ADVERTISEMENT

കണ്ണൂർ ∙ നേമം മണ്ഡലത്തിലെ മത്സരമാണു ബിജെപിക്കെതിരായ തുറുപ്പുചീട്ടെന്നു പ്രചരിപ്പിക്കുന്ന കോൺഗ്രസ് മുൻ തിരഞ്ഞെടുപ്പിൽ അവിടെ ഒഴുകിപ്പോയ വോട്ടിനെക്കുറിച്ചാണു വ്യക്തമാക്കേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടുകൾ എങ്ങോട്ടു പോയെന്നു കോൺഗ്രസ് പറയണം. പോയ വോട്ടുകൾ തിരിച്ചുപിടിച്ചാലേ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് എത്തിയതിന്റെ ഏഴയലത്ത് എത്താൻ കോൺഗ്രസിനു കഴിയൂ. വർഗീയതയ്ക്കെതിരെയുള്ള പോരാട്ടം തിരഞ്ഞെടുപ്പുകാലത്തെ കൺകെട്ടു വിദ്യയല്ലെന്നും നിരന്തര പോരാട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേമത്തു കെ.മുരളീധരനെ ഇറക്കിയത് ഒത്തുകളിയുടെ ഭാഗമായാണോ എന്ന് വരുംദിവസങ്ങളിലെ വ്യക്തമാകൂ. നേമത്തു താമര വിരിയാൻ അവസരമൊരുക്കിയത് ആരായിരുന്നു എന്നു കേരളം കണ്ടതാണ്. സ്വന്തം വോട്ട് ബിജെപിക്കു കൊടുത്തു കോൺഗ്രസ് അവർക്ക് അവസരം ഉണ്ടാക്കി. യുഡിഎഫിനു നേമത്ത് 2011ൽ ലഭിച്ച വോട്ട് 2016ൽ ലഭിച്ചില്ല. 47,024 വോട്ടാണ് രണ്ടു തിരഞ്ഞെടുപ്പിലുമായി യുഡിഎഫിൽനിന്നു ചോർന്നത്. അത് ഒത്തുകളിയാണെന്നു വ്യക്തമാണ്. ആ തെറ്റ് ഏറ്റു പറയാന്‍ കോൺഗ്രസ് തയാറായിട്ടുണ്ടോ? കേരളത്തിന്റെ മതനിരപേക്ഷ മുഖം തകർക്കാനാണു കോൺഗ്രസ് കൂട്ടുനിന്നത്.

തിരുവനന്തപുരം കോർപറേഷനിലെ കോൺഗ്രസ് സീറ്റുകൾ എവിടെയാണു പോയത്? കോൺഗ്രസിന്റെ എല്ലാം ബിജെപിക്കു സമ്മാനിച്ച് അവരെ വളർത്തി. നേമത്തെ നെടുങ്കാട് ഡിവിഷനിൽ കോൺഗ്രസ് വോട്ട് 74 ആയി ചുരുങ്ങി. എന്നാൽ, വർഗീയ ശക്തികൾക്കെതിരെ എൽഡിഎഫ് ശക്തമായി പോരാടി. നേമത്ത് എൽഡിഎഫ് വോട്ട് വർധിച്ചു. 59,742 വോട്ട് കഴിഞ്ഞതവണ എൽഡിഎഫിന് ലഭിച്ചു. അപ്പോൾ എൽഡിഎഫാണ് നേമത്തെ ശക്തിയെന്നു വ്യക്തമാണ്. കോൺഗ്രസും ബിജെപിയും പരസ്പരം സഹായിക്കുകയാണ്. കേരളാതല ധാരണ യുഡിഎഫും ബിജെപിയും തമ്മിൽ ഉണ്ടാകുന്നതായി അനുഭവങ്ങളിലൂടെ വ്യക്തമാണ്.

ബിജെപി ഒരു ആരോപണം ഉന്നയിച്ചാൽ വൈകിട്ട് കോൺഗ്രസ് അതേ ആരോപണം ഉന്നയിക്കും. അതു നാട് ശ്രദ്ധിച്ചിട്ടുണ്ട്. പരസ്പര ധാരണയിലാണ് ഇരുവരുടേയും പ്രചാരണം. കേന്ദ്രസർക്കാരിനെതിരായ കർഷക സമരം നൂറു ദിവസം പിന്നിട്ടിട്ടും കോൺഗ്രസ് എംപിമാരിൽ എത്രപേർ സമരത്തിൽ പങ്കെടുക്കാൻ മനസ്സ് കാണിച്ചു? വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ജനപ്രതിനിധികൾ കൂട്ടത്തോടെ ബിജെപിയിലേക്കു പോകുകയാണ്. ജനാധിപത്യത്തെ ബിജെപി വിൽപ്പനചരക്കാക്കി. വിലയ്ക്കു വാങ്ങാൻ കഴിയുന്ന വസ്തുവായി കോൺഗ്രസ് ചുരുങ്ങി. എത്ര വില കൊടുക്കാനും ബിജെപി തയാറാണ്.

കോൺഗ്രസിന്റെ വിശ്വാസ്യതയ്ക്ക് ഇടിവു വന്നു. കോവിഡിന്റെ പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ വിതരണം ചെയ്ത പലവ്യഞ്ജന കിറ്റ് കേന്ദ്രപദ്ധതിയാണെന്ന പ്രചാരണം മുഖ്യമന്ത്രി നിഷേധിച്ചു. കിറ്റ് കേന്ദ്ര സർക്കാരിന്റേതാണെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും നൽകേണ്ടേ? ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു സംസ്ഥാന സർക്കാർ മുടങ്ങാതെ കിറ്റ് നൽകിയിട്ടുണ്ട്. പദ്ധതി സംസ്ഥാനത്തിന്റേതാണെങ്കിലും ജനങ്ങൾക്കു കിറ്റ് നൽകിയശേഷം ആ കിറ്റ് സംസ്ഥാന സർക്കാരിന്റേതാണെന്ന് അവകാശവാദം ഉന്നയിക്കാൻ പോയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

English Summary: CM Pinarayi Vijayan on Kerala Assembly Election 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com