ADVERTISEMENT

കോട്ടയം ∙ ബംപറടിച്ച സന്തോഷത്തിലാണു റബർ കൈയുറകൾ. തിരഞ്ഞെടുപ്പു കാലം വന്നതോടെ റബർ കൈയുറകൾക്ക് നല്ല ഡിമാൻഡാണ്. പ്രചാരണ വേളയിൽ കൈയുറകൾ കൂടുതലായി വേണമെന്നതാണു കാരണം. കോവിഡിനു ശേഷം റബർ മൂല്യവർധിത ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ കൂടിയിരുന്നു. അതിനു പുറമേയാണ് തിരഞ്ഞെടുപ്പിൽ കൂടുതൽ ആവശ്യക്കാർ എത്തുന്നത്.

കേരളത്തിനു പുറമേ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളായ തമിഴ്നാട്, ബംഗാൾ, അസം എന്നിവിടങ്ങളിൽനിന്നാണ് ഓർഡർ കൂടുതലായി ലഭിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങളിൽ ഉദ്യോഗസ്ഥരും സ്ഥാനാർഥികളും പ്രവർത്തകരും കൈയുറ ഉപയോഗിക്കും. തിരക്കു കൂടുന്നതിനാൽ പ്രചാരണ യോഗങ്ങളിലും മറ്റും സുരക്ഷയ്ക്കായി കൈയുറ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

കൈയുറ നിർമാണ കമ്പനികൾ കൂടുതലും കേരളത്തിലാണ്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കൈയുറകൾ, പരിശോധനയ്ക്ക് ഉപയോഗിക്കുന്ന കൈയുറകൾ എന്നീ രണ്ടു തരമാണ് വിപണിയിലെ താരം. ഇതിൽ വില കുറഞ്ഞ പരിശോധന കൈയുറയ്ക്കാണ് ആവശ്യക്കാർ ഏറിയത്. കോവിഡിനു ശേഷം മിക്ക സംസ്ഥാനങ്ങളിലും ഇത്തരം കമ്പനികൾ കൂടുതലായി പ്രവർത്തനം തുടങ്ങി. കേരളത്തിൽ പുതിയ കമ്പനികൾ ആരംഭിച്ചതിനു പുറമേ നിലവിലുള്ളവയുടെ ശേഷി വർധിപ്പിച്ചു.

പ്രതിദിനം ആറു ലക്ഷം ജോഡി കൈയുറ നിർമിച്ചിരുന്ന കമ്പനികൾ ഇപ്പോൾ 10 ലക്ഷത്തിലേറെ ജോഡി ഉൽപാദിപ്പിക്കുന്നുണ്ട്. മലേഷ്യയാണ് കൈയുറകളുടെ പ്രധാന ഉൽപാദകർ. ഇപ്പോൾ അവിടെനിന്ന് ഇറക്കുമതി കുറവാണ്. കൈയുറയ്ക്ക് ആവശ്യക്കാർ കൂടിയതിനൊപ്പം ലാറ്റക്സ് വില ഉയർന്നത് ഉൽപാദകർക്ക് തിരിച്ചടിയായി. കിലോയ്ക്ക് ശരാശരി 130 രൂപയോളമായിരുന്നു ലാറ്റക്സ് വില. ഇപ്പോൾ കിലോയ്ക്ക് 185 രൂപ കടന്നു.

English Summary: Gloves Sales Increased During Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com