഞ്ഞമ്മക്കുട്ടിയമ്മയുമാണ് മാതാപിതാക്കൾ. 1916 ജൂൺ 16നായിരുന്നു ജനനം. ചെങ്ങോട്ടുകാവ് എലിമെന്ററി സ്‌കൂളിലും ചെങ്ങോട്ടുകാവ് ഈസ്‌റ്റ് യുപി സ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം. നാലാം ക്ലാസു വരെയേ പഠനം തുടരാനായുള്ളു. കാർഷികവൃത്തി മുഖ്യമായി കണ്ടിരുന്ന കുടുംബത്തിൽ പിറന്ന കുഞ്ഞിരാമൻനായർ കലയുടെ പിന്നാലെ പോകുന്നതിനോട് വീട്ടുകാർക്ക് താത്പര്യമില്ലായിരുന്നു. 

പതിനഞ്ചാം വയസിൽ നാടുവിട്ട് മേപ്പയൂരിലെ രാധാകൃഷ്ണ കഥകളിയോഗത്തിൽ ചേർന്ന അദ്ദേഹം ഗുരു കരുണാകര മേനോന്റെ കീഴിലാണ് കഥകളി അഭ്യസിച്ചുതുടങ്ങിയത്. പ്രശസ്ത നർത്തകി ബാലചന്ദ്ര സരസ്വതി ഭായി, ഗുരു ഗോപിനാഥ്, കലാമണ്ഡലം മാധവൻനായർ തുടങ്ങിയവരുടെ കീഴിൽ ഭരതനാട്യമുൾപ്പെടെ ഭാരതീയ നൃത്തരൂപങ്ങളിലും പ്രാവീണ്യം നേടി. ഗുരു ഗോപിനാഥിനൊപ്പം കേരളനടനം എന്ന നൃത്തരൂപത്തിന്റെ രൂപകൽപനയിലും അവതരണത്തിലും സജീവമായി പ്രവർത്തിച്ചു.

കഥകളിയോടൊപ്പം നൃത്ത അധ്യാപനത്തിലും അദ്ദേഹം മലയാളത്തിനു നൽകിയ സംഭാവനകൾ വിലമതിക്കാനാവില്ല. ഗാന്ധിജിക്ക് തന്റെ സ്വർണാഭരണങ്ങൾ സംഭാവന നൽകി ശ്രദ്ധേയയായ കണ്ണൂർ ഗവ. ഗേൾസ് ഹൈസ്കൂൾ അധ്യാപികയായിരുന്ന കൗമുദി ടീച്ചർ ആണ് ഗുരു ചേമഞ്ചേരിയെ നൃത്ത അധ്യാപനത്തിലേക്ക് ആനയിക്കുന്നത്. 1931 മുതൽ നൃത്തഅധ്യാപനം ആരംഭിച്ച അദ്ദേഹം1944ൽ കണ്ണൂരിൽ ഭാരതീയ നൃത്തകലാലയം ആരംഭിച്ചു. 

ഉത്തരമലബാറിലെ ആദ്യത്തെ നൃത്തവിദ്യാലയമായിരുന്നു ഇത്. 1946ൽ തലശേരിയിൽ ഭാരതിയ നാട്യകലാലയവും മലബാർ സുകുമാരൻ ഭാഗവതർ ചേമഞ്ചേരി ശിവദാസ് എന്നിവരുടെ സഹായത്തോടെ 1974ൽ കോഴിക്കോട് പൂക്കാട് യുവജനകലാലയവും അദ്ദേഹം ആരംഭിച്ചു. പ്രഗത്ഭരും പ്രശസ്തരുമായ നിരവധി ശിഷ്യർ ഗുരുവിന് കീഴിൽ പഠിച്ചിറങ്ങി.

ഏറെക്കാലം നൃത്തനാടക രംഗത്തും നൃത്തപഠനത്തിലും മുഴുകിയപ്പോഴും ഗുരുവിന്റെ മനസ്സു മുഴുവൻ കഥകളിയായിരുന്നു. കഥകളിയുടെ ഉന്നമനം ലക്ഷ്യമിട്ട് ചേലിയയിലെ സ്വന്തം തറവാട്ടുവളപ്പിൽ 1983ലാണ് പ്രശസ്തമായ ചേലിയ കഥകളി വിദ്യാലയത്തിന് അദ്ദേഹം തുടക്കമിടുന്നത്. കേരളത്തിലെ പ്രമുഖ കലാവിദ്യാലയങ്ങളിൽ ഒന്നായി അത് മാറി. 

കഥകളിക്കൊപ്പം നൃത്തവും ഉപകരണസംഗീതവും ചേലിയയിൽ അഭ്യസിപ്പിക്കുന്നു. ലോകമെമ്പാടും കഥകളി അവതരിപ്പിക്കുന്ന പ്രഗത്ഭർ അണിനിരക്കുന്ന കഥകളി സംഘം ഈ കഥകളിവിദ്യാലയത്തിനുണ്ട്. കഥകളി പഠനശിബിരങ്ങളും ഇവിടെ നടത്തപ്പെടുന്നു. വടക്കൻ മലബാറിൽ കഥകളിയുടെ പ്രചാരം വർധിപ്പിക്കുന്നതിൽ ഈ സ്ഥാപനം വഹിക്കുന്ന പങ്ക് വളരെവലുതാണ്.

2017ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു. 1979ൽ നൃത്തത്തിനു സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. 1999ൽ കഥകളിക്കും നൃത്തത്തിനും കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, 2001ൽ കേരള കലാമണ്ഡലത്തിന്റെ വിശിഷ്‌ടസേവന പുരസ്‌കാരം, കലാമണ്ഡലം ഏർപ്പെടുത്തിയ കലാരത്നം അവാർഡ്, കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ വയോശ്രേഷ്ഠ പുരസ്കാരം തുടങ്ങിയ ബഹുമതികൾ ലഭിച്ചു.

സംഗീത നാടക അക്കാദമി എക്‌സിക്യൂട്ടിവ് അംഗം, കലാമണ്ഡലം നൃത്തവിഭാഗം പരീക്ഷകൻ, ദൂരദർശൻ ഒഡീഷൻ കമ്മിറ്റി അംഗം, വിശ്വകലാകേന്ദ്രം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലകളിൽ പ്രവൃത്തിച്ചു.

English Summary: Kathakali maestro Chemancheri Kunhiraman Nair  passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com